---
title: "അടിപ്പാതക്ക് അനുമതി; മുറവിളികൾ പുതുപ്പണം നിവാസികൾക്ക് പ്രതീക്ഷയായി "
english_title: "Permit for underpass; The outcry became hope for the residents of Puduchpanam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/120614/permit-for-underpass-the-outcry-became-hope-for-the-residents-of-puduchpanam"
published_at: "2023-06-08T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648167fc39386_road.jpg"
keywords: []
---

# അടിപ്പാതക്ക് അനുമതി; മുറവിളികൾ പുതുപ്പണം നിവാസികൾക്ക് പ്രതീക്ഷയായി 

> **Lead Summary:** **വടകര: ** ദേശീയപാത വികസനത്തിന്റ ഭാഗമായി ദുരിതം പേറുന്ന പുതുപ്പണം നിവാസികൾക്ക് പ്രതീക്ഷയേകി അടിപ്പാതക്ക് അനുമതിയായി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് അനുമതി.

## Article Content

**വടകര: ** ദേശീയപാത വികസനത്തിന്റ ഭാഗമായി ദുരിതം പേറുന്ന പുതുപ്പണം നിവാസികൾക്ക് പ്രതീക്ഷയേകി അടിപ്പാതക്ക് അനുമതിയായി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് അനുമതി.

ഇത് സംബന്ധിച്ച് ഉത്തരവ് വൈകാതെ ഇറങ്ങും. അടിപ്പാത നിർമിക്കാതെയുള്ള ദേശീയപാത നിർമാണത്തിനെതിരെ ജനപ്രതിനിധികൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.

വടകര നഗരസഭ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് ഉപരിതല ഗതാഗത വകുപ്പിന് നിവേദനം സമർപ്പിക്കുകയും സ്ഥലപരിശോധന നടത്തുകയും ചെയ്‌തിരുന്നു. എൻഎച്ച് 66ന്റെ വികസനത്തോടനുബന്ധിച്ച് മൂരാട് പാലത്തിനും കരിമ്പനപ്പാലത്തിനുമിടയിൽ നാലര കിലോമീറ്റർ ദൂരത്തെ ജനങ്ങളുടെ യാത്ര തടസ്സപ്പെടുന്നത് വലിയ പ്രതിഷേധത്തിനിടയായി.

ഈ ഭാഗത്ത് പുതുപ്പണത്താണ് നിലവിൽ അടിപ്പാത അനുവദിച്ചത്. നിരവധി സർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പാതക്ക് ഇരുവശത്തുമായുണ്ട്. പൊതുമരാമത്ത് മന്ത്രി വിഷയത്തിൽ ഇടപെട്ടിരുന്നു.

കണ്ണൂക്കരയിലും നാദാപുരം റോഡിലും ഇതോടൊപ്പം അടിപ്പാതക്ക് അനുമതി ആയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/120614/permit-for-underpass-the-outcry-became-hope-for-the-residents-of-puduchpanam)