---
title: "ഇന്ത്യൻ ഫുട്ബോൾ താരം കടത്തനാട്ടിൽ താരങ്ങളെ തേടുന്നു "
english_title: "Indian footballer seeks players in Kadathanad"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11984/indian-footballer-seeks-players-in-kadathanad"
published_at: "2021-11-21T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619a23627a65d_  .jpg"
keywords: []
---

# ഇന്ത്യൻ ഫുട്ബോൾ താരം കടത്തനാട്ടിൽ താരങ്ങളെ തേടുന്നു 

> **Lead Summary:** **വടകര: ** കളരിയുടേയും വോളിബോളിന്റെയും പെരുമയേറെയുള്ള വടകരയിൽന്ന് ഒരാൾ ഇന്ത്യൻ ഫുട്ബോൾ ടീമിൽ സ്ഥാനം നേടിയകാര്യം അധികമാർക്കും അറിയില്ല.നീണ്ട പ്രവാസജീവിതത്തിനുശേഷം നാട്ടിൽ തിരിച്ചത്തിയ പി.കെ. മോഹൻദാസ് എന്ന ഇന്ത്യൻ ഫുട്ബോൾ താരം വടകരക്കാർക്ക് അപരിചിതനാണ്.

## Article Content

**വടകര: ** കളരിയുടേയും വോളിബോളിന്റെയും പെരുമയേറെയുള്ള വടകരയിൽന്ന് ഒരാൾ ഇന്ത്യൻ ഫുട്ബോൾ ടീമിൽ സ്ഥാനം നേടിയകാര്യം അധികമാർക്കും അറിയില്ല.നീണ്ട പ്രവാസജീവിതത്തിനുശേഷം നാട്ടിൽ തിരിച്ചത്തിയ പി.കെ. മോഹൻദാസ് എന്ന ഇന്ത്യൻ ഫുട്ബോൾ താരം വടകരക്കാർക്ക് അപരിചിതനാണ്.

ഇന്ത്യയിലെ മുൻനിര ടീമുകളിലൊന്നായിരുന്ന മുംബൈ ടാറ്റാസിന്റെ വിശ്വസ്തനായ ഗോൾകീപ്പർ 38 വർഷങ്ങൾക്കുശേഷമാണ് നാട്ടിൽ തിരിച്ചെത്തിയത്. ചോറോട് കുട്ടാരിത്താഴെയുള്ള വീട്ടിൽ വിശ്രമജീവിതം നയിക്കാനല്ല മോഹൻദാസ് ലക്ഷ്യമിടുന്നത്. വടകരയിൽനിന്ന് രാജ്യമറിയുന്ന ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കണം. അതിനായി കുട്ടികളെ പരിശീലിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മോഹൻദാസ്.

ഇന്ത്യൻ ജൂനിയർ, സീനിയർ ടീമുകളിൽ സ്ഥാനംനേടിയ മലയാളി ഗോൾകീപ്പർ 1983-ൽ സന്തോഷ് ട്രോഫി നേടിയ മഹാരാഷ്ട്ര ടീമിൽ അംഗമായിരുന്നു. കർണാടകയ്ക്കും മഹാരാഷ്ട്രക്കുമായി മൂന്നുതവണ വീതവും സർവീസസിനായി രണ്ടുതവണയും സന്തോഷ് ട്രോഫിയിൽ കളിച്ചു. ക്ലബ്ബ് തലത്തിൽ എം.ഇ.ജി. ബെംഗളുരുവിനും ടാറ്റാസിനുമായാണ് ഗോൾവല കാത്തത്. പി.കെ. മോഹൻദാസ് മണിയൂർ യു.പി.സ്കൂളിലെ ഏഴാംക്ലാസ് പഠനത്തിനുശേഷം കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഹൈസ്കൂളിൽ ചേർന്നതാണ് മോഹൻദാസിന്റെ ജീവിതത്തിൽ വഴിത്തിരിവായത്.

