---
title: "#vatakara |വടകരയിൽ കക്കൂസ് മാലിന്യം ഉൾപ്പെടെ വയലിലേക്ക് തള്ളിയ നിലയിൽ; മാലിന്യം തള്ളിയവരെ പിടികൂടണമെന്ന ആവശ്യം ശക്തം "
english_title: "In #Vatakara, #toiletwaste was thrown into the #field"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/131027/in-vatakara-toiletwaste-was-thrown-into-the-field"
published_at: "2023-07-17T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4b5b936fa4_toiletwaste.jpg"
keywords: []
---

# #vatakara |വടകരയിൽ കക്കൂസ് മാലിന്യം ഉൾപ്പെടെ വയലിലേക്ക് തള്ളിയ നിലയിൽ; മാലിന്യം തള്ളിയവരെ പിടികൂടണമെന്ന ആവശ്യം ശക്തം 

> **Lead Summary:** **വടകര: **ചെമ്മരത്തൂരിനുസമീപം കക്കൂസ് മാലിന്യം ഉൾപ്പെടെ വയലിലേക്ക് തള്ളി. റോഡരികിൽത്തന്നെയുള്ള കപ്പള്ളിവയലിലേക്കാണ് മാലിന്യം ഒഴുക്കിയത്. വലിയ ടാങ്കറിൽ കൊണ്ടുവന്ന മാലിന്യമാണ് ഒഴുക്കിയതെന്ന് സംശയിക്കുന്നു. ഞായറാഴ്ച രാവിലെ പ്രദേശത്ത് ദുർഗന്ധം പരന്നതിനെത്തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് വയലിൽ കെട്ടിക്കിടക്കുന്ന മാലിന്യം കണ്ടത്.

## Article Content

**വടകര: **ചെമ്മരത്തൂരിനുസമീപം കക്കൂസ് മാലിന്യം ഉൾപ്പെടെ വയലിലേക്ക് തള്ളി. റോഡരികിൽത്തന്നെയുള്ള കപ്പള്ളിവയലിലേക്കാണ് മാലിന്യം ഒഴുക്കിയത്. വലിയ ടാങ്കറിൽ കൊണ്ടുവന്ന മാലിന്യമാണ് ഒഴുക്കിയതെന്ന് സംശയിക്കുന്നു. ഞായറാഴ്ച രാവിലെ പ്രദേശത്ത് ദുർഗന്ധം പരന്നതിനെത്തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് വയലിൽ കെട്ടിക്കിടക്കുന്ന മാലിന്യം കണ്ടത്.

കപ്പള്ളി തായാട്ട് പൊയിൽത്താഴ സജീവൻ, തായാട്ട് പൊയിൽ അനിൽ എന്നിവരുടെ വീടുകൾക്ക് എതിർവശത്തായാണ് മാലിന്യമുള്ളത്. ഈ വീട്ടുകാർക്കും ഇതുവഴി യാത്രചെയ്യുന്നവർക്കുമെല്ലാം മാലിന്യം ദുരിതമായി. ശനിയാഴ്ച രാത്രി വൈകിയാണ് സംഭവമെന്ന് കരുതുന്നു.

റോഡരികിൽ ലോറി നിർത്തിയശേഷം പൈപ്പുപയോഗിച്ച് മാലിന്യം വയലിലേക്ക് ഒഴുക്കിയതാകാനാണ് സാധ്യത. രണ്ടുമാസംമുമ്പ് പുത്തൂരിനു സമീപം റോഡരികിലെ തോട്ടിൽ മാലിന്യമൊഴുക്കിയത് ഈ രീതിയിലായിരുന്നു.വാർഡ് മെമ്പർമാരായ പി.പി. രാജൻ, ടി.വി. സഫീറ എന്നിവർ സ്ഥലത്തെത്തി. പി.പി. രാജൻ പൊലീസിൽ പരാതിനൽകിയത്‌ പ്രകാരം വടകര പൊലീസും സ്ഥലം സന്ദർശിച്ചു.

മേമുണ്ട റോഡിലെയും കോട്ടപ്പള്ളി റോഡിലെയും സി.സി.ടി.വി. ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ച് ലോറി കണ്ടെത്താനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. ചെമ്മരത്തൂർ ടൗണിലെ ബാങ്കിൽ ഉൾപ്പെടെ സി.സി.ടി.വി ക്യാമറയുണ്ട്. തിങ്കളാഴ്ച ഇത് പരിശോധിക്കും.

തിങ്കളാഴ്ച ആരോഗ്യപ്രവർത്തകരെത്തി മാലിന്യം തള്ളിയ ഭാഗം അണുവിമുക്തമാക്കാനുള്ള നടപടി സ്വീകരിക്കും. നേരത്തേ കോട്ടപ്പള്ളി പാലത്തിനുസമീപവും മാലിന്യം തള്ളിയ സംഭവമുണ്ടായിരുന്നു. ഇതിൽ ആരെയും പിടികൂടിയിട്ടില്ല. അന്വേഷണം ശക്തമാക്കി മാലിന്യം തള്ളിയവരെ പിടികൂടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/131027/in-vatakara-toiletwaste-was-thrown-into-the-field)