---
title: "നിസ്വാർത്ഥ സേവനം; റോഡ് നന്നാക്കി വള്ളിക്കാടിലെ ഓട്ടോ തൊഴിലാളികൾ "
english_title: "selfless service; Auto workers of Vallikad repaired the road"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/120444/selfless-service-auto-workers-of-vallikad-repaired-the-road"
published_at: "2023-06-07T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64805aad48b2a_road.jpg"
keywords: []
---

# നിസ്വാർത്ഥ സേവനം; റോഡ് നന്നാക്കി വള്ളിക്കാടിലെ ഓട്ടോ തൊഴിലാളികൾ 

> **Lead Summary:** **വള്ളിക്കാട്: ** മാസങ്ങളായി യാത്രക്കാരുടെ നടുവൊടിക്കുന്ന കുഴികൾക്ക് വിട. നിരവധി തവണ പരാതി അറിയിച്ചിട്ടും അധികൃതർ തുടരുന്ന അനാസ്ഥയ്ക്കെതിരെ കുഴികൾ അടച്ച് മാതൃകയായി വള്ളിക്കാടിലെ ഓട്ടോ ഡ്രൈവർമാർ. വള്ളിക്കാട് ഓട്ടോ സ്റ്റാൻഡിലെ 25 ഓളം വരുന്ന ഓട്ടോ തൊഴിലാളികൾ ചേർന്നു കൊണ്ടാണ് അവരവരുടെ അധ്വാനത്തിൽ നിന്നും വിഹിതമെടുത്ത് റോഡ് ഗതാഗത യോഗ്യമാക്കിയത്.

## Article Content

**വള്ളിക്കാട്: ** മാസങ്ങളായി യാത്രക്കാരുടെ നടുവൊടിക്കുന്ന കുഴികൾക്ക് വിട. നിരവധി തവണ പരാതി അറിയിച്ചിട്ടും അധികൃതർ തുടരുന്ന അനാസ്ഥയ്ക്കെതിരെ കുഴികൾ അടച്ച് മാതൃകയായി വള്ളിക്കാടിലെ ഓട്ടോ ഡ്രൈവർമാർ. വള്ളിക്കാട് ഓട്ടോ സ്റ്റാൻഡിലെ 25 ഓളം വരുന്ന ഓട്ടോ തൊഴിലാളികൾ ചേർന്നു കൊണ്ടാണ് അവരവരുടെ അധ്വാനത്തിൽ നിന്നും വിഹിതമെടുത്ത് റോഡ് ഗതാഗത യോഗ്യമാക്കിയത്.

ചോറോട് ഗ്രാമപഞ്ചായത്തിലെ സുപ്രധാന റോഡുകളിലൊന്നായ,വള്ളിക്കാട് ടൗണിൽ നിന്നും പുഞ്ചപ്പാലം വഴി, മലോൽമുക്കിലേക്കും പഴങ്കാവിലേക്കും പോകുന്ന റോഡിലെ വലിയ കുഴികളാണ് ഓട്ടോ തൊഴിലാളികൾ ചേർന്നു നന്നാക്കിയത്.

സ്കൂൾ തുറന്നതോടുകൂടി ഈ റോഡിലുള്ള തിരക്കും വർദ്ധിച്ചിട്ടുണ്ട്. ചോറോട് ഗ്രാമപഞ്ചായത്തിലെ പ്രധാന പള്ളിക്കൂടമായ വരിശ്യക്കുനി യു.പി സ്കൂളുൾപ്പടെയുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളാണ് വിദ്യാർത്ഥികളുമായി ദിനേന ഇതു വഴി കടന്നുപോകുന്നത്.

പുഞ്ചപ്പാലം വഴി വരിശ്യക്കുനി യു പി സ്കൂളിലേക്ക് വരുന്ന വഴിയിലാണ് പ്രധാന റോഡിനെ കീറിമുറിച്ചുള്ള വലിയ ഗർത്തങ്ങളുള്ളത്. കുഴിക്ക് സമീപത്ത് തന്നെയാണ് വരിശ്യക്കുനി ഭാഗത്തേക്കുള്ള വൈദ്യുതി ട്രാൻസ്ഫോർമറുമുള്ളത് എന്നത്, അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു.

കുഴിയെ വെട്ടിച്ച് അബദ്ധവശാൽ ട്രാൻസ്ഫോർമറിൽ വാഹനമിടിച്ചാൽ വലിയ അപകടമായിരിക്കും സംഭവിക്കുക. അതുകൊണ്ടുതന്നെ, മാസങ്ങളായി റോഡ് നന്നാക്കുമെന്ന ഓട്ടോ ഡ്രൈവർമാരുടെ കാത്തിരിപ്പിന് സ്വാഭാവികമായി അറുതി വരികയായിരുന്നു.

