---
title: "ലോകോത്തര ചികിത്സയും അത്യാധുനിക സംവിധാനങ്ങളും; തീവ്രപരിചരണത്തിൽ ‌അതിതീവ്ര ജാഗ്രതയുമായി പാർക്കോ"
english_title: "Parko with extreme caution in intensive care"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/111960/parko-with-extreme-caution-in-intensive-care"
published_at: "2023-05-01T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644fb277e3398_parco1.jpg"
keywords: []
---

# ലോകോത്തര ചികിത്സയും അത്യാധുനിക സംവിധാനങ്ങളും; തീവ്രപരിചരണത്തിൽ ‌അതിതീവ്ര ജാഗ്രതയുമായി പാർക്കോ

> **Lead Summary:** **വടകര:** ഒരു രോഗത്തിന് ചികിത്സ തേടിപ്പോയി മറ്റൊരു രോഗവുമായി ആശുപത്രികളിൽ നിന്ന് മടങ്ങുന്ന അനുഭവങ്ങൾ ഇന്ന് വിരളമല്ല. ശസ്ത്രക്രിയയുടെ മുറിവുകൾ ഉണങ്ങാത്തതും പഴുക്കുന്നതും അത്യപൂർവ്വവുമല്ല. ഇന്റൻസിവ് കെയർ യൂണിറ്റുകൾ, ഓപ്പറേഷൻ തിയറ്ററുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ, വാർഡുകൾ തുടങ്ങിയവ പൂർണ്ണമായും അണുവിമുക്തമല്ലാത്തതും വിദഗ്ദ്ധ പരിശീലനം ലഭിച്ചവരുടെ അഭാവവുമാണ് ഇതിന് കാരണം.

## Article Content

**വടകര:** ഒരു രോഗത്തിന് ചികിത്സ തേടിപ്പോയി മറ്റൊരു രോഗവുമായി ആശുപത്രികളിൽ നിന്ന് മടങ്ങുന്ന അനുഭവങ്ങൾ ഇന്ന് വിരളമല്ല. ശസ്ത്രക്രിയയുടെ മുറിവുകൾ ഉണങ്ങാത്തതും പഴുക്കുന്നതും അത്യപൂർവ്വവുമല്ല. ഇന്റൻസിവ് കെയർ യൂണിറ്റുകൾ, ഓപ്പറേഷൻ തിയറ്ററുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ, വാർഡുകൾ തുടങ്ങിയവ പൂർണ്ണമായും അണുവിമുക്തമല്ലാത്തതും വിദഗ്ദ്ധ പരിശീലനം ലഭിച്ചവരുടെ അഭാവവുമാണ് ഇതിന് കാരണം.

ഓരോ ആശുപത്രിയും നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഹെൽത്ത് കെയർ അസോസിയേറ്റഡ് ഇൻഫെക്ഷൻ അഥവാ അണുബാധ. ആശുപത്രിയുടെ നിർമ്മാണം മുതൽ ശ്രദ്ധിച്ചാൽ മാത്രമേ ഇത് നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ. വൻ മൂലധന നിക്ഷേപം ആവശ്യമുള്ള മേഖലയാണിത്. ആശുപത്രി അധികൃതർ ഇതിന് തയ്യാറാകാത്തപക്ഷം ഇൻഫെക്ഷൻ നിരക്ക് കൂടുതലുള്ള ഐസിയുകളിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ ശസ്ത്രക്രിയയുടെ മുറിവ് ഉണങ്ങാൻ താമസം നേരിടുകയും തൽഫലമായി ഐസിയു വാസം നീണ്ടുപോവുകയും ചെയ്യുന്നു.

ഇതുമൂലം ധനനഷ്ടം മാത്രമല്ല; സുഖപ്രാപ്തി വൈകുന്നതിലൂടെ ആരോഗ്യനഷ്ടവും സമയനഷ്ടവും സംഭവിക്കുന്നു. എന്നാൽ ലോകോത്തര ചികിത്സയും അത്യാധുനിക സംവിധാനങ്ങളും വടകരയുടെ ചികിത്സാ ഭൂപടത്തിലേക്ക് കൊണ്ടുവന്ന പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് രോഗിയുടെ സുരക്ഷയെയും രോഗമുക്തിയെയും ബാധിക്കുന്ന ഇത്തരം കാര്യങ്ങളിൽ പുലർത്തുന്ന ജാഗ്രത അതിതീവ്രമാണ്.

