---
title: "കെട്ടിട നികുതി വർധനവിനും കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർധനവിനുമെതിരെ യുഡിഎഫ് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി"
english_title: "UDF staged protest march and dharna against increase in building tax and increase in building permit fee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/111140/udf-staged-protest-march-and-dharna-against-increase-in-building-tax-and-increase-in-building-permit-fee"
published_at: "2023-04-26T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64490af18edde_muralidharan.jpg"
keywords: []
---

# കെട്ടിട നികുതി വർധനവിനും കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർധനവിനുമെതിരെ യുഡിഎഫ് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

> **Lead Summary:** ** വടകര : **കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനദ്രോഹ ഭരണത്തിൽ മത്സരിക്കുകയാണെന്നും മോഡിയും പിണറായിയും പരസ്പരം പൂരകങ്ങളാണെന്നും തൊട്ടതിനും പിടിച്ചതിനും വിലവർധിപ്പിക്കുന്നതിൽ മോഡിയുടെ മുന്നിൽ അനുസരണയുള്ള ഭക്തനാണ് പിണറായിയെന്നും കെ മുരളീധരൻ പറഞ്ഞു.

## Article Content

** വടകര : **കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനദ്രോഹ ഭരണത്തിൽ മത്സരിക്കുകയാണെന്നും മോഡിയും പിണറായിയും പരസ്പരം പൂരകങ്ങളാണെന്നും തൊട്ടതിനും പിടിച്ചതിനും വിലവർധിപ്പിക്കുന്നതിൽ മോഡിയുടെ മുന്നിൽ അനുസരണയുള്ള ഭക്തനാണ് പിണറായിയെന്നും കെ മുരളീധരൻ പറഞ്ഞു.

സിൽവർ ലൈൻ കൊണ്ടു വരുമെന്ന് കേരളത്തിലെ ജനങ്ങളുടെ മുന്നിൽ വീമ്പ് പറഞ്ഞ പിണറായി മോഡിയുടെ മുന്നിൽ സിൽവർ ലൈൻ എന്ന ഒരു വാചകം പോലും പറഞ്ഞില്ലെന്നും പ്രധാനമന്ത്രിക്ക് അനുസരണയുള്ള നല്ല കുട്ടിയായാണ് ഇന്നലെ കണ്ടതെന്നും രണ്ടു പേരും ചേർന്ന് ചാർജ്ജ് കൂട്ടുന്ന തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു.

എ ഐ ക്യാമറ സ്ഥാപിച്ചത് നിയമ ലംഘനം കണ്ടെത്താനാണ് എന്നാൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിഐപികൾക്കും മുന്നിൽ കണ്ണടയുന്ന എ ഐ ക്യാമറകളിലും അഴിമതി നടത്തിയ കൊള്ള സർക്കാരാണിതെന്നും സാധരണ ജനത്തിന്റെ നികുതി വർധിപ്പിച്ചും പെർമിറ്റ് ഫീസ് വർധിപ്പിച്ചും ദ്രോഹിക്കുന്ന നടപടിക്കെതിരെ യുഡിഎഫ് ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാർ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ ഭവന നിർമാണ പെർമിറ്റ് അപേക്ഷ ഫീ ഇനത്തിലും കെട്ടിട നികുതിയിലും വർധനവ് വരുത്തിയതിൽ സംസ്ഥാന വ്യാപകമായി യുഡിഎഫ് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ നടത്തുന്ന ധർണ്ണയുടെ ഭാഗമായി വടകര മുനിസിപ്പൽ ഏരിയ യുഡിഎഫ് കമ്മിറ്റി വടകര നഗരസഭ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നഗരസഭ കവാടത്തിന് മുന്നിൽ നടത്തിയ ധർണ്ണയിൽ എൻ പി അബ്ദുള്ള ഹാജി അദ്ധ്യക്ഷനായി. കോട്ടയിൽ രാധാകൃഷ്ണൻ, എം പി അബ്ദുൽകരീം, അഡ്വ. ഇ നാരായണൻ നായർ, പ്രൊഫ. കെ കെ മഹമൂദ്, പുറന്തോടത്ത് സുകുമാരൻ, നഗരസഭ കൗൺസിലർ പി വി ഹാഷിം, പറമ്പത്ത് ദാമോദരൻ, എം ഫൈസൽ, വി ഫൈസൽ, പി കെസി അഫ്സൽ, എന്നിവർ സംസാരിച്ചു. നടക്കൽ വിശ്വൻ സ്വാഗതവും പികെസി റഷീദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/111140/udf-staged-protest-march-and-dharna-against-increase-in-building-tax-and-increase-in-building-permit-fee)