---
title: "മുഹമ്മദ് റിഷാന്റെ വീട്ടിലേക്ക് വഴിയൊരുക്കും "
english_title: "Mohammad Rishan's house will be paved"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/115929/mohammad-rishans-house-will-be-paved"
published_at: "2023-05-20T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468591a4238c_rishan.jpg"
keywords: []
---

# മുഹമ്മദ് റിഷാന്റെ വീട്ടിലേക്ക് വഴിയൊരുക്കും 

> **Lead Summary:** **വടകര:** ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിച്ച മകനെയും കൊണ്ടാണ് മാതാവ് സുബൈദ വടകര ടൗണ്‍ഹാളില്‍ നടക്കുന്ന കരുതലും കൈത്താങ്ങും അദാലത്തില്‍ എത്തിയത്. അവിടെ എത്തിച്ചേര്‍ന്ന നൂറുക്കണക്കിനാളുകളെ കണ്ടപ്പോള്‍ തന്നെ പുതിയ അപേക്ഷയുമായി എത്തിയ തന്നെ പരിഗണിക്കുമോ എന്ന ആശങ്കയിലായിരുന്നു.

## Article Content

**വടകര:** ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിച്ച മകനെയും കൊണ്ടാണ് മാതാവ് സുബൈദ വടകര ടൗണ്‍ഹാളില്‍ നടക്കുന്ന കരുതലും കൈത്താങ്ങും അദാലത്തില്‍ എത്തിയത്. അവിടെ എത്തിച്ചേര്‍ന്ന നൂറുക്കണക്കിനാളുകളെ കണ്ടപ്പോള്‍ തന്നെ പുതിയ അപേക്ഷയുമായി എത്തിയ തന്നെ പരിഗണിക്കുമോ എന്ന ആശങ്കയിലായിരുന്നു.

എന്നാൽ വീല്‍ച്ചെയറിലിരിക്കുന്ന മകനെയും കൊണ്ട് സുബൈദ തന്നെ വിളിക്കുന്നതും കാത്ത് ഇരിക്കുന്നതിനിടയിലായിരുന്നു തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുഹമ്മദ് റിഷാന്റെ അരികിലേക്ക് എത്തുന്നത്. പേര് ചോദിച്ചും കുശലം പറഞ്ഞും മന്ത്രി ഇവരുടെ ആവശ്യം ശ്രദ്ധാപ്പൂര്‍വ്വം കേട്ടു. മന്ത്രിയുടെ ജന്മനാടുകൂടിയായ കുറ്റ്യാടി തളീക്കര സ്വദേശിയായിരുന്നു റിഷാന്‍.

ജന്മനാ രോഗിയായ മകനെയും കൊണ്ട് വീട്ടിലേക്ക് വഴിയില്ലാത്തത് കാരണം ആശുപത്രിയിലേക്കും മറ്റും പോകാന്‍ പ്രയാസമാണെന്നും നല്ലൊരു വഴി വേണമെന്നും മാതാവ് മന്ത്രിയോട് പറഞ്ഞു. കൂടാതെ മകന് ഫിസിയോതെറാപ്പിയുള്‍പ്പെടെ ചികിത്സയുള്ളതിനാല്‍ സാമ്പത്തികമായി വലിയ ബാധ്യതയുണ്ടെന്നും റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

അപേക്ഷകള്‍ പരിശോധിച്ച മന്ത്രി ഉദ്യോഗസ്ഥരോട് വഴിയുമായി ബന്ധപ്പെട്ട നടപടികള്‍ എത്രയും വേഗം തന്നെ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട വിഷയവും അനുഭാവപൂര്‍വ്വം പരിഗണക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. തന്റെ അപേക്ഷ നേരിട്ട് അരികിലെത്തി പരിഗണിച്ചതിന്റെ സന്തോഷവുമായാണ് മുഹമ്മദ് റിഷാന്റെ മാതാവ് സുബൈദ അദാലത്തിന്റെ വേദിവിട്ടത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/115929/mohammad-rishans-house-will-be-paved)