---
title: " അഴിയൂർ ബ്രാഞ്ച് കനാൽ; ചോറോട് നിവാസികളെ കൊഞ്ഞനം കുത്തി ഇറിഗേഷൻ വിഭാഗം "
english_title: "Azhiyur Branch Canal; The Irrigation department attacked the residents of Chorod"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/114349/azhiyur-branch-canal-the-irrigation-department-attacked-the-residents-of-chorod"
published_at: "2023-05-12T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e32c16b294_azhiyurbranchkanal.jpg"
keywords: []
---

#  അഴിയൂർ ബ്രാഞ്ച് കനാൽ; ചോറോട് നിവാസികളെ കൊഞ്ഞനം കുത്തി ഇറിഗേഷൻ വിഭാഗം 

> **Lead Summary:** **വടകര:** കുറ്റ്യാടി ഇറിഗേഷൻ കനാലിന്റെ അഴിയൂർ ബ്രാഞ്ച് കനാൽ തുറക്കുന്ന കാര്യത്തിൽ ഒളിച്ചു കളിക്കുകയാണ് ഇറിഗേഷൻ വകുപ്പ്. മുൻ കാലങ്ങളിൽ ഫെബ്രുവരി രണ്ടാം വാരം കനാൽ ആദ്യഘട്ടം തുറക്കുമായിരുന്നു. മാർച്ച് മാസത്തിൽ രണ്ടാം ഘട്ടവും.

## Article Content

**വടകര:** കുറ്റ്യാടി ഇറിഗേഷൻ കനാലിന്റെ അഴിയൂർ ബ്രാഞ്ച് കനാൽ തുറക്കുന്ന കാര്യത്തിൽ ഒളിച്ചു കളിക്കുകയാണ് ഇറിഗേഷൻ വകുപ്പ്. മുൻ കാലങ്ങളിൽ ഫെബ്രുവരി രണ്ടാം വാരം കനാൽ ആദ്യഘട്ടം തുറക്കുമായിരുന്നു. മാർച്ച് മാസത്തിൽ രണ്ടാം ഘട്ടവും.

ഇവ തുറക്കുന്നതോടെ തോടുകളും കിണറുകളും ജലാശയങ്ങളും വയലുകളിലടക്കം വെള്ളം കെട്ടികിടക്കുമായിരുന്നു. ഈ വർഷം മാർച്ച് അവസാന വാരമാണ് കനാൽ തുറന്നത് അതും കുറഞ്ഞ ദിവസവും ഫ്ലോ വളരെ കുറച്ചും.

പിന്നീട് പല ബ്രാഞ്ചുകളും തുറക്കുകയും ചെയ്തിട്ടും അഴിയൂർ ബ്രാഞ്ച് തുറക്കാൻ തയ്യാറാവുന്നില്ല. വർഷങ്ങളായ് സമയം ക്രമത്തിൽ വെള്ളം ലഭിക്കുന്നതിനാൽ എല്ലായിടത്തെ കിണറുകളും ഇവയെ ആശ്രയിച്ചു കൊണ്ടാണ്. മാർച്ച് മാസത്തിൽ തന്നെ വയലുകളിൽ വെള്ളമാവുന്ന കാരണം കിണറുകൾ ആഴം കൂട്ടനും കഴിഞ്ഞിരുന്നില്ല.

ഇത് വലിയ ചതിയായിരിക്കുകയാണ്. കിണർ കുഴിക്കുന്നവരെയും ചില വൻകിട പദ്ധതിക്കാരെയും സഹായിക്കുന്നതിന് പാവപ്പെട്ട ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചു കൊണ്ടാവരുത്. അറുപതിൽപരം വർഷങ്ങൾക്ക് മുമ്പ് നിരവധി പേർ സൗജന്യമായും തുച്ചമായ വിലക്കും നൽകിയ ഭൂമിയിലുടെയാണ് കനാൽ നിർമ്മിച്ചത് എല്ലാവർക്കും ഉപകാരമെന്ന് ജനങ്ങൾ പ്രതീക്ഷിച്ചു.

ഈ സ്ഥലങ്ങൾ തിരികെ ലഭിക്കുവാൻ പ്രാർത്ഥിക്കുകയാണിവർ.  പലരുടെയും സ്ഥലങ്ങൾ രണ്ടായി പിളർന്നു. വീടിന് മുമ്പിൽ വൻ കനാലുകൾ വന്നത് അപകട ഭീഷണിയുമുണ്ട്. കനാലിൽ കാട്ടു ജീവികൾ താവളമാക്കുന്നു.

ഇവയെല്ലാം സഹിക്കുന്നത് വെള്ളം ലഭിക്കുമെന്ന് കരുതിയാണ്. പലരുടെയും സമ്മർദ്ദവും ചില നിക്ഷിപ്ത താൽപ്പര്യവുമാണ് അഴിയൂർ ബ്രാഞ്ച് തുറക്കാത്തത്. ആദ്യം പറഞ്ഞത് മെയ് 5 ന് തുറക്കുമെന്നായിരുന്നു. പിന്നീട് എം.എൽ.എ.ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, മറ്റ് ജനപ്രതിനിധികളോടടക്കം മെയ് 10ന് തുറന്നിരിക്കുമെന്ന് ഉറപ്പു നൽകി.

ഇപ്പോഴും തുറന്നില്ല. എം.എൽ.എ പഞ്ചായത്ത് പ്രസിഡണ്ട് എന്നിവർ ബന്ധപ്പെട്ടപ്പോൾ എക്സിക്യൂട്ടീവ് എൻജീനിയർ മെയ് 18ന് തുറക്കുമെന്ന് വീണ്ടും ഉറപ്പു നൽകി കളിയാക്കുകയാണ്. ജനങ്ങൾ കുടിവെള്ളത്തിന് നെട്ടോട്ടമോടുമ്പോൾ ഇവർ ആർക്കോ വേണ്ടി ചട്ടുകമാവുകയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/114349/azhiyur-branch-canal-the-irrigation-department-attacked-the-residents-of-chorod)