---
title: "ജനറല്‍ കോച്ചുകള്‍  ആവശ്യത്തിനില്ല ട്രെയിന്‍ യാത്രക്കാര്‍ ദുരിതത്തില്‍"
english_title: " General coaches are not needed Train passengers in distress"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11228/general-coaches-are-not-needed-train-passengers-in-distress"
published_at: "2021-11-17T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6194a15c8ccab_train passengers.jpg"
keywords: []
---

# ജനറല്‍ കോച്ചുകള്‍  ആവശ്യത്തിനില്ല ട്രെയിന്‍ യാത്രക്കാര്‍ ദുരിതത്തില്‍

> **Lead Summary:** വടകര: കോവിഡ് നിയന്ത്രണശേഷം സീസണ്‍ ടിക്കറ്റ് അനുവദിച്ചതോടെ ടെയിനുകളില്‍ തിരക്കോട് തിരക്ക്. ജില്ലയുടെ രണ്ടറ്റങ്ങളില്‍ ജോലിയെടുക്കുന്ന ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ആശ്രയമായിരുന്നു സീസണ്‍ ടിക്കറ്റ്. എന്നാല്‍ ഇതുപയോഗിച്ച് യാത്രചെയ്യാവുന്ന ജനറല്‍ കോച്ചുകള്‍ ആവശ്യത്തിന് അനുവദിക്കാത്തതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്.

## Article Content

വടകര: കോവിഡ് നിയന്ത്രണശേഷം സീസണ്‍ ടിക്കറ്റ് അനുവദിച്ചതോടെ ടെയിനുകളില്‍ തിരക്കോട് തിരക്ക്. ജില്ലയുടെ രണ്ടറ്റങ്ങളില്‍ ജോലിയെടുക്കുന്ന ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ആശ്രയമായിരുന്നു സീസണ്‍ ടിക്കറ്റ്. എന്നാല്‍ ഇതുപയോഗിച്ച് യാത്രചെയ്യാവുന്ന ജനറല്‍ കോച്ചുകള്‍ ആവശ്യത്തിന് അനുവദിക്കാത്തതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്.

നാല് ട്രെയിനുകളിലായി എട്ട് സര്‍വീസുകള്‍ മാത്രമാണ് നിലവില്‍ സീസണ്‍ ടിക്കറ്റ് അനുവദിച്ചത്. എറണാകുളം ഇന്റര്‍സിറ്റി, കണ്ണൂര്‍ - ആലപ്പുഴ എക്‌സിക്യുട്ടീവ്, കണ്ണൂര്‍- കോയമ്പത്തൂര്‍ എക്‌സ്പ്രസ്, കോയമ്പത്തൂര്‍- മംഗളുരു എക്‌സ്പ്രസ് എന്നിവയിലേ ഇപ്പോള്‍ റിസര്‍വ് ചെയ്യാതെ യാത്ര ചെയ്യാവുന്ന ജനറല്‍ കോച്ചുകളുള്ളൂ. എട്ട് കോച്ചുകള്‍ മാത്രമാണ് ജനറല്‍ ടിക്കറ്റുകള്‍ക്കായി അനുവദിച്ചത്.

നേരത്തേ രണ്ട് റിസര്‍വേഷന്‍ കോച്ചുകള്‍ ഒഴികെ ഈ ട്രെയിനുകളില്‍ ബാക്കിയെല്ലാം ജനറല്‍ കോച്ചുകളായിരുന്നു. അന്നേ തിങ്ങി നിറഞ്ഞായിരുന്നു സഞ്ചാരം. ജനറല്‍ കോച്ചുകളുടെ എണ്ണം കുറച്ചതോടെ ദുരിതം ഇരട്ടിയായി. ജില്ലയില്‍നിന്ന് കണ്ണൂര്‍, മലപ്പുറം ജില്ലകളിലേക്ക് ദിവസേന ജോലി ആവശ്യാര്‍ഥം യാത്രചെയ്യുന്നവര്‍ നിരവധിയാണ്. സീസണ്‍ ടിക്കറ്റെടുത്ത് കുറഞ്ഞ ചെലവില്‍ യാത്രയെന്നത് ഇവര്‍ക്ക് അനുഗ്രഹമായിരുന്നു.

എല്ലാ കോച്ചുകളും റിസര്‍വേഷനില്‍ മാത്രം ഓടിയത് ഇവര്‍ക്ക് സാമ്പത്തിക, സമയ നഷ്ടമുണ്ടാക്കിയിരുന്നു. നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് റെയില്‍വേ ജനറല്‍ കോച്ചുകള്‍ തിരികെയെത്തിച്ചത്. ഇതിന്റെ ഫലം യാത്രക്കാര്‍ക്ക് ലഭിക്കുന്നില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11228/general-coaches-are-not-needed-train-passengers-in-distress)