---
title: "വിമുക്ത ഭടന്മാര്‍ക്കും ആശ്രിതര്‍ക്കും ചികിത്സാ ഇളവുകള്‍ക്ക് പാര്‍കോ-വീര്‍ഭാരത് പദ്ധതി "
english_title: "PARCO-VEERBHARAT SCHEME for Medical Concessions to Ex-Servicemen and Dependents"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/112163/parco-veerbharat-scheme-for-medical-concessions-to-ex-servicemen-and-dependents"
published_at: "2023-05-02T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6451157a07429_parcopress.jpg"
keywords: []
---

# വിമുക്ത ഭടന്മാര്‍ക്കും ആശ്രിതര്‍ക്കും ചികിത്സാ ഇളവുകള്‍ക്ക് പാര്‍കോ-വീര്‍ഭാരത് പദ്ധതി 

> **Lead Summary:** **വടകര: **പാര്‍കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിമുക്ത ഭടന്മാര്‍ക്കും ആശ്രിതര്‍ക്കും സൗജന്യ നിരക്കില്‍ ചികിത്സ ലഭ്യമാക്കുന്നതിന് പാര്‍കോ-വീര്‍ഭാരത് ഹെല്‍ത്ത് പാക്കേജ് സ്‌കീം ആവിഷ്‌ക്കരിച്ചതായി വെറ്ററന്‍സ് ഇസിഎച്ച്എസ് ആന്റ് സിഎസ്ഡി വെല്‍ഫയര്‍ ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**വടകര: **പാര്‍കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിമുക്ത ഭടന്മാര്‍ക്കും ആശ്രിതര്‍ക്കും സൗജന്യ നിരക്കില്‍ ചികിത്സ ലഭ്യമാക്കുന്നതിന് പാര്‍കോ-വീര്‍ഭാരത് ഹെല്‍ത്ത് പാക്കേജ് സ്‌കീം ആവിഷ്‌ക്കരിച്ചതായി വെറ്ററന്‍സ് ഇസിഎച്ച്എസ് ആന്റ് സിഎസ്ഡി വെല്‍ഫയര്‍ ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വടകരയില്‍ ഇസിഎച്ച് പോളി ക്ലിനിക്കോ എംപാനല്‍ഡ് റഫറല്‍ ആശുപത്രിയോ ഇല്ലാത്ത സാഹചര്യത്തില്‍ ഇസിഎച്ച് ആന്റ് സിഎസ്ഡി വെല്‍ഫയര്‍ ഫോറവും പാര്‍കോയും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. വീര്‍ ഭാരത് ഹെല്‍ത്ത് പാക്കേജ് പ്രകാരം ഡോക്ടര്‍ കണ്‍സള്‍ട്ടേഷനില്‍ 50 ഉം ഐപി സര്‍വ്വീസ് ബില്‍, ഇന്‍വെസ്റ്റിഗേഷന്‍, പ്രൊസീജിയറുകള്‍ എന്നിവയ്ക്ക് 20 ഉം മറ്റു ഇന്‍ഷൂറന്‍സുകള്‍ ഉള്ളവര്‍ക്ക് കോ-പെയ്‌മെന്റില്‍ 50 ഉം ശതമാനം ഇളവ് അനുവദിക്കും.

അടിയന്തിര സാഹചര്യങ്ങളില്‍ 20 കിലോ മീറ്റര്‍ പരിധിയില്‍ ആംബുലന്‍സ് സര്‍വ്വീസ് സൗജന്യമായിരിക്കും. ആനുകൂല്യം ലഭിക്കുന്നതിന് ഇസിഎച്ച് കാര്‍ഡ് നിര്‍ബ്ബന്ധമായും കരുതേണ്ടതാണ്. ഈ ചികിത്സാ പദ്ധതി മെയ് മൂന്നിന് പ്രാബല്യത്തില്‍ വരും. ഇന്ത്യയില്‍ വിമുക്ത ഭടന്മാര്‍ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിയാണ് എക്‌സ് സര്‍വ്വീസ്‌മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം.

2003 ഏപ്രിലിലാണ് ഈ പദ്ധതി നിലവില്‍ വന്നത്. ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡ്, ആസ്സാം റൈഫിള്‍സ്, എംഎന്‍സ്, ഡിഎസ്സി, ടിഎ, എന്‍സിസി തുടങ്ങിയ വിഭാഗങ്ങള്‍ ഇതിന്റെ ഉപഭോക്താക്കളാണ്. വിരമിക്കുന്ന സമയത്ത് ഓരോ വ്യക്തിയില്‍ നിന്നും പദവിക്കനുസരിച്ച് ഒരു നിശ്ചിത തുക ഈടാക്കുകയും അതിനുശേഷം പ്രതിമാസം ലഭിക്കുന്ന മെഡിക്കല്‍ അലവന്‍സ് നിര്‍ത്തലാക്കി ആ സംഖ്യ കൂടി ഉള്‍പ്പെടുത്തിയാണ് ഇസിഎച്ച്എസ് ആവിഷ്‌ക്കരിച്ചത്.

എന്നാല്‍ വടകരയില്‍ ഇസിഎച്ച്എസ് പോളിക്ലിനിക്കോ എംപാനല്‍ഡ് ആശുപത്രിയോ ഇല്ലാത്ത സാഹചര്യത്തില്‍ 50 കി.മീ. ദൂരത്തുള്ള കണ്ണൂരിലെയോ കോഴിക്കോട്ടെയോ പോളിക്ലിനിക്കുകളെയും എംപാനല്‍ഡ് ആശുപത്രികളെയുമാണ് വടകരയിലും പരിസരപ്രദേശങ്ങളിലുമുള്ള ഇസിഎച്ച്എസ് ഉപഭോക്താക്കള്‍ ആശ്രയിച്ചു വരുന്നത്. ഈ സാഹചര്യത്തിലാണ് പാര്‍കോയുമായി യോജിച്ച് വീര്‍ഭാരത് പദ്ധതി ആവിഷ്‌ക്കരിച്ചത്.

വെറ്ററന്‍സ് ഇസിഎച്ച്എസ് ആന്റ് സിഎസ്ഡി വെല്‍ഫയര്‍ ഫോറം പ്രസിഡണ്ട് വിശ്വനാഥന്‍ എ, വൈസ് പ്രസിഡണ്ട് എ രാജന്‍, ജനറല്‍ സെക്രട്ടറി ഗിരീഷ് പി, പാര്‍കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സുഭാഷ് സ്‌കറിയ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/112163/parco-veerbharat-scheme-for-medical-concessions-to-ex-servicemen-and-dependents)