---
title: "എം.പി യെയും എം.എൽ.എ യെയും ക്ഷണിച്ചില്ല; വടകര ജില്ലാ ആശുപത്രി കെട്ടിടോദ്ഘാടനം യു.ഡി.എഫും ആർ.എം.പി.ഐയും ബഹിഷ്‌കരിക്കും "
english_title: "MP and MLA were not invited; UDAF and RMPI to boycott Vadakara District Hospital inauguration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/111327/mp-and-mla-were-not-invited-udaf-and-rmpi-to-boycott-vadakara-district-hospital-inauguration"
published_at: "2023-04-27T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a61524718b_vadakara_press.jpg"
keywords: []
---

# എം.പി യെയും എം.എൽ.എ യെയും ക്ഷണിച്ചില്ല; വടകര ജില്ലാ ആശുപത്രി കെട്ടിടോദ്ഘാടനം യു.ഡി.എഫും ആർ.എം.പി.ഐയും ബഹിഷ്‌കരിക്കും 

> **Lead Summary:** **വടകര: **നബാർഡ് ഫണ്ടിൽ നിന്നും വടകര ജില്ലാ ആശുപത്രിക്കായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സ്ഥലം എം.പിയും എം.എൽ.എയും ആശുപത്രി സ്ഥിതിചെയ്യുന്ന രണ്ടു വാർഡുകളിലെ കൗൺസിലർമാരും യു.ഡി.എഫ്, ആർ.എം.പി.ഐ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, എച്ച്.എം.സി അംഗങ്ങളും വിട്ടുനിൽകുന്നതായി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**വടകര: **നബാർഡ് ഫണ്ടിൽ നിന്നും വടകര ജില്ലാ ആശുപത്രിക്കായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സ്ഥലം എം.പിയും എം.എൽ.എയും ആശുപത്രി സ്ഥിതിചെയ്യുന്ന രണ്ടു വാർഡുകളിലെ കൗൺസിലർമാരും യു.ഡി.എഫ്, ആർ.എം.പി.ഐ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, എച്ച്.എം.സി അംഗങ്ങളും വിട്ടുനിൽകുന്നതായി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രണ്ടു മന്ത്രിമാർ പങ്കെടുക്കുന്ന ആശുപത്രി കെട്ടിടോദ്ഘാടനത്തിൽ മുഖ്യാതിഥികളായി എം.പിയുടെയും, എം.എൽ.എയുടെയും പേരുൾപ്പെടുത്തുകയല്ലാതെ ഈ സമയംവരെ ഇവരെ ഔദ്യോഗികമായി ചടങ്ങിലേക്ക് ക്ഷണിക്കാനോ, പരിപാടിയുടെ വിശദാംശങ്ങൾ പങ്കുവെക്കാനോ ജില്ലാ പഞ്ചായത്തോ ബന്ധപ്പെട്ടവരോ തയ്യാറാവാത്തതിൽ പ്രതിഷേധിച്ചാണ് ചടങ്ങു ബഹിഷ്‌കരിക്കാനുള്ള തീരുമാനമെന്നും നേതാക്കൾ പറഞ്ഞു.

കഴിഞ്ഞ ഏപ്രിൽ 20 നു ചേർന്ന അടിയന്തിര ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയിലാണ് ഏപ്രിൽ 28 നടക്കാൻ പോകുന്ന കെട്ടിടോദ്ഘടന ചടങ്ങിനെ കുറിച്ച് ജില്ലാ പഞ്ചായത്ത് അറിയിക്കുന്നത്. രണ്ടു മന്ത്രിമാർ പങ്കെടുക്കുന്ന വലിയ ചടങ്ങായതിനാൽ രാഷ്ട്രീയപാർട്ടി നേതാക്കളെയും ജനപ്രതിനിധികളെയും ഇതര സന്നദ്ധ സംഘടനകളെയുമെല്ലാം ഉൾപ്പെടുത്തി വിപുലമായ സംഘാടകസമിതി ചേരേണ്ടതാണെന്ന അഭിപ്രായത്തെ ജില്ലാ പഞ്ചായത്ത് തള്ളിക്കളയുകയും എച്ച്.എം.സി യോഗം തന്നെ സംഘാടകസമിതി യോഗമെന്ന പേരിൽ നടത്തുകയുമായിരുന്നു.