സിഡിസി ആവിഷ്‌ക്കരിച്ച കത്തീറ്റർ അസോസിയേറ്റഡ് യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ, കത്തീറ്റർ റിലേറ്റഡ് ബ്ലഡ് സ്ട്രീം ഇൻഫെക്ഷൻ, വെന്റിലേറ്റർ അസോസിയേറ്റഡ് ഇവന്റ്, സർജിക്കൽ സൈറ്റ് ഇൻഫെക്ഷൻ തുടങ്ങിയ പ്രോട്ടോക്കോളുകൾ പാലിക്കുകയും ഹാന്റ് ഹൈജിൻ പോളിസി പിന്തുടരുകയും ചെയ്യുന്നു. രോഗികളിൽ നിന്നുള്ള അണുബാധ തടയുന്നതിന് പാർക്കോ സജ്ജീകരിച്ച പ്രധാന മുൻകരുതലാണ് ഐസോലേഷൻ ഐസിയുകൾ. ശസ്ത്രക്രിയ ഉപകരണങ്ങളാണ് അണുബാധയുടെ മറ്റൊരു ഉറവിടം.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സെൻട്രൽ സ്‌റ്റെറൈൽ സപ്ലൈസ് ‍ഡിപ്പാർട്ട്മെന്റ് സ്ഥാപിച്ചുകൊണ്ടാണ് പാർക്കോ ഇതിനെ നേരിട്ടത്. ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ അണുനശീകരണം നടത്തുന്നതിലും സൂക്ഷിക്കുന്നതിലും അതിന്റെ വിനിമയത്തിലും വിനിയോഗത്തിലും അമേരിക്കൻ നാഷണൽ സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അസോസിയേഷൻ ഫോർ ദ അഡ്വാൻസ്‌മെന്റ് ഓഫ് മെഡിക്കൽ ഇൻസ്ട്രുമെന്‌റേഷൻ പ്രോട്ടോക്കോളാണ് പാർക്കോ അവലംബിക്കുന്നത്. കൂടാതെ വളരെ വിപുലവും അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതുമാണ് പാർക്കോയിലെ ഐസിയു സംവിധാനങ്ങൾ.

ലെവൽ-3 നിലവാരത്തിലുള്ള 25 ബെഡുകളുള്ള മൾട്ടി ഡിസിപ്ലിനറി ഇന്റൻസിവ് കെയർ യൂണിറ്റ് (എംഡിഐസിയു), ശസ്ത്രക്രിയ കഴിഞ്ഞവർക്കുള്ള സർജിക്കൽ ഇന്റൻസിവ് കെയർ യൂണിറ്റ് (എസ്‌ഐസിയു), കുട്ടികൾക്കുള്ള പീഡിയാട്രിക് ഇന്റൻസിവ് കെയർ യൂണിറ്റ് (പിഐസിയു), നവജാതശിശുക്കൾക്കുള്ള നിയോനാറ്റൽ ഇന്റൻസിവ് കെയർ യൂണിറ്റ് (എൻഐസിയു), പകർച്ചവ്യാധിയുള്ള രോഗികൾക്കായി ഐസൊലേഷൻ ഇന്റൻസിവ് കെയർ യൂണിറ്റ് (ഐഐസിയു), ഹൃദയശസ്ത്രക്രിയ കഴിഞ്ഞവർക്ക് കാർഡിയാക് കെയർ യൂണിറ്റ് (സിസിയു) എന്നിവ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്. പാർക്കോയിലെ ഐസിയു ബെഡുകളെല്ലാം തന്നെ വെന്റിലേറ്റർ-ഡയാലിസിസ് പോർട്ടോടുകൂടിയതാണ്.

24 മണിക്കൂറും ഇന്റൻസിവിസ്റ്റിന്റെയും റെസ്പിറേറ്ററി തെറാപിസ്റ്റിന്റെയും സേവനം, ഓരോ ബെഡിനും സ്ഥാപിച്ച മൾട്ടി പാര മോണിറ്ററുകൾ കൂടാതെ രോഗികളുടെ അവസ്ഥയും ചലനവും നഴ്‌സിന്റെ പരിചരണവും നിരീക്ഷിക്കുന്നതിന് സെൻട്രലൈസ്ഡ് മോണിറ്ററിംഗ് സിസ്റ്റം എന്നിവ പാർക്കോ ഐസിയുവിന്റെ പ്രത്യേകതയാണ്. മറ്റൊരു സവിശേഷത ഇവിടത്തെ ഐസിയുവിൽ നൽകുന്ന ഭക്ഷണമാണ്.

