---
title: " പെന്‍ഷന്‍ മുടങ്ങി; വാട്ടര്‍ അതോറിറ്റിയില്‍ ചരിത്രത്തില്‍ ആദ്യമായി പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധം             "
english_title: "the first time in history, pensions were suspended at the Water Authority Dharna led by Pensioners Congress"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/1098/the-first-time-in-history-pensions-were-suspended-at-the-water-authority-dharna-led-by-pensioners-congress"
published_at: "2021-10-04T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615ac4c62d516_pensionres congress .jpg"
keywords: []
---

#  പെന്‍ഷന്‍ മുടങ്ങി; വാട്ടര്‍ അതോറിറ്റിയില്‍ ചരിത്രത്തില്‍ ആദ്യമായി പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധം             

> **Lead Summary:** **വടകര:** സംസ്ഥാനത്ത് വാട്ടര്‍ അതോറിറ്റിയില്‍ പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് പെന്‍ഷനേഴ്‌സ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി വടകര ഡിവിഷന്‍ ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി.

## Article Content

**വടകര:** സംസ്ഥാനത്ത് വാട്ടര്‍ അതോറിറ്റിയില്‍ പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് പെന്‍ഷനേഴ്‌സ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി വടകര ഡിവിഷന്‍ ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി.

എല്ലാ മാസവും ഒന്നാം തിയ്യതി നല്‍കിയിരുന്ന പെന്‍ഷന്‍ ഈ മാസം വിതരണം നടത്തിയിട്ടില്ല. ചരിത്രത്തില്‍ ആദ്യമായാണ് പെന്‍ഷന്‍ മുടങ്ങുന്നത്. ധര്‍ണ്ണ ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. കെ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.

പി കെ രാമകൃഷ്ണന്‍,പി ദിനേശന്‍,എ ദാസന്‍,എ എം കുഞ്ഞിക്കണ്ണന്‍, ടി കെ രാജേന്ദ്രബാബു,പി സി ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് പി ഗോപാലന്‍,എം കെ ദാമോദരന്‍,വി ബാബുരാജ് എന്നിവര്‍ നേതൃത്വം നല്‍കി.

സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട് നോണ്‍ പ്ലാന്‍ ഗ്രാന്റ് ലഭിക്കാത്തതാണ് മുടക്കത്തിന് കാരണം. ഒമ്പതിനായിരത്തോളം പെന്‍ഷന്‍കാരാണ് വാട്ടര്‍ അതോറിറ്റിയിലുള്ളത്. രണ്ട് ഗഡു വാട്ടര്‍ അതോറിറ്റിക്ക് ലഭിക്കാനുണ്ട്. 23.27 കോടി രൂപയാണ് പെന്‍ഷന്‍ നല്‍കാന്‍ വേണ്ടത്. എന്നാല്‍ 22 കോടി മാത്രമെ സര്‍ക്കാര്‍ നല്‍കാറുള്ളൂഎന്നാല്‍ കഴിഞ്ഞ മാസം 9 കോടി രൂപ കുറച്ചാണ് നല്‍കിയതെന്നും വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്‌സ് കോണ്‍ഗ്രസ് ഭാരവാഹികള്‍ പറഞ്ഞു.

പെന്‍ഷന്‍ വിതരണം മുടങ്ങിയതോടെ പെന്‍ഷന്‍കാര്‍ ആശങ്കയിലാണ്. ഇത് മാത്രമല്ല നാല് വര്‍ഷം മുമ്പ് വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങലില്‍ പലതും ലഭിക്കാനുണ്ട്. 2018 ന് ശേഷം കമ്യൂട്ടേഷന്‍ വിതരണം ചെയ്തിട്ടില്ല. പെന്‍ഷനായ ആള്‍ മരിച്ചു പോയാല്‍ ആശ്രിതര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുകയുമില്ല. കൂടാതെ ഒന്നര വര്‍ഷമായി ഡി സി ആര്‍ ജി,പി എഫ് ക്ലോഷര്‍,ടെര്‍മിനല്‍ സറണ്ടര്‍ എന്നിവയും നല്‍കാനുണ്ട്.

പ്രോവിഡന്റ് ഫണ്ടില്‍ നിന്ന് വായ്പ കൃത്യമായി ലഭിക്കുന്നില്ലെന്നും പരാതി ഉണ്ട്. പെന്‍ഷന്‍ മുടങ്ങിയതില്‍ വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷനും ആശങ്ക പ്രകടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/1098/the-first-time-in-history-pensions-were-suspended-at-the-water-authority-dharna-led-by-pensioners-congress)