---
title: "യുവതിക്ക് മർദ്ദനമേറ്റ സംഭവത്തിൽ പൊലീസ് കാണിക്കുന്നത് കുറ്റകരമായ അനാസ്ഥ - കെ.കെ രമ എം.എൽ.എ"
english_title: "Police showing criminal negligence in assault of young woman - KK Rama MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/109848/police-showing-criminal-negligence-in-assault-of-young-woman-kk-rama-mla"
published_at: "2023-04-19T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643ff899ca4fd_mla.jpg"
keywords: []
---

# യുവതിക്ക് മർദ്ദനമേറ്റ സംഭവത്തിൽ പൊലീസ് കാണിക്കുന്നത് കുറ്റകരമായ അനാസ്ഥ - കെ.കെ രമ എം.എൽ.എ

> **Lead Summary:** ** വടകര:** കീഴൽ സ്വദേശിനിയായ യുവതിക്ക് നാദാപുരം ചാലപ്പുറത്തെ ഭർതൃവീട്ടിൽ വെച്ച് ക്രൂരമായ മർദ്ദനമേറ്റ സംഭവത്തിൽ നാദാപുരം പൊലിസ് കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് കെ.കെ രമ എം.എൽ.എ.

## Article Content

** വടകര:** കീഴൽ സ്വദേശിനിയായ യുവതിക്ക് നാദാപുരം ചാലപ്പുറത്തെ ഭർതൃവീട്ടിൽ വെച്ച് ക്രൂരമായ മർദ്ദനമേറ്റ സംഭവത്തിൽ നാദാപുരം പൊലിസ് കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് കെ.കെ രമ എം.എൽ.എ.

ഗുരുതരമായി പരിക്കേറ്റ ചെക്കോട്ടി ബസാറിൽ തട്ടാറത്ത് മീത്തൽ മൂസയുടെ മകൾ റുബീന (30)യെ വീട്ടിൽ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അവർ. ഏപ്രിൽ മൂന്നിനാണ് ചാലപ്പുറത്തെ കുന്നോത്ത് വീട്ടിൽ വെച്ച് ഭർത്താവും ഭർതൃസഹോദരൻമാരും ചേർന്ന് യുവതിയെ ക്രൂരമായി മർദ്ദിച്ചത്.

മുഖത്തും വയറിലുമെല്ലാം ബൂട്സിട്ട കാലുകൊണ്ട് ചവിട്ടി പരിക്കേൽപ്പിച്ചു. നാദാപുരം ചാലപ്പുറത്തു കുന്നോത്ത് ജാഫറിന്റെ ഭാര്യയാണ് റുബീന. ജാഫറിന്റെ വഴിവിട്ട ജീവിതം വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് തന്റെ കയ്യിൽ കിട്ടിയതാണ് ജാഫറിനെയും കുടുംബത്തെയും ചൊടിപ്പിച്ചതെന്നു റുബീന പറയുന്നു.

ഇത് തിരിച്ചു കിട്ടുന്നതിനായി ഭർത്താവ് ജാഫറും സഹോദരങ്ങളായ ജംഷീർ,ജസീർ എന്നിവരും ചേർന്ന് റുബീനയെ ഭർതൃപിതാവിന്റെയും മാതാവിന്റെയും സാന്നിധ്യത്തിൽ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പെൻഡ്രൈവ് തിരിച്ചു തന്നില്ലെങ്കിൽ തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മർദ്ദനമെന്നു റുബീന പറഞ്ഞു.

വിവരമറിഞ്ഞ റുബീനയുടെ വീട്ടുകാരുടെ തക്കസമയത്തെ ഇടപെടൽ കാരണമാണ് ജീവൻ തിരിച്ചു കിട്ടിയത്. തലയ്ക്കും ശരീരമാസകലവും സാരമായ പരിക്കേറ്റ റുബീന തുടർന്ന്  വടകര ജില്ലാ ആശുപത്രിയിലും, സഹകരണ ആശുപത്രിയിലും, കോഴിക്കോട് മെഡിക്കൽ കോളജിലും ദിവസങ്ങളോളം ചികിത്സയ്ക്ക് വിധേയായാവുകയായിരുന്നു.

ഇത്രയേറെ അക്രമത്തിനു വിധേയായിട്ടും പ്രതികളിൽ ഒരാളെപ്പോലും പിടികൂടാൻ ഈ ദിവസംവരെ നാദാപുരം പൊലീസ് തയ്യാറായില്ല എന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സ്ത്രീകൾക്കെതിരായ നടക്കുന്ന ഇത്തരം അക്രമങ്ങളോട് കേരള പൊലീസിന്റെ പൊതുസമീപനത്തിന്റെ തുടർച്ചയാണ് ഇവിടെയും കാണുന്നത്.

റൂറൽ എസ്.പിയെ നേരിൽ കണ്ടും വനിതാകമ്മീഷനും പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് റുബീനയുടെ കുടുംബം പറയുന്നത്. ഒരു പെൺകുട്ടിക്കെതിരെ സമാനതകളിലാത്ത അക്രമം നടത്തിയിട്ടും ജാമ്യം ലഭിക്കാവുന്ന വിധത്തിലുള്ള വകുപ്പുകൾ ചുമത്തി പ്രതികൾക്കുവേണ്ട സഹായം ചെയ്യുകയാണ് പൊലീസ് ചെയ്തതെന്ന് കുടുംബം പറയുന്നു.

താൻ നൽകിയ മൊഴികൾക്ക് വിരുദ്ധമായാണ്  പൊലീസ്  എഫ്.ഐ.ആർ തയ്യാറാക്കിയതെന്നുൾപ്പെടെയുള്ള ഗൗരവമുള്ള ആരോപണം പൊലീസിനെതിരെ കുടുംബം ഉന്നയിക്കുന്നുണ്ട്. ഇതുസംബന്ധിച്ചു ഉന്നത തല അന്വേഷണം നടത്തണമെന്നും പ്രതികളെ ഉടൻ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കെ.കെ.രമ എം.എൽ.എ പറഞ്ഞു.

യു.ഡി.എഫ് നേതാക്കളായ അഡ്വ ഇല്യാസ് പി.ടി, ഷാനിഷ്കുമാർ, അഷ്റഫ് കോറോത്ത്, നൈസാം രാജഗിരി, ഇൻസാഫ് പാറക്കൂൽ, സറീന കേളോത്ത്, ശാലിനി, സുബൈദ കൂയ്യടിയിൽ, ധന്യ, സുബിഷ, സനിയ എം.കെ,ബുഷ്റ ഇബ്രാഹിം അൽഫജർ,ഷഹീന അഷ്റഫ് കോറോത്ത്, നസ്രിയ കുഞ്ഞിമൊയ്തു പി കെ എന്നിവരും ഒപ്പമുണ്ടായിരുന്നു . 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/109848/police-showing-criminal-negligence-in-assault-of-young-woman-kk-rama-mla)