കേന്ദ്ര സർക്കാറിന്റെ അധീനതയിലുള്ള നബാർഡ് ഫണ്ടിൽ നിർമ്മിച്ച കെട്ടിടമായിട്ട് പോലും സ്ഥലം എം.പിയുമായി ഇതുസംബന്ധിച്ചു ഒരാലോചനപോലും നടത്തിയില്ല എന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. എം.പിയെയും എം.എൽ.എയെയും നേരിൽ വിളിച്ചു ഉദ്ഘാടന ചടങ്ങു സംബന്ധിച്ചു സംസാരിക്കാൻ ആ എച്ച്.എം.സി യോഗത്തിൽ തീരുമാനമായെങ്കിലും ഈ സമയം വരെ അദ്ദേഹത്തെ വിളിക്കാനോ പരിപാടിയിലേക്ക് ക്ഷണിക്കാനോ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല.

എം.പിക്ക് ഔദ്യോഗികമായി ഒരറിയിപ്പും നൽകാതെയാണ് അദ്ദേഹത്തിന്റെ പേര് പ്രോഗ്രാം നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനാണ്. ജില്ലാപഞ്ചായത്തിന്റെ ഈ തെറ്റായ സമീപനത്തിനെതിരെ എം.പി നബാർഡ് ചെയർമാനും, കേന്ദ്ര കൃഷി വകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

കെ.കെ.രമ എം.എൽ.എയായി ചുമതലയേറ്റത്തിന് ശേഷം ഇങ്ങോട്ട് തങ്ങൾക്കു സ്വാധീനമുള്ള ഇടങ്ങളിലെ ഔദ്യോഗിക പരിപാടികളിൽ നിന്നും അവരെ അവഗണിക്കുക എന്നത് സി.പി.എം സ്വീകരിച്ചുവരുന്ന രാഷ്ട്രീയ നിലപാടായി തുടരുകയാണ്. അതിന്റെ അവസാന ഉദാഹരണമാണ് ഈ കെട്ടിടോഘടനത്തിന്റെ ഭാഗമായും കാണുന്നത്.

ഒരു ഘട്ടത്തിൽ ആശുപത്രി കെട്ടിടത്തിന്റെ പ്രവൃത്തികൾ പൂർത്തീകരിക്കപ്പെടുന്നതിനു പലതരം പ്രതിസന്ധികൾ ഉണ്ടായപ്പോഴൊക്കെ സ്ഥലം എം.എൽ.എ എന്ന നിലയിൽ നിരന്തരം അത്തരം പ്രശ്‌നപരിഹാരങ്ങൾക്കായി ഇടപെടുകയും തിരുവന്തപുരത്തുൾപ്പെടെ പൊതുമരാമത്തു മന്ത്രിയുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥതതല പ്രത്യേക യോഗം ചേർന്ന് നടപടികൾ സ്വീകരിച്ചതിന്റെയുമൊക്കെ തുടർച്ചയായാണ് ഇപ്പോൾ ഈ പുതിയ കെട്ടിടമെന്ന വടകര ജനതയുടെ സ്വപ്നം യാഥാർഥ്യമാകുന്നത്.

എന്നാൽ ബാലിശമായ രാഷ്ട്രീയ വൈരത്തിൽ ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനത്തിൽനിന്നും എം.എൽ.എയെ മാറ്റി നിർത്തു്‌ന തരത്തിലുള്ള അവസ്ഥയാണ് ഉള്ളത്. ജനപ്രതിനിധിയെന്നാൽ എല്ലാ വിഭാഗത്തിന്റെതുമാണെന്ന പ്രാഥമിക ജനാധിപത്യ പാഠംപോലും മറക്കുകയാണ് ഇക്കൂട്ടർ.

