---
title: "#vatakara |ആകാശ നിരീക്ഷണം; വടകര നഗരസഭയിലെ സ്‌കൂളുകളില്‍ ടെലസ്‌കോപ്പ് സ്ഥാപിക്കുന്നു "
english_title: "#Telescopes are being installed in #schools of #VatakaraMunicipality"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/131562/telescopes-are-being-installed-in-schools-of-vatakaramunicipality"
published_at: "2023-07-18T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6b7f7c9d03_papputty.jpg"
keywords: []
---

# #vatakara |ആകാശ നിരീക്ഷണം; വടകര നഗരസഭയിലെ സ്‌കൂളുകളില്‍ ടെലസ്‌കോപ്പ് സ്ഥാപിക്കുന്നു 

> **Lead Summary:** **വടകര: **വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര അവബോധവും ആകാശ നിരീക്ഷണ പാടവവും വർധിപ്പിക്കുക എന്ന ലക്ഷ്യവുമായി വടകര നഗരസഭ പരിധിയിലെ 17 സ്‌കൂളുകളില്‍ ടെലസ്‌കോപ്പ് സ്ഥാപിക്കുന്നു. നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'സ്പൈസിന്റെ' ആഭിമുഖ്യത്തിൽ സ്‌കൂള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

## Article Content

**വടകര: **വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര അവബോധവും ആകാശ നിരീക്ഷണ പാടവവും വർധിപ്പിക്കുക എന്ന ലക്ഷ്യവുമായി വടകര നഗരസഭ പരിധിയിലെ 17 സ്‌കൂളുകളില്‍ ടെലസ്‌കോപ്പ് സ്ഥാപിക്കുന്നു. നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'സ്പൈസിന്റെ' ആഭിമുഖ്യത്തിൽ സ്‌കൂള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇതിനായി നഗരസഭ പ്രത്യേക പദ്ധതി വിഹിതം വകയിരുത്തിയിരുന്നു. വടകര നഗരസഭ അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നേരത്തെ തന്നെ ബഹിരാകാശ പഠന കേന്ദ്രം വടകര ഗവ. സംസ്‌കൃതം ഹൈസ്‌ക്കൂളില്‍ സ്ഥാപിച്ചിരുന്നു. അതിന്റെ തുടര്‍ പ്രവര്‍ത്തനം യു.പി സ്‌കൂളൂകളില്‍ കൂടി വ്യാപിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് സ്‌കൂളുകളില്‍ കൂടി ടെലസ്‌കോപ്പുകള്‍ സ്ഥാപിക്കുന്നത്.

ഇതിനായി ഒന്നര ലക്ഷം രൂപയാണ് ഫണ്ട് വകയിരുത്തിയിട്ടുള്ളത്. സംസ്‌കൃതം സ്‌കൂളില്‍ ബഹിരാകാശ പഠന കേന്ദ്രം സ്ഥാപിച്ചതിന് ശേഷം രണ്ട് ബാച്ചുകളിലായി 40 വീതം വിദ്യാര്‍ത്ഥികള്‍ക്ക് ബഹിരാകാശ സംബന്ധമായ ക്ലാസുകള്‍ നല്‍കുന്നുണ്ട്. കൂടാതെ ആകാശ കാഴ്ച്ചകള്‍, ചന്ദ്രഗ്രഹണം, സൂര്യഗ്രഹണം, നക്ഷത്രങ്ങള്‍ എന്നിവ നിരീക്ഷിക്കുന്നതിനും ബഹിരാകാശ പഠനത്തിനുമായി സംസ്‌കൃതം സ്‌കൂളില്‍ സ്ഥാപിച്ച ബഹിരാകാശ പഠന കേന്ദ്രത്തില്‍ അവസരം ഒരുക്കുകയും ചെയ്യുന്നുണ്ട്.

ആകാശ പഠനം യു.പി സ്‌കൂളിലെ കുട്ടികള്‍ക്ക് കൂടി ലഭ്യമാകണമെന്ന ഉദ്ദേശത്തോടെയാണ് യുപി സ്‌കൂള്‍ കേന്ദ്രീകരിച്ചും ടെലസ്‌കോപ്പുകള്‍ സ്ഥാപിക്കുന്നതെന്ന് വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ബിന്ദു പറഞ്ഞു. വടകര നഗരസഭയുടെ സ്‌പൈസ് പദ്ധതി വഴി ഇതിനോടകം നിരവധി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ് വടകര നഗരസഭ നടത്തി വരുന്നത്.

സ്‌കൂളുകളില്‍ ടെലസ്‌കോപ്പ് സ്ഥാപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജുലൈ 21 ന് ഉച്ചക്ക് 2.30 ന് വടകര ടൗണ്‍ഹാളില്‍ നടക്കും. പ്രമുഖ ശാസ്ത്ര സാഹിത്യകാരന്‍ പ്രൊഫ കെ പാപ്പുട്ടി ഉദ്ഘാടനം നിര്‍വ്വഹിക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി ബിന്ദു ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/131562/telescopes-are-being-installed-in-schools-of-vatakaramunicipality)