---
title: "അക്ഷര സദ്യ;  ഉപ്പയുടെ സ്മരണയ്ക്ക് വിവാഹ വീട്ടിൽ അക്ഷര സദ്യ ഒരുക്കി യുവ ഡോക്ടർ "
english_title: "Akshara Sadya; Yuva doctor prepares Akshara Sadya at wedding house in memory of father"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/116270/akshara-sadya-yuva-doctor-prepares-akshara-sadya-at-wedding-house-in-memory-of-father"
published_at: "2023-05-21T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646a53b25a2a6_yuva_doctor.jpg"
keywords: []
---

# അക്ഷര സദ്യ;  ഉപ്പയുടെ സ്മരണയ്ക്ക് വിവാഹ വീട്ടിൽ അക്ഷര സദ്യ ഒരുക്കി യുവ ഡോക്ടർ 

> **Lead Summary:** ** എടച്ചേരി:** പഠിക്കാനും അറിയാനും പുതുതലമുറയെ പ്രേരിപ്പിക്കാൻ വേറിട്ട പരിപാടിയുമായി യുവ ഡോക്ടർ. തലായിയിലെ മലോൽ ഡോക്ടർ ഫാത്തിമ നസ്റിൻ ആണ് തന്റെ കല്യാണ ദിവസം വീട്ടുമുറ്റത്ത് വിശാലമായ പുസ്തക പ്രദർശനം ഒരുക്കി വായനയുടെ പുതുലോകം പരിചയപ്പെടുത്തിയത്.

## Article Content

** എടച്ചേരി:** പഠിക്കാനും അറിയാനും പുതുതലമുറയെ പ്രേരിപ്പിക്കാൻ വേറിട്ട പരിപാടിയുമായി യുവ ഡോക്ടർ. തലായിയിലെ മലോൽ ഡോക്ടർ ഫാത്തിമ നസ്റിൻ ആണ് തന്റെ കല്യാണ ദിവസം വീട്ടുമുറ്റത്ത് വിശാലമായ പുസ്തക പ്രദർശനം ഒരുക്കി വായനയുടെ പുതുലോകം പരിചയപ്പെടുത്തിയത്.

തന്നെ പഠിക്കാനും ഉയരാനും ഏറെ പ്രേരിപ്പിച്ച് ആകസ്മികമായി മരണപ്പെട്ട പിതാവ് നാസറിന്റെ സ്മരണക്കാണ് പുസ്തക പ്രദർശനം ഒരുക്കിയത്. തന്റെ മാതാവ് ആമിന അധ്യാപികയായ ഉമ്മത്തൂർ ഹയർസെക്കന്ററി സ്കൂളിലെ ലൈബ്രറി സമിതിയുമായി സഹകരിച്ചാണ് കല്യാണപ്പന്തലിൽ പുസ്തക പ്രദർശനവും വിൽപനയും ഒരുക്കിയത്.

അവശേഷിക്കുന്ന പുസ്തകങ്ങളും വിറ്റുവരവ് സംഖ്യക്ക് വാങ്ങിക്കുന്ന കൂടുതൽ പുസ്തകങ്ങളും സ്കൂൾ ലൈബ്രറിക്ക് നൽകുമെന്ന് ഡോ നസ്റിൻ പറഞ്ഞു. ആദ്യ പുസ്തകം ഡോക്റ്റർ നസ്റിനിൽ നിന്ന് ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ ഏറ്റുവാങ്ങി.

സ്കൂൾ അധ്യാപകർ, പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ വീട്ടിൽ നടക്കുന്ന വിവാഹം വീടുകൂടൽ എന്നീ വിശേഷ ദിവസങ്ങളിൽ അക്ഷര സദ്യ ഒരുക്കി സ്കൂൾ ലൈബ്രറിക്കു പുസ്തകം ലഭ്യമാക്കുന്ന അക്ഷരസദ്യ വ്യാപിക്കുമെന്ന് പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ പറഞ്ഞു.

ഇതിനകം ആയിരക്കണക്കിന് പുസ്തകങ്ങൾ ഇങ്ങനെ ലൈബ്രറി സമാഹരിച്ചിട്ടുണ്ട്. .അധ്യാപകരായ എൻ. കെ കുഞ്ഞബ്ദുള്ള, കെ സി ബാബു, ടി, ബി മനാഫ്, നബീൽ കുട്ടോത്ത്, അസ്‌ലം കളത്തിൽ, പി സഫീറ, പി കെ ഷമീമ, എ ജമീല, കെ കെ റസിയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/116270/akshara-sadya-yuva-doctor-prepares-akshara-sadya-at-wedding-house-in-memory-of-father)