---
title: "'കാബൂളിവാല' നാടകത്തെ കടത്തനാട് സ്വീകരിച്ചത് നിറഞ്ഞ കൈയ്യടിയോടെ "
english_title: "The play 'Kabuliwala' was received by Kadthanad with full applause"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/124233/the-play-kabuliwala-was-received-by-kadthanad-with-full-applause"
published_at: "2023-06-22T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64940530a2a76_kabulivala1.jpg"
keywords: []
---

# 'കാബൂളിവാല' നാടകത്തെ കടത്തനാട് സ്വീകരിച്ചത് നിറഞ്ഞ കൈയ്യടിയോടെ 

> **Lead Summary:** **വടകര:** നഗരസഭാ കലാ സാംസ്കാരിക അക്കാദമിയുടെ നേതൃത്വത്തിൽ അരങ്ങിലെത്തിയ 'കാബൂളിവാല' യെ കടത്തനാട് സ്വീകരിച്ചത് നിറഞ്ഞ കൈയ്യടിയോടെ. നാടകത്തെയും കലയെയും സ്നേഹിക്കുന്നവരുടെ വലിയൊരു കൂട്ടായ്മയായി രണ്ട് ദിവസങ്ങളിലായി ടൗൺഹാളിൽ നടന്ന നാടകാവതരണം മാറി.

## Article Content

**വടകര:** നഗരസഭാ കലാ സാംസ്കാരിക അക്കാദമിയുടെ നേതൃത്വത്തിൽ അരങ്ങിലെത്തിയ 'കാബൂളിവാല' യെ കടത്തനാട് സ്വീകരിച്ചത് നിറഞ്ഞ കൈയ്യടിയോടെ. നാടകത്തെയും കലയെയും സ്നേഹിക്കുന്നവരുടെ വലിയൊരു കൂട്ടായ്മയായി രണ്ട് ദിവസങ്ങളിലായി ടൗൺഹാളിൽ നടന്ന നാടകാവതരണം മാറി.

ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടന്ന മൂന്ന് അവതരണങ്ങളിൽ മുതിർന്നവരും കുട്ടികളുമായി 4000 ലേറെ പേർ നാടകം കാണാനെത്തി. കാബൂളിവാലയുടെയും മിനി എന്ന കൊച്ചു പെൺകുട്ടിയുടെയും സ്നേഹോഷ്മള ബന്ധത്തിന്റ കഥ പറയുന്ന നാടകം വടകരക്കായി സമ്മാനിച്ചത് സുരേഷ് ബാബു ശ്രീസ്ഥയും, മനോജ് നാരായണനും ചേർന്നാണ്.

കാബൂളിവാലയായി ബാബുരാജ് അറക്കിലാടും, ടാഗോറായി പി കെ കൃഷ്ണദാസും മിനി മോളായി അഭിരാമിയും, മിനി മോളുടെ യൗവന കാലത്തെ അനശ്വരമാക്കി സിയാനയും അരങ്ങു തകർത്തു.

ദേശത്തിന്റെയും ഭാഷയുടെയും അതിർവരമ്പുകൾ ഭേദിച്ച കാബൂളിവാല എന്ന ചെറുകഥ 1892ലാണ് ടാഗോർ രചിച്ചത്. ഉണക്കപ്പഴങ്ങൾ വിൽക്കാൻ കൊൽക്കത്തയിൽ എത്തുന്ന വ്യാപാരിയുടെയും മിനി എന്ന കൊച്ചു പെൺകുട്ടിയുടെയും ആത്മ സൗഹൃദമാണ് കഥയുടെ പ്രമേയം.

നിരന്തരം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്ന മിനി എന്ന പെൺകുട്ടി നേരിന്റെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കണമെന്ന സന്ദേശമാണ് നാടകത്തിലൂടെ നൽകുന്നത്. സജയ് കെ വി മൊഴിമാറ്റി സത്യജിത്ത് തൃശൂർ ബംഗാളി സംഗീതത്തിൽ ഒരുക്കിയ ഗാനങ്ങൾ നിറഞ്ഞ കൈയ്യടിയോടെ പ്രേക്ഷകർ സ്വീകരിച്ചു.

കാശി പൂക്കാടിന്റെ ദീപവിതാനവും സുബീഷിന്റെ രംഗ സജ്ജീകരണവും ഒരു വേള കാണികളെ കൽക്കത്തയുടെ തെരുവീഥികളിലെത്തിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/124233/the-play-kabuliwala-was-received-by-kadthanad-with-full-applause)