---
title: "#MKelappan | കടത്തനാടിന്റെ സമരമുഖം; കമ്യൂണിസ്റ്റ് നേതാവ്‌ എം കേളപ്പൻ വിട്ടുപിരിഞ്ഞിട്ട് നാലുവർഷം "
english_title: "#Struggle #Face #Karathanadu #fouryears #communist #leader #MKelappan "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/138113/struggle-face-karathanadu-fouryears-communist-leader-mkelappan"
published_at: "2023-08-11T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5c99d52b11_mkelappan.jpg"
keywords: []
---

# #MKelappan | കടത്തനാടിന്റെ സമരമുഖം; കമ്യൂണിസ്റ്റ് നേതാവ്‌ എം കേളപ്പൻ വിട്ടുപിരിഞ്ഞിട്ട് നാലുവർഷം 

> **Lead Summary:** **വടകര : ** കടത്തനാടിന്റെ സമരമുഖമായ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ്‌ എം കേളപ്പൻ വിട്ടുപിരിഞ്ഞിട്ട് നാലുവർഷം. കോഴിക്കോട് ജില്ലയിൽ സിപിഐ എമ്മിന്റെ വളർച്ചയിലും വർഗബഹുജന പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിലും നിർണായക പങ്കുവഹിച്ച നേതാക്കളിൽ പ്രധാനിയാണ്.

## Article Content

**വടകര : ** കടത്തനാടിന്റെ സമരമുഖമായ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ്‌ എം കേളപ്പൻ വിട്ടുപിരിഞ്ഞിട്ട് നാലുവർഷം. കോഴിക്കോട് ജില്ലയിൽ സിപിഐ എമ്മിന്റെ വളർച്ചയിലും വർഗബഹുജന പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിലും നിർണായക പങ്കുവഹിച്ച നേതാക്കളിൽ പ്രധാനിയാണ്.

സി എച്ച് കണാരന്റെയും കേളുഏട്ടന്റെയും ശിക്ഷണത്തിൽ വളർന്ന കേളപ്പന്റെ ജീവിതം നിസ്വവർഗത്തിന്‌ സമർപ്പിച്ചതായിരുന്നു. 1959ൽ പാർടി സെൽ സെക്രട്ടറിയായാണ് കമ്യൂണിസ്റ്റ് ജീവിതം ആരംഭിക്കുന്നത്.

വില്ലേജ് സെക്രട്ടറി, വടകര, കുന്നുമ്മൽ ഏരിയാ സെക്രട്ടറി, 11 വർഷം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കെഎസ്‌കെടിയു സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.

വടക്കൻപാട്ട് കലാകാരനായും എഴുത്തുകാരനായും എം കെ പണിക്കോട്ടിയെന്ന പേരിൽ ശ്രദ്ധേയനായി. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമിതി അംഗവുമായിരുന്നു.

മുനിസിപ്പൽ കൗൺസിൽ അംഗമായും സ്ഥിരംസമിതി അധ്യക്ഷനായും വടകരയുടെ വികസനത്തിനായി പ്രവർത്തിച്ചു. ആത്മകഥയായ ‘അമൃതസ്മരണകൾ’ ഉൾപ്പെടെയുള്ള പുസ്‌തകങ്ങളെഴുതി.

നാടകങ്ങളെഴുതി സംവിധാനംചെയ്‌തു. തച്ചോളിക്കളി, കോൽക്കളി പരിശീലകനുമായിരുന്നു. മതനിരപേക്ഷതക്കും ജനാധിപത്യത്തിനുംവേണ്ടി ഉശിരോടെ പോരാടേണ്ട ഈ കാലത്ത്‌ കേളപ്പന്റെ സ്‌മരണ കരുത്തുപകരുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ അനുസ്മരണ കുറിപ്പിൽ പറഞ്ഞു.

ജന്മനാടായ പണിക്കോട്ടിയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും അനുസ്മരണ പരിപാടികൾ നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/138113/struggle-face-karathanadu-fouryears-communist-leader-mkelappan)