---
title: "നഗരസഭയുടെ പാർക്കിങ്ങിന് ഫീസ് ; പ്രതിഷേധവുമായി ആർ.എം.പി.ഐ"
english_title: "Fees for municipal parking; RMPI protested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/110846/fees-for-municipal-parking-rmpi-protested"
published_at: "2023-04-25T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644771e6da8b5_rmpa.jpg"
keywords: []
---

# നഗരസഭയുടെ പാർക്കിങ്ങിന് ഫീസ് ; പ്രതിഷേധവുമായി ആർ.എം.പി.ഐ

> **Lead Summary:** **വടകര : **പഴയ ബസ് സ്റ്റാൻഡിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിൽ മുത്തപ്പൻ ക്ഷേത്രം മുതൽ ആർ.എം.എസ് ഓഫീസ് വരെയുള്ള ഭാഗത്ത് കാൽനട യാത്രപോലും പ്രയാസത്തിലാക്കി റോഡരികിൽ പണം വാങ്ങി പാർക്കിങ്ങ് നടത്തുന്ന നഗരസഭയുടെ കൊള്ളക്കെതിരെ ആർ.എം.പി.ഐ വടകര ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി.

## Article Content

**വടകര : **പഴയ ബസ് സ്റ്റാൻഡിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിൽ മുത്തപ്പൻ ക്ഷേത്രം മുതൽ ആർ.എം.എസ് ഓഫീസ് വരെയുള്ള ഭാഗത്ത് കാൽനട യാത്രപോലും പ്രയാസത്തിലാക്കി റോഡരികിൽ പണം വാങ്ങി പാർക്കിങ്ങ് നടത്തുന്ന നഗരസഭയുടെ കൊള്ളക്കെതിരെ ആർ.എം.പി.ഐ വടകര ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി.

പ്രവർത്തകർ നഗരസഭ ഓഫീസ് ഉപരോധിച്ചു. തുടർന്ന് സെക്രട്ടറിയുമായി സംസാരിച്ചു. റോഡരികിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തി നടത്തുന്ന പാർക്കിങ്ങ് ഫീസ് ഇനിമുതൽ അനുവദിക്കില്ലെന്ന് സമരക്കാർ പറഞ്ഞു.

ഇക്കാര്യം നഗരസഭ കൗൺസിൽ എടുത്തതാണെന്നും സമരക്കാരുടെ ആവശ്യം കൗൺസിലിനെ അറിയിക്കുമെന്നും സെക്രട്ടറി ഉറപ്പുനൽകി. നഗരസഭ ഓഫീസ് കവാടം ഉപരോധിച്ചുള്ള ധർണ ആർ.എം.പി.ഐ ജില്ലാ സെക്രട്ടറി കുളങ്ങര ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

നഗരസഭ ഇവിടെ നടത്തുന്ന പാർക്കിങ്ങ് ഫീസ് പരീക്ഷണമാണെന്നും ഇത് ക്രമേണ നഗരം മുഴുവൻ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇന്നുമുതൽ ഈ റോഡിൽ പാർക്കിങ്ങ് ഫീസ് പിരിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റോഡരികിൽ വാഹനങ്ങൾ നിർത്തുന്നത് കാരണം ഗതാഗത തടസമുണ്ടാകുന്നു എന്ന പേരുപറഞ്ഞാണ് പണം വാങ്ങി നിയമവിരുദ്ധ പരിഷ്‌കാരം നടത്താൻ നഗരസഭ ഇറങ്ങിതിരിച്ചിരിക്കുന്നത്.

ഏതുവിധേനയും ജനങ്ങളുടെ പണം പിടുങ്ങണമെന്ന ഒറ്റ ബുദ്ധിയിൽ പ്രവർത്തിക്കുന്ന അധികാരികളെ നിലയ്ക്കുനിർത്താൻ ജനകീയപ്രക്ഷോഭത്തിന് ആർ.എം.പി.ഐ നേതൃത്വം നൽകും.

പൗരസ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്ന നഗരസഭയുടെ തീരുമാനം ഇന്നുമുതൽ ബഹിഷ്‌കരിക്കുകയാണ്. ആർ.റിജു, ഇ.കെ പ്രദീപൻ സംസാരിച്ചു.

തുടർന്ന് പാർക്കിങ്ങ് സ്ഥലത്തെ ബോർഡുകളും ബാരിക്കേഡുകളും സമരക്കാർ എടുത്തുമാറ്റി. പാർക്കിങ്ങ് കരാറുകാരനോട് ഇന്നുമുതൽ ഫീസ് പിരിച്ചാൽ തടയുമെന്ന് മുന്നറിയിപ്പ് നൽകി. ഇ. കെ വത്സരാജ്, ശരണ്യ വാഴയിൽ, മനോജ് കുമാർ, രതീഷ് വരിക്കോത്ത്, വിനോദ് കുമാർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/110846/fees-for-municipal-parking-rmpi-protested)