---
title: "ബീച്ച് ഫെസ്റ്റ് നാട്ടുകാർക്ക് ദുരിതം; സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന ഫെസ്റ്റ് നിർത്തിവെക്കണം - മുസ്ലിംലീഗ് "
english_title: "Beach fest woes for locals; Festival which denies freedom of movement should be stopped - Muslim League"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/110970/beach-fest-woes-for-locals-festival-which-denies-freedom-of-movement-should-be-stopped-muslim-league"
published_at: "2023-04-25T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6447edec95a43_vadakarabeach.jpg"
keywords: []
---

# ബീച്ച് ഫെസ്റ്റ് നാട്ടുകാർക്ക് ദുരിതം; സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന ഫെസ്റ്റ് നിർത്തിവെക്കണം - മുസ്ലിംലീഗ് 

> **Lead Summary:** **വടകര:** വടകര നഗരസഭയിലെ 40-ാം വാർഡായ അഴിത്തല - സാൻഡ്ബാങ്ക്സിൽ വീണ്ടും ഒരു ബീച്ച് ഫെസ്റ്റ് എന്ന പേരിൽ എക്സിബിഷൻ നടക്കുന്നത് നാട്ടുകാർക്ക് ദുരിതം തീർത്തിരിക്കുകയാണ്. ഇതിന് മുമ്പ് രണ്ട് തവണ ഇത്തരം പരിപാടികൾ നടന്നപ്പോഴൊക്കെയും മൂവായിരത്തിലധികം വരുന്ന ഈ പ്രദേശത്തെ നിവാസികൾ കാൽനടയാത്രയ്ക്ക് പോലും സാധിക്കാതെ കടുത്ത ദുരിതത്തിലകപ്പെടുകയാണ് ചെയ്തിട്ടുള്ളത്.

## Article Content

**വടകര:** വടകര നഗരസഭയിലെ 40-ാം വാർഡായ അഴിത്തല - സാൻഡ്ബാങ്ക്സിൽ വീണ്ടും ഒരു ബീച്ച് ഫെസ്റ്റ് എന്ന പേരിൽ എക്സിബിഷൻ നടക്കുന്നത് നാട്ടുകാർക്ക് ദുരിതം തീർത്തിരിക്കുകയാണ്. ഇതിന് മുമ്പ് രണ്ട് തവണ ഇത്തരം പരിപാടികൾ നടന്നപ്പോഴൊക്കെയും മൂവായിരത്തിലധികം വരുന്ന ഈ പ്രദേശത്തെ നിവാസികൾ കാൽനടയാത്രയ്ക്ക് പോലും സാധിക്കാതെ കടുത്ത ദുരിതത്തിലകപ്പെടുകയാണ് ചെയ്തിട്ടുള്ളത്.

സാൻഡ്ബാങ്ക്സ് ബീച്ചിൽ ദിവസേന എത്തുന്നത് ആയിരത്തിലേറെ സഞ്ചാരികളാണ്. കൂടാതെ ഇവരുടെ നൂറ് കണക്കിന് വാഹനങ്ങളും കൂടിയാകുമ്പോൾ മതിയായ പാർക്കിങ്ങ് സൗകര്യം പോലുമില്ലാത്ത ഇവിടെ ജനനിബിഡമാകുകയാണ്.

വടകര തീരത്തെ അഞ്ഞൂറിലധികം മത്സ്യതൊഴിലാളികൾ അവരുടെ ഉപജീവന ആവശ്യാർത്ഥം എത്തിച്ചേരുന്നതും നൂറ്കണക്കിന് മത്സ്യഅനുബന്ധ തൊഴിലാളികളും മത്സ്യ കച്ചവടക്കാരും അതുപോലെ മത്സ്യം കയറ്റുന്ന വലിയ വാഹനങ്ങളും ഉൾപ്പെടെ തിങ്ങിനിറഞ്ഞ നഗരസഭ ഫിഷ്ലാൻഡിങ്ങ് സെന്റർ തൊട്ടടുത്തുമായി സ്ഥിതിചെയ്യുകയാണ്.

