---
title: " കൊളാവിപ്പാലം  തീരം  കടലാമകള്‍ക്ക്  സുരക്ഷിതകേന്ദ്രമാകുമോ ? "
english_title: " A safe haven for turtles Kolavipalam Bridge"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12092/a-safe-haven-for-turtles-kolavipalam-bridge"
published_at: "2021-11-22T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b27dfc552c_KOLAVIPPALAM THEERAM .jpg"
keywords: []
---

#  കൊളാവിപ്പാലം  തീരം  കടലാമകള്‍ക്ക്  സുരക്ഷിതകേന്ദ്രമാകുമോ ? 

> **Lead Summary:** വടകര: വടകര: കൊളാവിപ്പാലം കടല്‍ത്തീരം കടലാമകളുടെ സുരക്ഷിതകേന്ദ്രമാകുമോ ? വടകര സാന്‍ഡ്ബാങ്ക്‌സില്‍ നിന്നെത്തിച്ച 126 മുട്ടകള്‍ തീരം പ്രകൃതിസംരക്ഷണസമിതി പ്രവര്‍ത്തകര്‍ കൊളാവിപ്പാലത്തെ ഹാച്ചറിയില്‍ വിരിയാനായി നിക്ഷേപിച്ചു. വടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മോനി കിഷോറിന്റെ നേതൃത്വത്തിലാണ് മുട്ടകള്‍ ഹാച്ചറിയില്‍ നിക്ഷേപിച്ചത്.

## Article Content

വടകര: വടകര: കൊളാവിപ്പാലം കടല്‍ത്തീരം കടലാമകളുടെ സുരക്ഷിതകേന്ദ്രമാകുമോ ? വടകര സാന്‍ഡ്ബാങ്ക്‌സില്‍ നിന്നെത്തിച്ച 126 മുട്ടകള്‍ തീരം പ്രകൃതിസംരക്ഷണസമിതി പ്രവര്‍ത്തകര്‍ കൊളാവിപ്പാലത്തെ ഹാച്ചറിയില്‍ വിരിയാനായി നിക്ഷേപിച്ചു. വടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മോനി കിഷോറിന്റെ നേതൃത്വത്തിലാണ് മുട്ടകള്‍ ഹാച്ചറിയില്‍ നിക്ഷേപിച്ചത്.

സാന്‍ഡ്ബാങ്ക്‌സില്‍ മുട്ടയിടാനെത്തിയ ആമയെ കണ്ട് ആളുകള്‍ കൂടിയത് ശ്രദ്ധയില്‍പ്പെട്ട കിഷോര്‍ കൊളാവിപ്പാലം തീരം സംരക്ഷണ സമിതി പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. തീരം പ്രവര്‍ത്തകരായ കെ. സുരേന്ദ്രബാബു, സി. സതീശന്‍ എന്നിവര്‍ മുട്ട ശേഖരിച്ച് കൊളാവിപ്പാലത്ത് എത്തിച്ചു. മുട്ട ലഭിച്ചവിവരം അറിഞ്ഞ് പെരുവണ്ണാമൂഴി റെയ്ഞ്ച് ഫോറസ്റ്റര്‍ രാഘവന്‍ ഹാച്ചറി കാണാനുമെത്തി.

രൂക്ഷമായ കടലാക്രമണംമൂലം കൊളാവിപ്പാലത്ത് തീരം ഇല്ലാതായത് കാരണമാണ് മറ്റ് തീരങ്ങള്‍തേടി ആമകള്‍ പോകുന്നത്. തീരം പ്രകൃതിസംരക്ഷണ പ്രവര്‍ത്തകര്‍ ആമയ്ക്കും മുട്ടയ്ക്കും നല്‍കിയ സംരക്ഷണമാണ് വംശവര്‍ധനയ്ക്കായി കൊളാവിപ്പാലം തീരം ലക്ഷ്യമാക്കി ആമകള്‍ വീണ്ടും വരാന്‍ ഇടയാക്കിയത്. കടലാമകളില്‍ എറ്റവും ചെറുതായ ഒലിവ് റിഡ്‌ലി വിഭാഗത്തിലുള്ളവയാണ് ഇവിടെയെത്തുന്നത്. മുക്കാല്‍ മണിക്കൂര്‍കൊണ്ട് 180 മുട്ടവരെ ഇട്ടുപോയ ആമകളുണ്ട് .

അര അടിയോളം താഴ്ചയില്‍ ഫണലാകൃതിയില്‍ കുഴിയുണ്ടാക്കി അതിലാണ് ആമകള്‍ മുട്ടയിടുക. തുടര്‍ന്ന് കുഴി സ്വന്തം ശരീരംകൊണ്ട് അമര്‍ത്തിമൂടി തിരിച്ചുപോകും. മറ്റുള്ളവര്‍ കാണാതിരിക്കാന്‍ മണല്‍ ഇതിന് മുകളില്‍ വാരിവിതറുകയും ചെയ്യും. ഇങ്ങനെയൊക്കെ ചെയ്താലും പലപ്പോഴും മുട്ട നശിപ്പിക്കപ്പെടാറുണ്ട്. കുറുക്കനും കീരിയും കൊണ്ടുപോകുന്നത് പോലെ മനുഷ്യനും ഇവ ശപ്പാടാക്കും. ചിലപ്പോള്‍ ആമയും തീന്‍മേശയിലെത്തും. ഈ സാഹചര്യത്തിലാണ് തീരം പ്രവര്‍ത്തകര്‍ ആമമുട്ടയ്ക്ക് കാവലായി രംഗത്ത് വന്നത്.

ഇവരുടെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് 1998 മുതല്‍ വനംവകുപ്പും സഹായവുമായെത്തി. എന്നാല്‍ ഒമ്പത് കിലോമീറ്റര്‍ നീളത്തിലും ഒന്നര കിലോമീറ്റര്‍ ഉള്ളിലേക്കും ഉണ്ടായിരുന്ന തീരം ചുരുങ്ങിയതോടെ ആമകള്‍ വരാതെയായി. കഴിഞ്ഞവര്‍ഷം ഒരു ആമപോലും വന്നിട്ടില്ല. ഇതോടെ വനംവകുപ്പിനുകീഴിലുള്ള ആമസംരക്ഷണകേന്ദ്രവും അടഞ്ഞു. അഴിമുഖത്ത് നടക്കുന്ന മണലെടുപ്പും അതിന് വടക്ക് പുളിമുട്ട് നിര്‍മിച്ചതുമാണ് കടല്‍ കൊളാവിപ്പാലം തീരത്തേക്ക് കയറാന്‍ ഇടയാകുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12092/a-safe-haven-for-turtles-kolavipalam-bridge)