---
title: "പരീക്ഷയിലെ ഉന്നത വിജയത്തോടൊപ്പം ജീവിതത്തിലും നന്മയുള്ളവരായി മാറുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം; രമ്യ ഹരിദാസ് എം.പി"
english_title: "The goal of education is to become good in life along with high marks in exams; Ramya Haridas M.P"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/117983/the-goal-of-education-is-to-become-good-in-life-along-with-high-marks-in-exams-ramya-haridas-mp"
published_at: "2023-05-29T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474a4dc4d531_vijayaravam.jpg"
keywords: []
---

# പരീക്ഷയിലെ ഉന്നത വിജയത്തോടൊപ്പം ജീവിതത്തിലും നന്മയുള്ളവരായി മാറുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം; രമ്യ ഹരിദാസ് എം.പി

> **Lead Summary:** ** വടകര: **പരീക്ഷകളിലെ ഉന്നത വിജയത്തോടൊപ്പം ജീവിതത്തിലും നന്മയുള്ളവരായി മാറുമ്പോഴാണ് യഥാർത്ഥ മനുഷ്യരായി നാം മാറുകയുള്ളൂ എന്ന് രമ്യ ഹരിദാസ് എം.പി പറഞ്ഞു.

## Article Content

** വടകര: **പരീക്ഷകളിലെ ഉന്നത വിജയത്തോടൊപ്പം ജീവിതത്തിലും നന്മയുള്ളവരായി മാറുമ്പോഴാണ് യഥാർത്ഥ മനുഷ്യരായി നാം മാറുകയുള്ളൂ എന്ന് രമ്യ ഹരിദാസ് എം.പി പറഞ്ഞു.

വടകര ടൗൺഹാളിൽ കെ. കെ രമ എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ എസ്.എസ്.എൽ.സി ഹയർസെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന വിജയാരവം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

എല്ലാ പ്രതികൂല സാഹചര്യത്തിലും തങ്ങളെ നന്നായി വളർത്തി പഠിപ്പിക്കുന്ന രക്ഷിതാക്കൾക്കും അധ്യാപകർക്കുമുള്ള ഗുരുദക്ഷിണയാവണം പരീക്ഷ വിജയവും ഭാവിജീവിതവും എന്ന് എം.പി കൂട്ടിച്ചേർത്തു. ഡി. ഇ.ഒ ഹെലൻ ഹൈസന്ത് മെൻഡോൺസ് അധ്യക്ഷയായി.

പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി.പി ചന്ദ്രശേഖരൻ, പി.ശ്രീജിത്ത്, ആയിഷ ഉമ്മർ, ഷക്കീല ഈങ്ങോളി, ആർ.ഡി.ഒ സി.ബിജു,ഡി.ഡി.ഇ സി.മനോജ് കുമാർ, വൈബ് ജനറൽ കൺവീനർ ശശികുമാർ പുറമേരി, ശ്രീനാരായണ സ്കൂൾ മാനേജർ പി.എം രവീന്ദ്രൻ, സയൻസെൻ്റർ എം.ഡി രജീഷ് തേറത്ത്, വൈബ് കോ ഓർഡിനേറ്റർ എം.എൻ പ്രമോദ്, കെ.സജീവൻ, സംസാരിച്ചു.

വൈബ് അക്കാദമിക് കൗൺസിൽ ചെയർമാൻ കെ.ടി മോഹൻദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രമുഖ കരിയർ വിദഗ്ധൻ കെ. നിസാമുദ്ധീൻ ക്ലാസ് എടുത്തു. മണ്ഡലത്തിലെ ആയിരത്തോളം ഉന്നത വിജയികൾക്കു കെ.കെ.രമ.എം.എൽ.എയും, നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾക്കും രമ്യ ഹരിദാസ് എം.പിയും ഉപഹാരങ്ങൾ കൈമാറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/117983/the-goal-of-education-is-to-become-good-in-life-along-with-high-marks-in-exams-ramya-haridas-mp)