---
title: "#vatakara |കുരിയാടിയും ആവിക്കലും കടൽഭിത്തി; നിർമാണത്തിന് ഫണ്ട് അനുവദിച്ച് സർക്കാർ; ഉടൻ പ്രവൃത്തി തുടങ്ങുമെന്ന് കെ.കെ രമ എം.എൽ.എ "
english_title: "The #governmenthasallocatedfunds for the #construction of #KuriyadiandAvikalamseawall"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/130269/the-governmenthasallocatedfunds-for-the-construction-of-kuriyadiandavikalamseawall"
published_at: "2023-07-14T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b11f455c9a3_kariyad_kadal.jpg"
keywords: []
---

# #vatakara |കുരിയാടിയും ആവിക്കലും കടൽഭിത്തി; നിർമാണത്തിന് ഫണ്ട് അനുവദിച്ച് സർക്കാർ; ഉടൻ പ്രവൃത്തി തുടങ്ങുമെന്ന് കെ.കെ രമ എം.എൽ.എ 

> **Lead Summary:** **വടകര: **കടൽക്ഷോഭം ശക്തമായ വടകര മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ കടൽഭിത്തിയുടെ പുനർനിർമ്മാണം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരുന്നു. ഇതിൽ ആവിക്കലും കുരിയാടിയും കടൽഭിത്തി നിർമാണപ്രവർത്തിക്ക് ഭരണാനുമതിയായതായി കെ.കെ രമ എം.എൽ.എ അറിയിച്ചു.

## Article Content

**വടകര: **കടൽക്ഷോഭം ശക്തമായ വടകര മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ കടൽഭിത്തിയുടെ പുനർനിർമ്മാണം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരുന്നു. ഇതിൽ ആവിക്കലും കുരിയാടിയും കടൽഭിത്തി നിർമാണപ്രവർത്തിക്ക് ഭരണാനുമതിയായതായി കെ.കെ രമ എം.എൽ.എ അറിയിച്ചു.

ആവിക്കലിൽ 18ലക്ഷവും കുരിയാടിയിൽ സബ്‌സെന്ററിനു മുൻപിലായി ചെറിയ ഭാഗം പൂർത്തീകരിക്കുന്നതിന് 10.3 ലക്ഷവുമാണ് അനുവദിച്ചത്. മഴ ശക്തമായതിനെ തുടർന്ന് കടൽക്ഷോഭം കാരണം തീരപ്രദേശത്തുള്ളവർ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇതിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്ന പ്രദേശങ്ങൾ സന്ദർശിക്കുകയും, പ്രദേശങ്ങളുടെ ദുരവസ്ഥ വകുപ്പ് മന്ത്രിയെ നേരിൽ കണ്ടു ബോധ്യപ്പെടുത്തുകയും ചെയ്യുകയുണ്ടായി.

തുടർന്ന് നടന്ന ജില്ലവികസനസമിതിയോഗങ്ങളിൽ വിഷയമുന്നയിക്കുകയും, അടിയന്തിരമായി കടൽഭിത്തി നിർമിക്കേണ്ട സ്ഥലങ്ങളിലെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മേജർ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമർപ്പിക്കപ്പെട്ട നിർദ്ദേശങ്ങളിൽ രണ്ടിടങ്ങളിലാണ് ഇപ്പോൾ ഫണ്ട് അനുവദിച്ച് ഭരണാനുമതിയായത്. കുരിയാടിയിലെ കടൽഭിത്തി നിർമാണം ഉടൻ തുടങ്ങുമെന്നും ഇതിനായി ഊരാളുങ്കൽ സൊസൈറ്റിക്ക് കരാർ നൽകിയതായും എം.എൽ.എ അറിയിച്ചു.

17 കിലോമീറ്റർ തീരപ്രദേശമുള്ള വടകര മണ്ഡലത്തിൽ കടൽക്ഷോഭം ശക്തമാകുന്ന സ്ഥലങ്ങളിൽ കടൽഭിത്തി നിർമാണവും പുനർനിർമാണവുമടക്കമുള്ള പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ഇറിഗേഷൻ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നൽകിയിരുന്നതായും ഇതിന്റെ അടിസ്ഥാനത്തിൽ മറ്റ് സ്ഥലങ്ങളിലേക്കുള്ള കടൽഭിത്തി നിർമാണം അടക്കമുള്ള വിഷയങ്ങൾ സർക്കാർ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ.കെ രമ എം.എൽ.എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/130269/the-governmenthasallocatedfunds-for-the-construction-of-kuriyadiandavikalamseawall)