---
title: "മുഖവര സമര്‍പ്പണം  ഒക്ടോബര്‍ ഏഴിന്  ;  വിലാതപുരം എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളേയും  അധ്യാപകരേയും ക്യാന്‍വസില്‍ പകര്‍ത്തി ശ്രീജിത്ത്"
english_title: "students of Vilathapuram LP School Sreejith copied the teachers on canvas"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/1137/students-of-vilathapuram-lp-school-sreejith-copied-the-teachers-on-canvas"
published_at: "2021-10-04T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615aef8b6a592_SREEJITH VILATHAPURAM .jpg"
keywords: []
---

# മുഖവര സമര്‍പ്പണം  ഒക്ടോബര്‍ ഏഴിന്  ;  വിലാതപുരം എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളേയും  അധ്യാപകരേയും ക്യാന്‍വസില്‍ പകര്‍ത്തി ശ്രീജിത്ത്

> **Lead Summary:** **വില്യാപ്പള്ളി: **ചിത്രരചനയില്‍ വേറിട്ട രീതിയിലൂടെ തന്റെതായ ഇടം കണ്ടെത്തിയ ചിത്രകാരന്‍ ശ്രീജിത്ത് വിലാതപുരം പഠിച്ചിറങ്ങിയ വിദ്യാലയത്തിന് വരകളിലൂടെ സ്‌നേഹ സമ്മാനം ഒരുക്കുന്നു.

## Article Content

**വില്യാപ്പള്ളി: **ചിത്രരചനയില്‍ വേറിട്ട രീതിയിലൂടെ തന്റെതായ ഇടം കണ്ടെത്തിയ ചിത്രകാരന്‍ ശ്രീജിത്ത് വിലാതപുരം പഠിച്ചിറങ്ങിയ വിദ്യാലയത്തിന് വരകളിലൂടെ സ്‌നേഹ സമ്മാനം ഒരുക്കുന്നു.

നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വിലാതപുരം എല്‍ പി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ ശ്രീജിത്ത് സ്‌കൂളിലെ 150ഓളം കുട്ടികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മുഖവര സമര്‍പ്പണം എന്നപേരില്‍ ക്യാന്‍വാസില്‍ പകര്‍ത്തി ഫ്രെയിം ചെയ്തു നല്‍കാനുള്ള ഒരുക്കത്തിലാണ്.

ചിത്രങ്ങളുടെ അവസാന മിനുക്ക് പണിയിലാണ് ശ്രീജിത്ത്. ദുരിതം വിതച്ച് കോവിഡ നാളുകളില്‍ എല്ലാവരും വീടുകളില്‍ അടച്ച് ഇടപെട്ട് സമയത്ത് തന്റെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് വീട്ടില്‍ വച്ചാണ് മാസങ്ങള്‍ എടുത്തു ചിത്രങ്ങള്‍ ഒന്നൊന്നായി പൂര്‍ത്തിയാക്കിയത്.

ഇത്തരമൊരു ആശയം മുന്നോട്ട് വെച്ചപ്പോള്‍ അധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്. സ്‌കൂളില്‍ വെച്ച് നടന്ന ഒരു ചിത്രകലാ ക്യാമ്പില്‍ വച്ച് സ്‌കൂളിലെ ഹെഡ്മാസ്റ്ററുടെ ചിത്രം വരച്ചതാണ് മുഴുവന്‍ കുട്ടികളുടെയും അധ്യാപകരുടെയും മുഖ ചിത്രം വരയ്ക്കാന്‍ പ്രേരണയായത്. പല ചിത്രകാരന്മാരും ഗ്രാമീണ സൗന്ദര്യവും വര്‍ത്തമാനകാല വ്യഥകളും ആശയങ്ങളും പുതു കാഴ്ചകളും കാന്‍വാസിലേക്ക് പകര്‍ത്തിയിട്ടുണ്ട് എങ്കിലും ഒരു സ്‌കൂളിലെ മുഴുവന്‍ കുട്ടികളുടെയും അധ്യാപകരുടെയും ചിത്രം പകര്‍ത്തുന്നത് ആദ്യമായിട്ടാവും.

ഓയില്‍ പെയിന്റ് അക്രിലിക്ക് വാട്ടര്‍ കളര്‍ എന്നിവ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ കൂടുതലായും വരച്ച തെങ്കിലും കുട്ടികളുടെ ചിത്രങ്ങള്‍ വരയ്ക്കാന്‍ കളര്‍ പെന്‍സില്‍ ആണ് ഉപയോഗിച്ചത്.

മുഖവര സമര്‍പ്പണം ഒക്ടോബര്‍ ഏഴിന് ധീരജവാന്‍ ദിലീഷി ന്റെ രക്തസാക്ഷിത്വ ദിനത്തില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജ്യോതിലക്ഷ്മി പ്രകാശനം ചെയ്യും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/1137/students-of-vilathapuram-lp-school-sreejith-copied-the-teachers-on-canvas)