---
title: "#vatakara |തച്ചോളി മാണിക്കോത്ത് ക്ഷേത്ര നവീകരണം ഉടൻ ആരംഭിക്കും - കെ.കെ രമ എം.എൽ.എ "
english_title: "#ThacholiManikothtemple #renovation to #startsoon #KKRamaMLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/134194/thacholimanikothtemple-renovation-to-startsoon-kkramamla"
published_at: "2023-07-27T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c2636056e39_kkrama.jpg"
keywords: []
---

# #vatakara |തച്ചോളി മാണിക്കോത്ത് ക്ഷേത്ര നവീകരണം ഉടൻ ആരംഭിക്കും - കെ.കെ രമ എം.എൽ.എ 

> **Lead Summary:** **വടകര: ** തച്ചോളി മാണിക്കോത്ത് ക്ഷേത്ര നവീകരണം ഉടൻ ആരംഭിക്കുമെന്ന് കെ.കെ രമ എം.എൽ.എ. മണ്ഡലത്തിൽ അനുവദിച്ച സർക്കാർ പദ്ധതികളും അവയുടെ പ്രവർത്തനങ്ങളും വിലയിരുത്താനും ഏകോപിപ്പിക്കാനുമായി വിളിച്ചു ചേർത്ത വിവിധ വകുപ്പുമേധാവികളുടെയോഗത്തിന് ശേഷം അറിയിച്ചതാണിത്.

## Article Content

**വടകര: ** തച്ചോളി മാണിക്കോത്ത് ക്ഷേത്ര നവീകരണം ഉടൻ ആരംഭിക്കുമെന്ന് കെ.കെ രമ എം.എൽ.എ. മണ്ഡലത്തിൽ അനുവദിച്ച സർക്കാർ പദ്ധതികളും അവയുടെ പ്രവർത്തനങ്ങളും വിലയിരുത്താനും ഏകോപിപ്പിക്കാനുമായി വിളിച്ചു ചേർത്ത വിവിധ വകുപ്പുമേധാവികളുടെയോഗത്തിന് ശേഷം അറിയിച്ചതാണിത്.

തലശേരി ഹെറിറ്റേജ് പ്രൊജക്ടിന്റെ ഭാഗമായാണ് തച്ചോളി മാണിക്കോത്ത് ക്ഷേത്ര നവീകരണത്തിന് സർക്കാർ തുക അനുവദിച്ചത്. 2.03 കോടിയുടെ നവീകരണ പ്രവൃത്തിയുടെ സാങ്കേതിക നടപടികൾ പൂർത്തീകരിച്ച് ഊരാളുങ്കൽ സൊസൈറ്റിക്ക് ടെണ്ടർ ലഭിച്ചതായും എം.എൽ.എ പറഞ്ഞു.

തച്ചോളി ഒതേനന്റെ കുടുംബ ക്ഷേത്രമെന്ന നിലയിൽ ഐതിഹ്യ, പാരമ്പര്യങ്ങളാൽ പ്രസിദ്ധമാണ് തച്ചോളി മാണിക്കോത്ത് ക്ഷേത്രം. തലശേരി കതിരൂരിൽ നടന്ന അങ്കത്തിലാണ് ഒതേനൻ കൊല്ലപ്പെട്ടതെന്നാണ് വിശ്വാസം. പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ വടകരയുടെ പ്രധാന പൈതൃക കേന്ദ്രമായി ഇതുമാറും.

ഇതോടൊപ്പം വടകര താഴെ അങ്ങാടിയുടെ നവീകരണ പ്രവൃത്തികൾക്കായി 1.43 കോടിയുടെ പ്രവൃത്തികൾക്കായുള്ള മാസ്റ്റർ പ്ലാൻ തയാറാക്കാനും യോഗത്തിൽ തീരുമാനമായി. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പ്രദേശവാസികളെയും ഉൾപ്പെടുത്തി വൈകാതെതന്നെ ഇടപെടലുകൾ നടത്തും. മഴക്കാലത്തും കടൽക്ഷോഭകാലത്തും തീരദേശമേഖലയിലെ ജനങ്ങൾ ഏറെ ആശങ്കയിലാണ് ജീവിക്കുന്നത്.

തീരദേശത്തുണ്ടാകുന്ന അപകടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് വിദഗ്ധ സംഘങ്ങളോ, മതിയായ റസ്‌ക്യു സംവിധാനങ്ങളോ തീരദേശ പോലീസിന്റെ കൈവശമില്ലെന്നത് സമീപകാലത്തുണ്ടായ അപകടങ്ങളിൽ ബോധ്യപ്പെട്ടതാണ്. ഈ വിഷയം നേരത്തെ തന്നെ സർക്കാരിന്റെ ശ്രദ്ധയിലും നിയമസഭയിലും ഉന്നയിച്ചിരുന്നു.

ഇതിന്റെ ഭാഗമായി തീരദേശ വകുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന റസ്‌ക്യു ടീം അംഗങ്ങളുടെയും, പരീശീലനം ലഭിച്ച മത്സ്യതൊഴിലാളികളുടെയും പ്രത്യകയോഗം ചേരാൻ തീരുമാനിച്ചതായും എം.എൽ.എ പറഞ്ഞു. ടൂറിസം, തദ്ദേശ സ്വയംഭരണം, ഫിഷറീസ്, കോസ്റ്റൽ ഡിപ്പാർട്ടമെന്റ്, മൈനർ ഇറിഗേഷൻ തുടങ്ങിയ വകുപ്പുതല മേധാവികളുടെ യോഗമാണ് പ്രത്യേകം പ്രത്യേകമായി വിളിച്ചു ചേർത്തത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/134194/thacholimanikothtemple-renovation-to-startsoon-kkramamla)