രാവന്തിയോളം, നിസ്വാർത്ഥ സേവനങ്ങൾ നടത്തി പൊതുജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന വള്ളിക്കാടിലെ ഓട്ടോ തൊഴിലാളികളുടെ ജീവൽ പ്രശ്നം കൂടിയാണ് റോഡിലെ കുഴികൾ അടക്കുക എന്നുള്ളത്. മറ്റു വാഹനങ്ങളേക്കാൾ കൂടുതലായി നിരത്തിൽ കാണുന്ന മുച്ചക്രവാഹനമാണ് ഓട്ടോറിക്ഷ, അതിനാൽ തന്നെ,നിരത്തിലെ ഏതെങ്കിലും ഒരു കുഴിയിൽ ടയർ താഴ്ന്നു പോകാനുള്ള സാധ്യത കൂടുതലാണ്.

മൺസൂൺ കാലമായതോടുകൂടി വലിയ കേടുപാടുകളാണ് ഓട്ടോറിക്ഷകൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഡ്രൈവർമാർ പറയുന്നു. കുഴികൾക്ക് ഒരു അറുതി വരുത്താതെ ഇനിയും മുന്നോട്ടുപോകുക പ്രയാസകരമാണെന്നതിന്റെ അടിസ്ഥാനത്തിൽ പ്രധാന കുഴികൾ അടക്കുവാൻ ഓട്ടോ തൊഴിലാളികൾ തയ്യാറാവുകയായിരുന്നു.

വള്ളിക്കാടിൽ നിന്നും പുഞ്ചപ്പാലം വഴി മലോൽമുക്കിലേക്കും, പഴങ്കാവിലേക്കും പോകുന്ന റോഡിലെ കുഴികളാണ് ഓട്ടോ ഡ്രൈവർമാർ ചേർന്നുകൊണ്ട് അടച്ചത്. വള്ളിക്കാട്ടിലെ 25ഓളം വരുന്ന ഓട്ടോ ഡ്രൈവർമാർ അവരുടെ കയ്യിൽ നിന്നും ഉപജീവനത്തിനിടെ ലഭിച്ച പണം ഉപയോഗിച്ചുകൊണ്ടാണ് രാത്രി സമയത്ത് പൊതുജന സേവനത്തിൽ ഏർപ്പെട്ടത്.

02-06-23 നും, 05-06-23 നും രാത്രി 7 മണി മുതൽ 11:00 മണി വരെ രണ്ടു രാത്രികളിലായിട്ടായിരുന്നു കുഴികൾ അടച്ചത്. നാല് ചാക്ക് സിമന്റ്, മണൽ , മറ്റു അനുബന്ധ സാധനങ്ങൾ ഉപയോഗിച്ചാണ് കുഴികൾ അടച്ചത്.

ഒരു ഭാഗത്ത് ദേശീയപാതയുടെ വികസനം ദ്രുതഗതിയിൽ നടക്കുന്നതിനാൽ വടകരയിൽ നിന്നും മറ്റു പ്രദേശങ്ങളിൽ നിന്നും എളുപ്പവഴിയെന്നുള്ള നിലയിൽ വള്ളിക്കാട് പുഞ്ചപ്പാലം വഴിയാണ് വാഹനങ്ങൾ കടന്നു പോകുന്നത്.

ഓട്ടോ തൊഴിലിനോടൊപ്പം തന്നെ പ്രദേശത്തെ വാർപ്പ് തൊഴിലാളികൾ കൂടിയായ രതീഷ് വള്ളിക്കാട്, പവിത്രൻ കപ്പോയിൽ, ഗോപു വള്ളിക്കാട് എന്നിവരും, അഷ്കർ, മോഹനൻ, ബിജു കെ.കെ, മുഹമ്മദ്, സുധി, ഇർഷാദ്, ടി.പി കുട്ടൻ, ഐ.കെ.കുട്ടൻ, ബാബു.പി, ഉൾപ്പെടെയുള്ള ഓട്ടോ ഡ്രൈവർമാർ റോഡിലെ കുഴികൾ അടക്കുന്നതിൽ പ്രയത്നിച്ചു.

അധികാരികൾ ഇനിയും കണ്ണ് തുറക്കുന്നില്ലെങ്കിൽ ദിനേന ഓട്ടോ സർവീസ് നടത്തുന്ന കപ്പോയിൽ റോഡിലേയും, പടവത്തും താഴെ റോഡിലെ കുഴികളും അടക്കേണ്ടതായി വരും. അതിനായി ഒരുപക്ഷേ കോൺക്രീറ്റ് മെഷീൻ തന്നെ ഉപയോഗിക്കേണ്ടി വരുമെന്നുള്ള കാര്യവും വള്ളിക്കാടിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ സൂചിപ്പിച്ചു.

കക്ഷിരാഷ്ട്രീയ ഭേദമന്യേ പൊതു ഗതാഗത നിരത്തിലെ കുഴികളും, ഗർത്തങ്ങളും, രാത്രിയിലെ ഏതാനും ചില മണിക്കൂറുകൾ കൊണ്ട് അടക്കുകയും, ഉറച്ച ബലമുള്ള നിരത്താക്കി മാറ്റുകയും ചെയ്ത വള്ളിക്കാടിലെ ഓട്ടോ തൊഴിലാളികളെ എത്ര പ്രശംസിച്ചാലും മതിയാവില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/120444/selfless-service-auto-workers-of-vallikad-repaired-the-road)