പട്ടാളത്തിൽനിന്ന് വിരമിച്ചശേഷം പിതാവ് ചാത്തുക്കുട്ടി സി.സി. ട്രാൻസ്പോർട്ടിൽ ജോലി സ്വീകരിച്ചതിനെത്തുടർന്നാണ് കുടുംബം കോഴിക്കോട്ടേക്ക് താമസം മാറ്റിയത്. ക്രിസ്ത്യൻ കോളേജ് സ്കൂളിൽനിന്നാണ് കളിയുടെ ബാലപാഠങ്ങൾ സ്വായത്തമാക്കിയത്. സ്കൂൾ പഠനത്തിനുശേഷം പ്രീഡിഗ്രിയും ക്രിസ്ത്യൻ കോളേജിലായിരുന്നു. കോളേജ് ടീമിൽ സ്ഥാനംപിടിച്ച മോഹൻദാസ് 1974-ൽ ജില്ലാ ജൂനിയർ ടീമിലും സീനിയർ ടീമിലും സ്ഥാനം നേടി.

ജില്ലാ ലീഗിൽ വെള്ളയിൽ ബ്രീസിനായിരുന്നു കളിച്ചത്. കോഴിക്കോട് നാഗ്ജി ടൂർണമെന്റിൽ ബ്രീസിനായി ഒ.കെ. മിൽസിനെതിരെ നടത്തിയ ഉജ്വല പ്രകടനം മോഹൻദാസിന് എം.ഇ.ജി. ടീമിലേക്ക് വഴിതുറന്നു. എം.ഇ.ജി. പരിശീലകൻ കേണൽ ബാലകൃഷ്ണൻ യുവഗോൾകീപ്പറുടെ പ്രകടനത്തിൽ ആകൃഷ്ടനാവുകയായിരുന്നു. ബെംഗളുരുവിൽ എം.ഇ.ജി. ടീമിനൊപ്പം ചേർന്ന മോഹൻദാസ് 1976-ൽ കർണാടക ജൂനിയർ ടീമിലേക്കും തുടർന്ന് ഇന്ത്യൻ ജൂനിയർ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1977-മുതൽ തുടരെ മൂന്നുവർഷം കർണാടക സന്തോഷ് ട്രോഫി ടീമിൽ കളിച്ചു.

അക്കാലത്തെ ഇന്ത്യയിലെ മുൻനിര ടീമിയിരുന്ന മുംബൈ ടാറ്റാസിലേക്കായിരുന്നു മലയാളി താരത്തിന്റെ അടുത്ത നീക്കം. ടാറ്റാസ് മാനേജ്മെന്റ് സമ്മർദം ചെലുത്തിയാണ് ആർമി ടീമിൽനിന്ന് മോഹൻദാസിന് വിടുതൽ നൽകിയത്. ടാറ്റാ ചെയർമാനായിരുന്ന ജെ.ആർ.ഡി. ടാറ്റയായിരുന്നു തന്റെ നിയമന ഉത്തരവിൽ ഒപ്പുവെച്ചിരുന്നതെന്ന് മോഹൻദാസ് ഓർക്കുന്നു. 1983-ലെ കൊച്ചി നെഹ്രുകപ്പ് അന്താരാഷ്ട്ര ടൂർണമെന്റിനുള്ള ഇന്ത്യൻ ടീം ക്യാമ്പിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

1985-ൽ വെസ്റ്റിൻഡീസിൽ പര്യടനം നടത്തിയ ഇന്ത്യൻ ടീമിലും സൗത്ത് ഏഷ്യൻ പര്യടനത്തിലും അംഗമായി. കൊൽക്കത്തയിൽ 1983-ൽ പിയർലെസ് ട്രോഫി ഫൈനലിൽ മോഹൻബഗാനെ 2-1-ന് കീഴടക്കി ടാറ്റാസ് ചാമ്പ്യൻമാരായത് മോഹൻദാസിന്റെ കളിജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളിലൊന്നാണ്. കളിയിൽനിന്ന് വിരമിച്ചശേഷം കോച്ചിങ്ങിൽ സി.ഡി. ലൈസൻസുകൾ നേടിയാണ് മോഹൻദാസ് പരിശീലനരംഗത്തിറങ്ങിയത്.

മൂംബൈ അക്ബർ ട്രാവൽസ്, റാലീസ് ഇന്ത്യ, രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ടീമുകളുടെ കോച്ചായിരുന്നു. ഇരിങ്ങൽ പപ്പൻ മെമ്മോറിയൽ അക്കാദമിയുമായി സഹകരിച്ച് പരിശീലനം നൽകാനുള്ള പദ്ധതി തയ്യാറായിവരികയാണ്. ഉഷയാണ് ഭാര്യ. മക്കൾ ഐ.ടി. പ്രഫഷണലുകളായ മോനികേഷും മോനിഷയും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11984/indian-footballer-seeks-players-in-kadathanad)