---
title: "വലിച്ചെറിയൽ മുക്ത കേരളം; ക്യാമ്പയിൻ പ്രവർത്തനവും, മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനവും വടകര നഗരസഭയിൽ നടന്നു "
english_title: "Campaign activities and pre-monsoon cleaning activities were conducted in Vadakara Municipality"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/113931/campaign-activities-and-pre-monsoon-cleaning-activities-were-conducted-in-vadakara-municipality"
published_at: "2023-05-10T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645bb644969c3_SHUCHEEKARANAMVADAKARA.jpg"
keywords: []
---

# വലിച്ചെറിയൽ മുക്ത കേരളം; ക്യാമ്പയിൻ പ്രവർത്തനവും, മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനവും വടകര നഗരസഭയിൽ നടന്നു 

> **Lead Summary:** **വടകര: **സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ പ്രവർത്തനവും, മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനവും വടകര നഗരസഭയിൽ വടകര പട്ടണത്തിന്റെ തെരഞ്ഞെടുത്ത ഏഴു ഭാഗങ്ങളിൽ നടന്നു. ജൈവമാലിന്യങ്ങളും ദ്രവമാലിന്യങ്ങളും സംസ്കരിക്കാൻ ഉറവിടമാലിന്യ സംസ്കരണ ഉപാധികൾ വീടുകളിലും സ്ഥാപനങ്ങളിലും ഒരുക്കുകയും അജൈവ പാഴ് വസ്തുക്കൾ ഹരിത കർമ്മ സേനാംഗങ്ങൾക്ക് യൂസർ ഫീ നൽകിക്കൊണ്ട് കൈമാറുവാൻ എല്ലാ വിഭാഗം ആളുകളും തയ്യാറായാൽ മാത്രമേ നമുക്ക് പരിപൂർണ്ണ മാലിന്യമുക്ത നഗരസഭയായി വടകരയെ ജൂൺ അഞ്ചിന് പ്രഖ്യാപിക്കുവാൻ കഴിയുകയുള്ളൂ.

## Article Content

**വടകര: **സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ പ്രവർത്തനവും, മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനവും വടകര നഗരസഭയിൽ വടകര പട്ടണത്തിന്റെ തെരഞ്ഞെടുത്ത ഏഴു ഭാഗങ്ങളിൽ നടന്നു. ജൈവമാലിന്യങ്ങളും ദ്രവമാലിന്യങ്ങളും സംസ്കരിക്കാൻ ഉറവിടമാലിന്യ സംസ്കരണ ഉപാധികൾ വീടുകളിലും സ്ഥാപനങ്ങളിലും ഒരുക്കുകയും അജൈവ പാഴ് വസ്തുക്കൾ ഹരിത കർമ്മ സേനാംഗങ്ങൾക്ക് യൂസർ ഫീ നൽകിക്കൊണ്ട് കൈമാറുവാൻ എല്ലാ വിഭാഗം ആളുകളും തയ്യാറായാൽ മാത്രമേ നമുക്ക് പരിപൂർണ്ണ മാലിന്യമുക്ത നഗരസഭയായി വടകരയെ ജൂൺ അഞ്ചിന് പ്രഖ്യാപിക്കുവാൻ കഴിയുകയുള്ളൂ.

ഉറവിടത്തിൽ തന്നെ മാലിന്യങ്ങൾ സംസ്കരിക്കുവാനുള്ള ഒരു മനോഭാവം എല്ലാ ആളുകൾക്കും ഉണ്ടായിരിക്കണം. സ്കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള പ്രവർത്തനമാണ് വരും നാളുകളിൽ നടത്തേണ്ടത്. ഒപ്പം എല്ലാ ആഘോഷ പരിപാടികളിലും കഴുകി ഉപയോഗിക്കാൻ പറ്റുന്ന ഗ്ലാസുകളും പ്ലേറ്റുകളും ഉപയോഗിച്ചുകൊണ്ട് എല്ലാവരും ശ്രദ്ധിച്ചാൽ ഈ വലിച്ചെറിയൽ പരിപാടി പൂർണ്ണമായും നിർത്തലാക്കുവാൻ സാധിക്കും.

മെയ് 14ന് രാവിലെ 7 മണി മുതൽ വടകര നഗരസഭയുടെ 47 വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ വാർഡിലെ എല്ലാ ആളുകളുടെയും പങ്കാളിത്തത്തോടെ കൂടി നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്.

വലിച്ചെറിയൽ മുക്ത കേരള ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ ഹർത്താൽ പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ ശുചീകരണ പ്രവർത്തനത്തിൽ നഗരസഭയുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് രാഷ്ട്രീയപാർട്ടി നേതാക്കന്മാർ, വിവിധ സംഘടനാ പ്രതിനിധികൾ, അംഗനവാടി ജീവനക്കാർ, ആശാവർക്കർമാർ,തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, കണ്ടിജന്റ് വിഭാഗം ജീവനക്കാർ, കൗൺസിലർമാർ, നഗരസഭ ഉദ്യോഗസ്ഥന്മാർ, വിവിധ സ്കൂളുകളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ, കച്ചവടക്കാർ എന്നിവർ പങ്കെടുത്തു.

ഈ ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു നിർവഹിച്ചു. ചടങ്ങിൽ സ്വാഗതം ആശംസിച്ച് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ പി പ്രജിത സംസാരിച്ചു. നഗരസഭ വൈസ് ചെയർമാൻ പി സജീവ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി കെ പ്രഭാകരൻ, എം ബിജു, സിന്ധു പ്രേമൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/113931/campaign-activities-and-pre-monsoon-cleaning-activities-were-conducted-in-vadakara-municipality)