---
title: "ബ്യൂട്ടീഷ്യയെ കൊന്ന് കഷ്ണങ്ങളാക്കി; പ്രതിയായ വടകര സ്വദേശിക്ക് ജീവപരന്ത്യം"
english_title: "Beauticia was killed and cut to pieces; The accused, a native of Vadakara, was sentenced to death"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/115086/Beauticia-was-killed-and-cut-to-pieces-The-accused-a-native-of-Vadakara-was-sentenced-to-death-new"
published_at: "2023-05-16T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64631bf91595e_bruetishyan.jpg"
keywords: []
---

# ബ്യൂട്ടീഷ്യയെ കൊന്ന് കഷ്ണങ്ങളാക്കി; പ്രതിയായ വടകര സ്വദേശിക്ക് ജീവപരന്ത്യം

> **Lead Summary:** **വടകര:** ബ്യൂട്ടീഷ്യനായ യുവതിയെ കൊല്ലത്തുനിന്ന് പാലക്കാട്ടേക്ക് കൂട്ടിക്കൊണ്ടുപോയി കൊന്നശേഷം മൃതദേഹം വെട്ടിമുറിച്ച് കുഴിച്ചിട്ട കേസില്‍ കോഴിക്കോട് വടകര തൊടുവയല്‍ വീട്ടില്‍ പ്രശാന്ത് നമ്പ്യാര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

## Article Content

**വടകര:** ബ്യൂട്ടീഷ്യനായ യുവതിയെ കൊല്ലത്തുനിന്ന് പാലക്കാട്ടേക്ക് കൂട്ടിക്കൊണ്ടുപോയി കൊന്നശേഷം മൃതദേഹം വെട്ടിമുറിച്ച് കുഴിച്ചിട്ട കേസില്‍ കോഴിക്കോട് വടകര തൊടുവയല്‍ വീട്ടില്‍ പ്രശാന്ത് നമ്പ്യാര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

തൃക്കോവില്‍വട്ടം നടുവിലക്കര ശ്രീനിലയത്തില്‍ സുചിത്ര പിള്ള(42)യെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി റോയ് വര്‍ഗീസാണ് വിധി പ്രസ്താവിച്ചത്. 302-ാം വകുപ്പുപ്രകാരം ജീവപര്യന്തത്തിനു പുറമേ ഒരുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം.ഇതിനുപുറമേ വിവിധ വകുപ്പുകളിലായി 14 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2020 മാര്‍ച്ച് 20-നാണ് കേസിനാസ്പദമായ സംഭവം. പ്രശാന്ത് നമ്പ്യാരുടെ ഭാര്യ യുവതിയുടെ കുടുംബസുഹൃത്തായിരുന്നു.

ഫോണിലൂടെ ബന്ധപ്പെട്ട് പ്രതി യുവതിയില്‍നിന്നു രണ്ടരലക്ഷം രൂപ തട്ടിയെടുത്തിരുന്നു. വിവാഹമോചിതയായ യുവതി പ്രതിയില്‍നിന്നു കൃത്രിമ ബീജസങ്കലനത്തിലൂടെ ഒരു കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ടു.ഇത് തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന് കരുതിയ പ്രതി യുവതിയെ തന്ത്രപൂര്‍വം പാലക്കാട് മണലിയിലുള്ള തന്റെ വാടകവീട്ടില്‍ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.

2020 മാര്‍ച്ച് 17-ന് കോലഞ്ചേരിയില്‍ ഒരു പരിശീലനത്തിനു പോകുന്നു എന്നുപറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ യുവതി മാര്‍ച്ച് 20-നാണ് അവസാനമായി വീട്ടുകാരുമായി സംസാരിച്ചത്. 22-ന് തിരികെവരുമെന്ന് പറഞ്ഞ യുവതിയെ കാണാതായതോടെ മാതാപിതാക്കളുടെ പരാതിയില്‍ കൊട്ടിയം പോലീസ് കേസെടുത്തു.

അന്വേഷണത്തില്‍ പാലക്കാട് മണലിയിലാണ് യുവതിയുടെ ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ചതെന്നു കണ്ടെത്തി. പ്രശാന്ത് നമ്പ്യാരും യുവതിയും തമ്മില്‍ നിരന്തരമായ ടെലിഫോണ്‍ ബന്ധം ഉണ്ടെന്നും കണ്ടെത്തി. എന്നാല്‍ പ്രതി പലതരത്തിലുള്ള കഥകള്‍ പറഞ്ഞ് അന്വേഷണത്തെ വഴിതെറ്റിച്ചു.

കൊല്ലം എ.സി.പി. ബി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയും മരിച്ച യുവതിയും തമ്മിലുള്ള ചാറ്റുകള്‍ വീണ്ടെടുത്തു. തുടര്‍ന്ന് പ്രതിയുടെ മൊഴിപ്രകാരം വാടകവീടിനോടു ചേര്‍ന്ന ചതുപ്പുനിലത്തില്‍ കുഴിച്ചിട്ട യുവതിയുടെ മൃതദേഹവും സ്വര്‍ണാഭരണങ്ങളും മേക്കപ്പ് സാധനങ്ങളും മറ്റും കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/115086/Beauticia-was-killed-and-cut-to-pieces-The-accused-a-native-of-Vadakara-was-sentenced-to-death-new)