---
title: "താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസിയെ വടകര റൂറല്‍ എസ് പി ഓഫീസിലെത്തിച്ചു"
english_title: "The expatriate who was abducted from Thamarassery was brought to Vadakara Rural SP office"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/109474/the-expatriate-who-was-abducted-from-thamarassery-was-brought-to-vadakara-rural-sp-office"
published_at: "2023-04-17T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d7534d5f35_shafi.jpg"
keywords: []
---

# താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസിയെ വടകര റൂറല്‍ എസ് പി ഓഫീസിലെത്തിച്ചു

> **Lead Summary:** **വടകര: ** കോഴിക്കോട് താമരശ്ശേരിയിൽ നിന്ന് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ വടകര റൂറല്‍ എസ് പി ഓഫീസിലെത്തിച്ചു. പത്ത് ദിവസം മുമ്പാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്.

## Article Content

**വടകര: ** കോഴിക്കോട് താമരശ്ശേരിയിൽ നിന്ന് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ വടകര റൂറല്‍ എസ് പി ഓഫീസിലെത്തിച്ചു. പത്ത് ദിവസം മുമ്പാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്.

കർണാടകയിൽ നിന്നാണ് ഷാഫിയെ കണ്ടെത്തിയത് എന്നാണ് ആദ്യം ലഭിച്ച വിവരം. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ദിവസങ്ങൾ നീണ്ട് നിന്ന ആശങ്കകൾക്കും ഊഹാപോഹങ്ങൾക്കും ഒടുവിൽ വിരാമം. കഴിഞ്ഞ 10 ദിവസത്തോളമായി ഗുണ്ടാ സംഘത്തിന്‍റെ പിടിയിലായിരുന്ന താമരശ്ശേരി പരപ്പൻ പൊയിൽ സ്വദേശി മുഹമ്മദ് ഷാഫിയെ ഒടുവിൽ വടകരയിലെത്തിച്ചു.

താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തിരച്ചിൽ തുടരുന്നതിനിടയാണ് ഇയാളെ കർണാടകയിൽ നിന്ന് കണ്ടെത്തിയത്.

എന്നാൽ തട്ടിക്കൊണ്ടുപോയത് ആരെന്നോ, എന്തിനെന്നോ പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഷാഫിയെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ എന്നാണ് പൊലീസ് പറയുന്നത്.

ഈ മാസം ഏഴിനാണ് താമരശ്ശേരി പരപ്പൻ പോയിലിലെ വീട്ടിൽനിന്ന് മുഹമ്മദ് ഷാഫിയെയും ഭാര്യയെയും മുഖംമൂടി ധരിച്ച് എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഭാര്യയെ വഴിയിൽ ഉപേക്ഷിച്ച് ശേഷം ഷാഫിയയുമായി സംഘം കടന്നു കളയുകയായിരുന്നു. സൗദി അറേബ്യ കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട തർക്കങ്ങളായിരുന്നു ഷാഫിയെ തട്ടിക്കൊണ്ട് പോകുന്നതിലേക്ക് നയിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/109474/the-expatriate-who-was-abducted-from-thamarassery-was-brought-to-vadakara-rural-sp-office)