ഓരോരുത്തരുടെയും രോഗത്തിന്റെ സ്വഭാവം വിലയിരുത്തി ക്ലിനിക്കൽ ന്യൂട്രീഷന്റെ നിർദ്ദേശാനുസരണം ആശുപത്രിയിൽ തന്നെ പ്രത്യേകം പാകം ചെയ്യുന്ന ഭക്ഷണമാണ് ഐസിയുവിലെ രോഗികൾക്ക് ട്യൂബ് ഫീഡിംഗ് വഴിയും അല്ലാതെയും നൽകുന്നത്. ചികിത്സയിലും സുരക്ഷയിലും മാത്രമല്ല; രോഗിയുടെ മാനസികാരോഗ്യത്തിലും മതവിശ്വാസത്തിലും കൂടി പാർക്കോ അതീവ ജാഗ്രത പുലർത്തുന്നു. ഏതൊരാളും ഭയപ്പെടുന്ന ഇടമാണ് ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗം. രാവും പകലും അറിയാതെ സ്ഥലകാലബോധം നഷ്ടപ്പെട്ട് ഏകാന്തതയിൽ തളച്ചിടപ്പെടുന്ന പരമ്പരാഗത ഐസിയു സംവിധാനമാണ് ഇതിന് കാരണം.

ഇത്തരം സാഹചര്യങ്ങൾ പലപ്പോഴും രോഗിയിൽ മാനസിക വിഭ്രാന്തി സൃഷ്ടിക്കുന്നു. ഐസിയു സൈക്കോസിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഐസിയുവിലേക്ക് പ്രകൃതിക്ക് പരമാവധി പ്രവേശനം അനുവദിച്ചുകൊണ്ടാണ് പാർക്കോ ഇത് പരിഹരിച്ചത്. ഓരോ ബെഡിനും ഓരോ ചില്ലു ജാലകം നൽകി സൂര്യവെളിച്ചം സാധ്യമാക്കുക വഴി ബോധാവസ്ഥയിലുള്ള രോഗിക്ക് ആകാശം തെളിയുന്നതും ഇരുളുന്നതും അറിയാനാവുകയും സമയബോധം സാധ്യമാവുകയും ചെയ്യുന്നു. പല ആശുപത്രികളിലും ഐസിയു സൈക്കോസിസ് നിരക്ക് ഉയർന്നു നിൽക്കുമ്പോൾ പാർക്കോയിൽ ഇത് ശരാശരിക്കും താഴെയായി തുടരുന്നതിന് കാരണം മനുഷ്യനെ പ്രകൃതിയുമായി കൂട്ടിയിണക്കുന്ന ഈ സംവിധാനമാണ്.

വൈദ്യശാസ്ത്രം കൈവിടുന്ന രോഗികളുടെ അന്ത്യനിമിഷങ്ങൾ സമാധാനവും ശാന്തിയും നിറഞ്ഞതായിരിക്കണമന്ന കാര്യത്തിലും പാർക്കോ അതീവ ശ്രദ്ധ പുലർത്തുന്നു. പ്രത്യേക ഐസൊലേഷൻ ഐസിയു ഒരുക്കിക്കൊണ്ടാണ് മരണാസന്നരായവരെ പ്രിയപ്പെട്ടവരോടൊപ്പം കഴിയാനും എല്ലാ വിഭാഗം മതവിശ്വാസികൾക്കും അവരവരുടെ പ്രാർത്ഥനകൾ നിർവ്വഹിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കിയത്. ഇങ്ങനെ എല്ലാ മേഖലകളിലും അത്യാധുനിക സാങ്കേതിക വിദ്യയോടൊപ്പം ആ​ഗോള ആരോ​ഗ്യമേഖലയിലെ പുത്തൻ ചലനങ്ങളും ആശയങ്ങളും പ്രയോ​ഗവൽക്കരിച്ചുകൊണ്ടാണ് പാർക്കോ ചികിത്സയിലും സമീപനത്തിലും ഒരു ലോകോത്തര നിലവാരം സാധ്യമാക്കിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/111960/parko-with-extreme-caution-in-intensive-care)