ഗതാഗത കുരുക്ക് മൂലം അത്യാഹിത വാഹനങ്ങൾക്ക് പോലും കടന്ന് പോകാൻ പറ്റാത്തത് പൊലീസ് ഉദ്യോഗസ്ഥരെ പോലും പലപ്പോഴും നിസ്സാഹയാരാക്കിയിട്ടുണ്ട്.

സാന്റ്ബാങ്ക്സിലേക്കെത്താനും അവിടുന്ന് തിരിച്ച് പോകാനും രണ്ടാമതൊരു റോഡോ മറ്റു ബദൽ മാർഗ്ഗങ്ങളൊ ഇല്ലാത്തതിനാൽ കഴിഞ്ഞ ഡിസംബറിൽ നടത്തിയ ബീച്ച് ഫെസ്റ്റ് പരിപാടിക്കിടെ കടലിൽ അപകടത്തിൽ മരണപ്പെട്ട ഫൈജാസ് എന്ന മത്സ്യതൊഴിലാളിയെ തെരച്ചിൽ നടത്തുമ്പോഴും ഫിഷ്ലാൻഡിങ്ങ് സെന്ററിലേക്ക് ആംബുലൻസും ഫയർ & റെസ്ക്യൂ വാഹനങ്ങളും എത്തിപ്പെടാനും മറ്റു വാഹനങ്ങളെ സാൻഡ്ബാങ്ക്സിൽ നിന്നും ഒഴിപ്പിക്കാനും മൂന്ന് മണിക്കൂറിലേറെയാണ് പൊലീസും മത്സ്യതൊഴിലാളികളും നാട്ടുകാരുമടക്കം ശ്രമകരമായി ചെലവഴിച്ചത്.

ഇരുപതിലേറെ ക്യാൻസർ, ഡയാലിസിസ്, പക്ഷാഘാതം, ആസ്ത്മ അടക്കമുള്ള അത്യാഹിത രോഗികളായവർക്ക് പെട്ടെന്ന് ഒരു ആംബുലൻസ് സൗകര്യം ലഭിക്കാൻ പറ്റാത്തത്ര ഗുരുതരമായ ഗതാഗത കുരുക്കാണ് ഈ ബീച്ച് ഫെസ്റ്റിനോടെ ഇവിടെ ഉണ്ടായിട്ടുള്ളത്. പ്രദേശത്തെ ഈ തിരക്കുകൾ അനിയന്ത്രിതമായി തുടരുമ്പോഴാണ് സാൻഡ്ബാങ്ക്സിൽ വീണ്ടുമൊരു ബീച്ച്ഫെസ്റ്റ് നടക്കുന്നത്.

കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ രണ്ടാമത്തെ പരിപാടിയാണിത്. ഇത് നിലവിലുള്ള തിരക്കുകൾ വർദ്ധിപ്പിക്കുന്നതിനും പ്രദേശവാസികൾക്ക് കാൽനടയാത്ര പോലും ദുഷ്കരമാക്കുന്നതും കഴിഞ്ഞ നാളുകളിൽ പൊലീസ് അടക്കമുള്ള അധികാരികൾക്ക് ബോധ്യപ്പെട്ടതുമാണ്.

ചില സ്വകാര്യ കച്ചവടക്കാർ ബിനാമികളെ മുന്നിൽ നിർത്തി നടത്തുന്ന ഈ പരിപാടി മൂലം രോഗികളായവരും അല്ലാത്തവരുമായ നാട്ടുകാർ ഇതിന്റെ ദുരിതം സഹിക്കാനാവാതെ തെരുവിലിറങ്ങുന്ന അവസ്ഥയാണുള്ളത്.

സാൻഡ്ബാങ്ക്സിൽ ബീച്ച് ഫെസ്റ്റ് എന്ന പേരിൽ നടക്കുന്ന എക്സിബിഷനുകൾ നിർത്തണമെന്ന് മുസ്ലിംലീഗ് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ കലക്ടർ, റവന്യൂ ഡിവിഷണൽ ഓഫീസർ, വടകര തഹസിൽദാർ, വടകര നഗരസഭ ചെയർപേഴ്സൺ, നഗരസഭ സെക്രട്ടറി, വടകര പൊലീസ്, വടകര ട്രാഫിക് പൊലീസ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/110970/beach-fest-woes-for-locals-festival-which-denies-freedom-of-movement-should-be-stopped-muslim-league)