---
title: "പ്ലസ് വൺ സീറ്റ് അപര്യാപ്തത; കൂടുതൽ ബാച്ചുകൾ അനുവദിച്ചു പരിഹാരം കാണണമെന്ന് - പാറക്കൽ അബ്ദുള്ള "
english_title: "Plus one seat shortage; More batches should be allowed and solution should be found - Parakkal Abdullah"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/121346/plus-one-seat-shortage-more-batches-should-be-allowed-and-solution-should-be-found-parakkal-abdullah"
published_at: "2023-06-10T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6484860fdd20a_parakkal_abdulla.jpg"
keywords: []
---

# പ്ലസ് വൺ സീറ്റ് അപര്യാപ്തത; കൂടുതൽ ബാച്ചുകൾ അനുവദിച്ചു പരിഹാരം കാണണമെന്ന് - പാറക്കൽ അബ്ദുള്ള 

> **Lead Summary:** **വടകര: **പ്ലസ് വൺ പ്രവേശനം മലബാർ ജില്ലകളിൽ കൂടുതൽ ഹയർ സെക്കൻഡറി ബാച്ചുകൾ അനുവദിച്ച് വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധിക്ക് യുദ്ധകാല അടിസ്ഥാനത്തിൽ പരിഹാരം കാണുന്നതിന് ഇടത് സർക്കാർ തയ്യാറാകണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള അഭിപ്രായപ്പെട്ടു.

## Article Content

**വടകര: **പ്ലസ് വൺ പ്രവേശനം മലബാർ ജില്ലകളിൽ കൂടുതൽ ഹയർ സെക്കൻഡറി ബാച്ചുകൾ അനുവദിച്ച് വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധിക്ക് യുദ്ധകാല അടിസ്ഥാനത്തിൽ പരിഹാരം കാണുന്നതിന് ഇടത് സർക്കാർ തയ്യാറാകണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള അഭിപ്രായപ്പെട്ടു.

എം എസ് എഫ് വടകര മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച എസ് എസ് എൽ സി,പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലബാറിൽ അമ്പതിനായിരത്തിലധികം വിദ്യാർത്ഥികൾ പുറത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. ഓരോ സ്കൂളിലും ഒരു അധിക ബാച്ച് എന്ന പ്രൊഫ വി കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയാൽ മാത്രമേ മലബാറിലെ സീറ്റ് ക്ഷാമത്തിൽ അന്തിമ പരിഹാരം കാണാൻ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വടകര മുനിസിപ്പൽ എം എസ് എഫ് പ്രസിഡന്റ് ഹിജാസ് വി പി അധ്യക്ഷത വഹിച്ചു. എം എസ് എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ അഫ്നാസ് ചോറോട് മുഖ്യപ്രഭാഷണം നടത്തി. സിജി കോർ റിസോഴ്സ് പേഴ്സണും കരിയർ മാസ്റ്ററുമായ ടി കെ അബ്ദുൾ നാസർ മാസ്റ്റർ മാവൂർ കരിയർ ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകി .

വടകര മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം പി അബ്ദുൾ കരീം, എം എസ് എഫ് വടകര നിയോജക മണ്ഡലം പ്രസിഡന്റ് സഫീർ കെ കെ, മുസ്ലിം യൂത്ത് ലീഗ് വടകര മുനിസിപ്പൽ സെക്രട്ടറി അജിനാസ് യു എന്നിവർ സംസാരിച്ചു.വടകര മുനിസിപ്പൽ എം എസ് എഫ് ജനറൽ സെക്രട്ടറി ജാസിർ ബിൻ ജലീൽ സ്വാഗതവും അഷ്‌ഫാഖ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/121346/plus-one-seat-shortage-more-batches-should-be-allowed-and-solution-should-be-found-parakkal-abdullah)