---
title: "#vatakara |മൂരാട് പാലത്തിന്റെ തൂണുകൾ ബലപ്പെടുത്തും; പരാജയപ്പെട്ടാൽ പുതിയ തൂണുകൾ "
english_title: "#PillarsofMuradBridge will be strengthened; #Newpillars if failed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/128436/pillarsofmuradbridge-will-be-strengthened-newpillars-if-failed"
published_at: "2023-07-08T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a8e3c5f1fae_muradbridge.jpg"
keywords: []
---

# #vatakara |മൂരാട് പാലത്തിന്റെ തൂണുകൾ ബലപ്പെടുത്തും; പരാജയപ്പെട്ടാൽ പുതിയ തൂണുകൾ 

> **Lead Summary:** **വടകര: ** ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മൂരാട് പുഴയിലെ പാലത്തിന്റെ തൂൺ നിർമാണത്തിൽ പാകപ്പിഴ ഉണ്ടായതായി പ്രാഥമിക നിഗമനം.മൂരാട് പാലത്തിന്റെ തൂണുകൾ ബലപ്പെടുത്തും. പരാജയപ്പെട്ടാൽ പുതിയ തൂണുകൾ നിർമ്മിക്കും. നിർമാണത്തിൽ ഉണ്ടായ വീഴ്ച പരിഹരിക്കുന്നതിന് ദേശീയപാതാ അതോറിറ്റി ശ്രമം തുടങ്ങിയതായി അധികൃതർ പറഞ്ഞു. തൂണിന് ചെരിവുണ്ടായത്‌ നാട്ടുകാരാണ് ശ്രദ്ധയിൽപ്പെടുത്തിയത്‌.

## Article Content

**വടകര: ** ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മൂരാട് പുഴയിലെ പാലത്തിന്റെ തൂൺ നിർമാണത്തിൽ പാകപ്പിഴ ഉണ്ടായതായി പ്രാഥമിക നിഗമനം.മൂരാട് പാലത്തിന്റെ തൂണുകൾ ബലപ്പെടുത്തും. പരാജയപ്പെട്ടാൽ പുതിയ തൂണുകൾ നിർമ്മിക്കും. നിർമാണത്തിൽ ഉണ്ടായ വീഴ്ച പരിഹരിക്കുന്നതിന് ദേശീയപാതാ അതോറിറ്റി ശ്രമം തുടങ്ങിയതായി അധികൃതർ പറഞ്ഞു. തൂണിന് ചെരിവുണ്ടായത്‌ നാട്ടുകാരാണ് ശ്രദ്ധയിൽപ്പെടുത്തിയത്‌.

തൂണുകൾ യോജിപ്പിക്കുന്ന പൈൽ ക്യാപ് നിർമിക്കാത്തതാണ് ചെരിയാനിടയാക്കിയതെന്നാണ് നിഗമനം. അന്വേഷിച്ച്‌ റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയപാതാ ഉദ്യോഗസ്ഥർക്കും ഡെപ്യൂട്ടി കലക്ടർക്കും മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസിൽനിന്ന്‌ നിർദേശം നൽകി. ദേശീയപാതാ പ്രോജക്ട് ഓഫീസറുടെ നേതൃത്വത്തിൽ വെള്ളി ഉച്ചയോടെ തൂണുകൾ പരിശോധിച്ചു. തൂണുകൾ ബലപ്പെടുത്താനുള്ള നടപടി സ്വീകരിക്കും.

ലോഡ് ടെസ്റ്റ് നടത്തി ബലക്ഷയം ഉണ്ടെങ്കിൽ പുതുതായി രണ്ടു തൂണുകൾകൂടി സ്ഥാപിക്കേണ്ടി വരും. ശക്തമായ അടിയൊഴുക്കിൽ പാലത്തിന്റെ തൂണുകൾ ചെരിഞ്ഞത്‌ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മൂടിവയ്ക്കാൻ ശ്രമിച്ചതാണ് നാട്ടുകാരിൽ സംശയം ഉണ്ടാക്കിയത്. പരിസരത്തേക്ക്‌ നിർമാണ കമ്പനിയുടെ ജീവനക്കാർ ആരെയും കടത്തിവിട്ടിരുന്നില്ല.

ടാർപ്പായകൊണ്ട് തൂണുകൾ മൂടുകയും ഇരുമ്പുകമ്പി വെൽഡ് ചെയ്ത്‌ തൂണുകൾ ഉറപ്പിച്ചുനിർത്തുകയുമായിരുന്നു. തൊട്ടടുത്ത റെയിൽവേ മേൽപ്പാലത്തിന്റെ തൂണുകൾ നിർമിക്കുമ്പോൾ കുത്തൊഴുക്ക് തൂണുകളിൽ നേരിട്ട് ഏൽക്കാതിരിക്കാൻ മൺതിട്ട ഉണ്ടാക്കിയിരുന്നു. ഇത്തരത്തിലുള്ള സംരക്ഷണ കവചം ഇവിടെ ഒരുക്കിയിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. ഇ ഫൈവ് ഇൻഫ്രാ സ്ട്രക്ചറൽ കമ്പനിക്കാണ് പാലം നിർമാണച്ചുമതല. 210.21 കോടി രൂപയാണ് പാലോളിപ്പാലം, മൂരാട് പാലം നിർമാണത്തിനും അനുബന്ധ റോഡുകൾക്കും ഭൂമി ഏറ്റെടുക്കലിനുമായി ചെലവഴിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/128436/pillarsofmuradbridge-will-be-strengthened-newpillars-if-failed)