---
title: "തീര സുരക്ഷ; ബോട്ടുകളുടെയും വള്ളങ്ങളുടെയും ഭൗതിക പരിശോധന നടത്തും -ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ "
english_title: "Coastal Security; Physical inspection of boats and boats will be conducted by -Deputy Director of Fisheries"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/123749/coastal-security-physical-inspection-of-boats-and-boats-will-be-conducted-by-deputy-director-of-fisheries"
published_at: "2023-06-20T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64917494e1b01_boat.jpg"
keywords: []
---

# തീര സുരക്ഷ; ബോട്ടുകളുടെയും വള്ളങ്ങളുടെയും ഭൗതിക പരിശോധന നടത്തും -ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ 

> **Lead Summary:** **വടകര: ** തീര സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി യന്ത്രവൽകൃത ട്രോൾ ബോട്ടുകളുടെയും ഇൻബോർഡ് വള്ളങ്ങളുടെയും ഭൗതിക പരിശോധന നടത്തുന്നു. ഭൗതിക പരിശോധന പൂർത്തിയാക്കിയാൽ മാത്രമെ ഇവ ട്രോളിംഗ് നിരോധനത്തിന് ശേഷം മത്സ്യബന്ധനത്തിനായി കടലിൽ ഇറക്കാൻ സാധിക്കുകയുള്ളൂ എന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബി.കെ സുധീർ കിഷൻ അറിയിച്ചു.

## Article Content

**വടകര: ** തീര സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി യന്ത്രവൽകൃത ട്രോൾ ബോട്ടുകളുടെയും ഇൻബോർഡ് വള്ളങ്ങളുടെയും ഭൗതിക പരിശോധന നടത്തുന്നു. ഭൗതിക പരിശോധന പൂർത്തിയാക്കിയാൽ മാത്രമെ ഇവ ട്രോളിംഗ് നിരോധനത്തിന് ശേഷം മത്സ്യബന്ധനത്തിനായി കടലിൽ ഇറക്കാൻ സാധിക്കുകയുള്ളൂ എന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബി.കെ സുധീർ കിഷൻ അറിയിച്ചു.

സംസ്ഥാനത്ത് മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷനും ലൈസൻസും അനുവദിക്കുന്നത് റിയൽ ക്രാഫ്റ്റ് സോഫ്റ്റ് വെയർ വഴിയാണ്. അപകടത്തിൽപ്പെട്ടും കാലപ്പഴക്കം മൂലവും നശിച്ചുപോയതും കാലാകാലങ്ങളിൽ അന്യസംസ്ഥാനത്തേക്കും മറ്റും വിറ്റുപോയിട്ടുള്ളതുമായ യാനങ്ങളെ യഥാസമയം ഫ്‌ളീറ്റിൽ നിന്നും ഒഴിവാക്കിയിട്ടില്ല.

അതിനാൽ സോഫ്റ്റ് വെയറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യാനങ്ങളുടെ ആകെ എണ്ണം സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മത്സ്യബന്ധനയാനങ്ങളുടെ യഥാർത്ഥ എണ്ണത്തേക്കാൾ വളരെ കൂടുതലാണ്.

ഇത് മറൈൻ മേഖലയിൽ പദ്ധതി നിർവ്വഹണത്തിന് പലപ്പോഴും തടസ്സമാകുന്നുണ്ടെന്നും ഈ പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്ന് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശമുണ്ടെന്നും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

എല്ലാ യന്ത്രവൽകൃത ട്രോൾ ബോട്ടുകളുടെയും ഇൻബോർഡ് വള്ളങ്ങളുടെയും ഉടമകൾ ഭൗതിക പരിശോധനയുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/123749/coastal-security-physical-inspection-of-boats-and-boats-will-be-conducted-by-deputy-director-of-fisheries)