---
title: "#vadakara |ഇതൾ വൈറലാകുന്നു; അച്ഛനമ്മമാരുടെ നാവും കാതുമായ വടകരയിലെ മിടുക്കി കേരളത്തിന്റെ ശബ്ദമാകുന്നു "
english_title: "The #cleverness of #Vadakara, the tongue and ears of parents, is the #voiceofKerala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/126362/the-cleverness-of-vadakara-the-tongue-and-ears-of-parents-is-the-voiceofkerala"
published_at: "2023-07-01T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fc396d4ced_ithal.jpg"
keywords: []
---

# #vadakara |ഇതൾ വൈറലാകുന്നു; അച്ഛനമ്മമാരുടെ നാവും കാതുമായ വടകരയിലെ മിടുക്കി കേരളത്തിന്റെ ശബ്ദമാകുന്നു 

> **Lead Summary:** **വടകര:** വിരേധിഹാസം രചിച്ച കടത്താനാടൻ മണ്ണിൽ ഒരു ഉണ്ണിയാർച്ചയുടെ കൂടി താരോധയം. അച്ഛനമ്മമാരുടെ നാവും കാതുമായ മിടുക്കി ഇപ്പോൾ കേരളത്തിന്റെ ശബ്ദമാകുന്നു. ലഹരിക്കെതിരായ മലയാളിയുടെ പോരാട്ടത്തിൽ നാലാം ക്ലാസുകാരിയായ ഇതളിന്റെ വാക്കുകൾക്ക് ചുരികയുടെ മൂർച്ചയും പടവാളിന്റെ തിളക്കവും പരിചയുടെ പ്രതിരോധവുമുണ്ട്.

## Article Content

**വടകര:** വിരേധിഹാസം രചിച്ച കടത്താനാടൻ മണ്ണിൽ ഒരു ഉണ്ണിയാർച്ചയുടെ കൂടി താരോധയം. അച്ഛനമ്മമാരുടെ നാവും കാതുമായ മിടുക്കി ഇപ്പോൾ കേരളത്തിന്റെ ശബ്ദമാകുന്നു. ലഹരിക്കെതിരായ മലയാളിയുടെ പോരാട്ടത്തിൽ നാലാം ക്ലാസുകാരിയായ ഇതളിന്റെ വാക്കുകൾക്ക് ചുരികയുടെ മൂർച്ചയും പടവാളിന്റെ തിളക്കവും പരിചയുടെ പ്രതിരോധവുമുണ്ട്.

ജന്മനാ കേൾവിയും സംസാരശേഷിയുമില്ലാതിരുന്ന അച്ഛനമ്മമാരുടെ നാവും കാതുമാണ് ഇതൾ. നിശ്ശബ്‌ദതയിൽ മുങ്ങിയമരുന്ന വീടിനെ കൊഞ്ചലുകളാൽ ഉണർത്തിയവൾ. നാലാം ക്ലാസുകാരി ഇതൾ വടകര റെയിൽവേ സ്റ്റേഷന്നിൽ ലഹരിക്കെതിരെ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിലൂടെ സമൂഹത്തെ ഉണർത്തിയിരിക്കുകയാണ്‌.

വടകര എസ്ജിഎംഎസ്ബി സ്കൂളിന്റെ  ലഹരിവിരുദ്ധ ദിനാചരണത്തിലും ഫ്ലാഷ് മോബിലും പ്രധാന പ്രാസംഗികയായിരുന്നു ഇതൾ. ഇതളിന്റെ കുഞ്ഞുവർത്തമാനം സമൂഹമാധ്യമങ്ങളിലൂടെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ നൂറുകണക്കിനാളുകളാണ്‌ പങ്കുവച്ചത്‌.  ചെമ്മരത്തൂരിലെ കൊയോത്ത് ശിബീഷിന്റെയും സിജിനയുടെയും മകളാണ്‌ ഈ മിടുക്കി. പ്രസംഗകലയിലെ വാക് ചാതുരി കൗതുകം നിറയ്‌ക്കുന്നതാണ്‌.

ലഹരി പൂക്കുന്ന കാലത്ത് യുവതലമുറ വലിച്ചും കുടിച്ചും കുത്തിവച്ചും ജീവിതത്തിന്റെ എല്ലാ സൗഭാഗ്യങ്ങളെയും ഇല്ലാതാക്കുകയാണെന്ന് തുടങ്ങുന്ന പ്രസംഗം ധാരാളം ആളുകൾ കണ്ടു.  വടകരയിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു ഫ്ലാഷ് മോബും പ്രസംഗവും. വീറോടെ സംസാരിക്കുന്ന കുരുന്നിനെ പലരും വീഡിയോയിലും പകർത്തി പങ്കുവച്ചു.  അച്ഛനമ്മമാരോട്‌ ആംഗ്യഭാഷയിലാണ് ഇതളും സഹോദരൻ ഇതിഹാസും ആശയവിനിമയം നടത്തുന്നത്‌. അച്ഛച്ഛൻ ബാലനും അച്ഛമ്മ ശ്യാമളയും ഇളയച്ഛൻ വൈശാഖുമാണ് പഠനത്തിൽ ഇതളിനെ സഹായിക്കുന്നു. സ്കൂൾ കലോത്സവങ്ങളിൽ പ്രസംഗമത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/126362/the-cleverness-of-vadakara-the-tongue-and-ears-of-parents-is-the-voiceofkerala)