---
title: "താരങ്ങൾ എത്തി തുടങ്ങി; അഖില കേരളാ വോളിബോൾ ടൂർണമെന്റ്; നാളെ ഓർക്കാട്ടേരിയിൽ ആരവം ഉയരും "
english_title: "All Kerala volleyball tournament players have started arriving"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/113182/all-kerala-volleyball-tournament-players-have-started-arriving"
published_at: "2023-05-07T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64577ead22bf0_volliball1.jpg"
keywords: []
---

# താരങ്ങൾ എത്തി തുടങ്ങി; അഖില കേരളാ വോളിബോൾ ടൂർണമെന്റ്; നാളെ ഓർക്കാട്ടേരിയിൽ ആരവം ഉയരും 

> **Lead Summary:** **വടകര: **അഖിലകേരളാ വോളിബോൾ ടൂർണമെൻ്റിന് നാളെ ഓർക്കാട്ടേരിയിൽ ആരവം ഉയരും. ടൂർണമെൻ്റിൽ പൊരുതുന്ന കേരള പോലീസ് വനിതാ ടീം ഇതിനകം എത്തി. ടീമിനെ വടകര റെയിൽവേ സ്റ്റേഷനിൽ നിന്നും സംഘാടകർ സ്വികരിച്ചു. ഒഞ്ചിയം രക്തസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായി സി.പി.എം. ഒഞ്ചിയം ഏരിയാ കമ്മിറ്റിയാണ് അഖിലകേരള വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

## Article Content

**വടകര: **അഖിലകേരളാ വോളിബോൾ ടൂർണമെൻ്റിന് നാളെ ഓർക്കാട്ടേരിയിൽ ആരവം ഉയരും. ടൂർണമെൻ്റിൽ പൊരുതുന്ന കേരള പോലീസ് വനിതാ ടീം ഇതിനകം എത്തി. ടീമിനെ വടകര റെയിൽവേ സ്റ്റേഷനിൽ നിന്നും സംഘാടകർ സ്വികരിച്ചു. ഒഞ്ചിയം രക്തസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായി സി.പി.എം. ഒഞ്ചിയം ഏരിയാ കമ്മിറ്റിയാണ് അഖിലകേരള വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

തിങ്കളാഴ്ച ഓർക്കാട്ടേരി ചന്തമൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ആരോഗ്യകേന്ദ്രം നിർമിക്കുന്നതിനായി ധനസമാഹരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകസമിതി അറിയിച്ചു. ഏഴുദിവസം നീളുന്ന ടൂർണമെന്റ് 14-ന് സമാപിക്കും.

പുരുഷവിഭാഗത്തിൽ കേരള പോലീസ്, കെ.എസ്.ഇ.ബി., ഹുബ്ലി റെയിൽവേ, ബി.പി.സി.എൽ. കൊച്ചി, തണ്ടർബോൾട്ട്‌സ്, കൊച്ചിൻ കസ്റ്റംസ് എന്നീ ടീമുകളും വനിതാവിഭാഗത്തിൽ കേരള പോലീസ്, പാലാ അൽഫോൺസാ കോളേജ്, പത്തനംതിട്ട ഖേലോ ഇന്ത്യ, ഇരിങ്ങാലക്കുട സെയ്ന്റ് ജോസഫ്‌സ് കോളേജ് എന്നീ ടീമുകളും പങ്കെടുക്കും. തിങ്കളാഴ്ച വൈകീട്ട് ആറുമണിക്ക് സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി ഉദ്ഘാടനംചെയ്യും.

ഗോകുലം ഗോപാലൻ മുഖ്യാതിഥിയാകും. ആദ്യമത്സരത്തിൽ വനിതാവിഭാഗത്തിൽ ഖേലോ ഇന്ത്യയും കേരള പോലീസും ഏറ്റുമുട്ടും. എട്ടുമണിക്ക് പുരുഷവിഭാഗത്തിൽ കേരള പോലീസ് ഹുബ്ലി റെയിൽവേയെ നേരിടും. എല്ലാ ദിവസവും രണ്ടുമത്സരങ്ങളുണ്ടാകും. നാലായിരംപേർക്ക് ഇരിക്കാവുന്ന ഗാലറിയാണ് നിർമിച്ചത്. 100 രൂപയാണ് ഗാലറി ടിക്കറ്റ് നിരക്ക്. കസേരയ്ക്ക് 200 രൂപയും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/113182/all-kerala-volleyball-tournament-players-have-started-arriving)