---
title: "വടകരയിലെ പട്ടിക വര്‍ഗ  പ്രീമെട്രിക്  ഹോസ്റ്റലിന് സ്ഥലം അനുവദിച്ചു"
english_title: " Scheduled Tribe Premetric in Vadakara Allocated space for hostel"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12404/scheduled-tribe-premetric-in-vadakara-allocated-space-for-hostel"
published_at: "2021-11-23T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619cd266b3377_vatakara st hostel .jpg"
keywords: []
---

# വടകരയിലെ പട്ടിക വര്‍ഗ  പ്രീമെട്രിക്  ഹോസ്റ്റലിന് സ്ഥലം അനുവദിച്ചു

> **Lead Summary:** വടകര: ഏറെക്കലത്തെ കാത്തിരിപ്പിനും പരിശ്രമത്തിനുമൊടുവില്‍ സമൂഹത്തിലെ അടിസ്ഥാന വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ചു പഠിക്കാനായുള്ള പട്ടിക വര്‍ഗ പ്രീമെട്രിക് ഹോസ്റ്റലിനായി സ്ഥലം ലഭ്യമായി. ഇതിനെത്തുടര്‍ന്ന് കെ.കെ രമ എം.എല്‍.എ ഹോസ്റ്റല്‍ സന്ദര്‍ശിച്ചു.

## Article Content

വടകര: ഏറെക്കലത്തെ കാത്തിരിപ്പിനും പരിശ്രമത്തിനുമൊടുവില്‍ സമൂഹത്തിലെ അടിസ്ഥാന വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ചു പഠിക്കാനായുള്ള പട്ടിക വര്‍ഗ പ്രീമെട്രിക് ഹോസ്റ്റലിനായി സ്ഥലം ലഭ്യമായി. ഇതിനെത്തുടര്‍ന്ന് കെ.കെ രമ എം.എല്‍.എ ഹോസ്റ്റല്‍ സന്ദര്‍ശിച്ചു.

കാലങ്ങളായി അവഗണന നേരിടുകയാണ് സമൂഹത്തിലെ ഈ അടിസ്ഥാന വിഭാഗം. ഇതിന്റെ നേര്‍ക്കാഴ്ചയാണ് വടകര പുതുപ്പണത്തെ നിലവിലുള്ള കുട്ടികളുടെ ഹോസ്റ്റല്‍. ഇറിഗേഷന്‍ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ പൊട്ടിപ്പൊളിഞ്ഞു വീഴാറായ പഴഞ്ചന്‍ കെട്ടിടത്തിലാണ് ഈ കാലമത്രയും ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചു വന്നത്.

യാതൊരുവിധ അടിസ്ഥാന സൗകര്യവുമില്ലാത്ത ഹോസ്റ്റലിലെ കുട്ടികളുടെ ജീവിതം ഏറെ ദുരിതപൂര്‍ണമാണ്. ഇറിഗേഷന്‍ വകുപ്പില്‍ നിന്നും സ്ഥലം കൈമാറിക്കിട്ടാത്തതാണ് കെട്ടിടനവീകരണത്തിനു ഇതുവരെ തടസമായി നിന്നത്. ആരും തിരിഞ്ഞുനോക്കാനില്ലാതെ വര്‍ഷങ്ങളായി ഇതിനുള്ള ഫയല്‍ ചുവപ്പുനാടയില്‍ കുരുങ്ങി കിടക്കുന്നു. ജെ.എന്‍.എം സ്‌കൂളിലെ ചില അധ്യാപകര്‍ ഈ വിഷയം ശ്രദ്ധയില്‍പെടുത്തിയ ഉടന്‍ പട്ടികവര്‍ഗ ക്ഷേമവകുപ്പുമായും, റവന്യൂ വകുപ്പുമായും ബന്ധപ്പെട്ടു. പിന്നീട് നടന്ന ഡി.ഡി.സി മീറ്റിങ്ങുകളില്‍ ഇതൊരു പ്രധാനവിഷയമായി ഉന്നയിച്ചു.

നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് ഹോസ്റ്റല്‍ നിര്‍മാണത്തിനായി ഭൂമിയുടെ കൈവശാവകാശം പട്ടിക വര്‍ഗ വികസന വകുപ്പിന് കൈമാറി റവന്യൂ വകുപ്പ് ഉത്തരവായിരിക്കുകയാണ്. ചോര്‍ന്നൊലിക്കുന്ന മുറികളും പൊട്ടിപൊളിഞ്ഞ കട്ടിലുകളുമെല്ലാമാണ് ഹോസ്റ്റലിലുള്ളത്. കുട്ടികള്‍ക്ക് മാറിയുടുക്കാനുള്ള നല്ല വസ്ത്രങ്ങള്‍ പോലുമില്ലാത്ത അവസ്ഥയാണ്. എം.എല്‍.എയുടെ സന്ദര്‍ശനവേളയില്‍ കുട്ടികള്‍ തങ്ങളുടെ ദുരിതങ്ങളുടെ കെട്ടഴിച്ചു.

24 കുട്ടികള്‍ നാടിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി ഇപ്പോള്‍ ഹോസ്റ്റലില്‍ താമസിക്കുന്നുണ്ട്. കൂടുതലും പുതുപ്പണം ജെ.എന്‍.എം സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ്. യാത്രാസൗകര്യം ഇല്ലാത്തതിനാല്‍ ദിവസവും നടന്നാണ് കുട്ടികള്‍ സ്‌കൂളിലെത്തുന്നത്. ഇതിനു പരിഹരിഹാരമായി യാത്രാസൗകര്യം ഒരുക്കിതരണമെന്നും കുട്ടികള്‍ എം.എല്‍.എയോട് ആവശ്യപ്പെട്ടു.

പ്രശ്‌ന പരിഹാരത്തിന് ഇടപെടാമെന്നും, പുതിയ ഹോസ്റ്റല്‍ കെട്ടിടത്തിനായി സര്‍ക്കാരില്‍നിന്നും എത്രയുംവേഗം ഫണ്ട് ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും, ഇതിന് എന്തെങ്കിലും തടസമുണ്ടാവുകയാണെങ്കില്‍ അടുത്തസാമ്പത്തിക വര്‍ഷത്തെ എം.എല്‍.എ ഫണ്ടില്‍ നിന്നും ഹോസ്റ്റല്‍ നിര്‍മാണത്തിനായി തുക വകയിരുത്തുമെന്നും എം.എല്‍.എ ഉറപ്പുനല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12404/scheduled-tribe-premetric-in-vadakara-allocated-space-for-hostel)