ആരോഗ്യ വകുപ്പുമന്ത്രി ചടങ്ങിൽ എത്തിച്ചേരുമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ച അറിയിപ്പല്ലാതെ ഔദ്യോഗകമായി എം.എൽ.എയെ പരിപാടിയിൽ ക്ഷണിക്കുകപോലും ചെയ്യാതെ മറ്റിനിർത്താനാണ് ജില്ലാ പഞ്ചായത്തും സംഘാടകരും ശ്രമിച്ചത്. ഒടുവിൽ പ്രതിപക്ഷ പാർട്ടികളുടെ വിയോജിപ്പ് കണക്കിലെടുത്ത് ഇന്ന് (27-04-2023) രാവിലെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.എൽ.എയെ ചടങ്ങിലേക്ക് ക്ഷണിക്കാൻ തയ്യാറായത്.

ഇത് പദവിയെ അപമാനിക്കലല്ലാതെ മറ്റൊന്നുമല്ല. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ജില്ലാ ആശുപത്രിയിൽ കാലങ്ങളായി നടക്കുന്ന വിവിധ തരം ക്രമക്കേടുകളും സ്വജനപക്ഷപാതവും ചൂണ്ടിക്കാണിച്ചതുനുള്ള പ്രതികാരമാണ് പ്രതിപക്ഷ നേതാക്കളോടും ജനപ്രതിനിധികളോടുമുള്ളത്. ജനകീയ വിഷയങ്ങളിലും വികസനകാര്യങ്ങളിലും എന്നും ജനങ്ങൾക്കൊപ്പം നിന്നിട്ടുള്ള എം.പിയേയും എം.എൾ.എയെയും ഈ നാട്ടിലെ സാമാന്യ ജനത്തിനറിയാം.

ഏതെങ്കിലുമൊരു ചടങ്ങിൽ അവഹേളിച്ചാൽ തകരുന്നതല്ല അവരുടെ നിലപാടുകളും രാഷ്ട്രീയവുമെന്ന് ഇവർ മനസിലാക്കുന്നത് നന്ന്. ജില്ലാ ആശുപത്രിയുടെ ഉദ്ഘാടനത്തിൽ സ്ഥലത്തെ രാഷ്ട്രീയ പാർട്ടി നേതൃത്വത്തെ ക്ഷണിക്കാതെ എച്ച്.എം.സി അംഗങ്ങൾക്കുമാത്രം ക്ഷണം നൽകിയതും പ്രതിഷേധാർഹമാണ്.

സങ്കുചിത രാഷ്ട്രീയ താൽപര്യത്താൽ ഇവർ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങളുടെ വിഷയങ്ങളിൽ ഇടപെടുന്നതിനോ വികസനകാര്യങ്ങളുടെ നേതൃത്വമാകുന്നതിനോ ജനപ്രതിനിധികൾ എന്ന നിലയിൽ എം.പിക്കും എം.എൽ.എയ്ക്കും തടസമാകില്ല.

പഴയകാലങ്ങളിലെ എന്നപോലെ ജില്ലാ ആശുപത്രിയുടെ പുരോഗതിക്കും, ദൈനംദിന പ്രവർത്തനങ്ങളിലും യു.ഡി.എഫും ജനപ്രതിനിധികളും പക്ഷപാതിത്വമില്ലാതെ ഇടപെടുമെന്ന് ജനങ്ങളെ അറിയിക്കുകയാണും കോട്ടയിൽ രാധാകൃഷ്ണൻ, എം.സി വടകര, കുളങ്ങര ചന്ദ്രൻ, പുറന്തോട്ടത്തിൽ സുകുമാരൻ, എൻ,പി അബ്ദുല്ല ഹാജി, പി.പി ജാഫർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/111327/mp-and-mla-were-not-invited-udaf-and-rmpi-to-boycott-vadakara-district-hospital-inauguration)