---
title: "തടസ്സങ്ങൾ നീങ്ങി; വടകര റെയിൽവേ സ്റ്റേഷനിലേക്ക് പുതിയ റോഡ് "
english_title: "New road to Vadakara railway station"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/113303/new-road-to-vadakara-railway-station"
published_at: "2023-05-08T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6458858ba13e9_railwayroad.jpg"
keywords: []
---

# തടസ്സങ്ങൾ നീങ്ങി; വടകര റെയിൽവേ സ്റ്റേഷനിലേക്ക് പുതിയ റോഡ് 

> **Lead Summary:** **വടകര: **ട്രെയിൻ യാത്രക്കാർക്കിനി ഓടി തളരേണ്ട.വടകര റെയിൽവേ സ്റ്റേഷനിലേക്ക് പുതിയ റോഡ് വരുന്നു. പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ് പരിസരത്തുനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് വിഭാവനംചെയ്ത പുതിയ റോഡ് തടസ്സങ്ങൾ നീങ്ങി യാഥാർഥ്യത്തിലേക്ക്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുവർഷംമുമ്പേ റോഡിന് 50 ലക്ഷംരൂപ അനുവദിച്ചിരുന്നെങ്കിലും സ്ഥലത്തിന്റെ സർവേ ഉൾപ്പെടെയുള്ളവ നടത്തേണ്ടതിനാൽ പദ്ധതി വൈകുകയായിരുന്നു.

## Article Content

**വടകര: **ട്രെയിൻ യാത്രക്കാർക്കിനി ഓടി തളരേണ്ട.വടകര റെയിൽവേ സ്റ്റേഷനിലേക്ക് പുതിയ റോഡ് വരുന്നു. പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ് പരിസരത്തുനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് വിഭാവനംചെയ്ത പുതിയ റോഡ് തടസ്സങ്ങൾ നീങ്ങി യാഥാർഥ്യത്തിലേക്ക്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുവർഷംമുമ്പേ റോഡിന് 50 ലക്ഷംരൂപ അനുവദിച്ചിരുന്നെങ്കിലും സ്ഥലത്തിന്റെ സർവേ ഉൾപ്പെടെയുള്ളവ നടത്തേണ്ടതിനാൽ പദ്ധതി വൈകുകയായിരുന്നു.

ഇതിനിടെ സർവേ പൂർത്തിയാക്കി സ്ഥലം അളന്നുതിട്ടപ്പെടുത്തി. ബി.ഇ.എം. സ്കൂൾ പരിസരത്തുനിന്ന്‌ റെയിൽവേ സ്റ്റേഷൻ റോഡിലേക്കിറങ്ങുന്ന ഭാഗം ചെങ്കുത്തായതിനാൽ ഇറക്കം കുറച്ചുകൊണ്ട് എങ്ങനെ റോഡ് നിർമാക്കമെന്നതു സംബന്ധിച്ച ഡിസൈനിങ് ജോലികളും പൂർത്തിയായി. നഗരസഭ എൻജിനിയറിങ് വിഭാഗം കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചാണ് രൂപകല്പന അന്തിമമാക്കിയത്.

ഉടൻ റോഡ് പ്രവൃത്തി തുടങ്ങാൻ കഴിയുമെന്ന് നഗരസഭാ പൊതുമരാമത്ത് വിഭാഗം സ്ഥിരംസമിതി അധ്യക്ഷൻ എം. ബിജു പറഞ്ഞു. കഴിഞ്ഞ കൗൺസിലിന്റെ കാലത്താണ് ഇത്തരമൊരു റോഡ് പദ്ധതി ആവിഷ്കരിച്ചത്. മെയിൻ റോഡിൽ റെസ്റ്റ് ഹൗസിനും ബി.ഇ.എം. സ്കൂളിനും ഇടയിലുള്ള വഴിയിലൂടെയാണ് റോഡ് തുടങ്ങുന്നത്. ബി.ഇ.എം. സ്കൂളിനു മുന്നിലൂടെ പോയി പഴയസ്റ്റാൻഡിലെ ദ്വാരക കെട്ടിടത്തിന്റെ പിറകിലൂടെ നിലവിലുള്ള റെയിൽവേ സ്റ്റേഷൻ റോഡുമായി ബന്ധിപ്പിക്കും.

140 മീറ്റർ നീളത്തിലാണ് പുതിയറോഡ് നിർമിക്കുക. അഞ്ചുമീറ്റർ വീതിയിൽ ടാറിങ് ഉണ്ടാകും. ഇരുവശത്തും ഒന്നരമീറ്റർ വീതം നടപ്പാതയും നിർമിക്കും. ഡിസൈനിങ് ജോലികൾക്ക് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ സുദീപ്, അസിസ്റ്റന്റ് എൻജിനിയർമാരായ അനഘ്, ജിതിൻനാഥ്, ഓവർസിയർമാരായ പ്രവീൺകുമാർ, വിന്ധ്യ, പ്രബിന എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/113303/new-road-to-vadakara-railway-station)