---
title: "#SDPI | സ്വാതന്ത്ര ദിനത്തിൽ എസ്ഡിപിഐ സംഘടിപ്പിക്കുന്ന ആസാദി മീറ്റ് ഓർക്കാട്ടേരിയിൽ "
english_title: "#AzadiMeet #organized #SDPI #Independenceday #orkkatery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/138477/azadimeet-organized-sdpi-independenceday-orkkatery"
published_at: "2023-08-12T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d79f681e5e1_sdpi.jpg"
keywords: []
---

# #SDPI | സ്വാതന്ത്ര ദിനത്തിൽ എസ്ഡിപിഐ സംഘടിപ്പിക്കുന്ന ആസാദി മീറ്റ് ഓർക്കാട്ടേരിയിൽ 

> **Lead Summary:** **വടകര : **ആഗസ്ത് 15 ന് സ്വാതന്ത്ര്യത്തിന് കാവല്‍ നില്‍ക്കാം എന്ന മുദ്രാവാക്യമുയര്‍ത്തി ഓർക്കാട്ടേരിയിൽ വൈകുന്നേരം ആസാദി മീറ്റ് സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ വടകര മണ്ഡലം പ്രസിഡന്റ്‌ ഷംസീർ ചോമ്പാല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

## Article Content

**വടകര : **ആഗസ്ത് 15 ന് സ്വാതന്ത്ര്യത്തിന് കാവല്‍ നില്‍ക്കാം എന്ന മുദ്രാവാക്യമുയര്‍ത്തി ഓർക്കാട്ടേരിയിൽ വൈകുന്നേരം ആസാദി മീറ്റ് സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ വടകര മണ്ഡലം പ്രസിഡന്റ്‌ ഷംസീർ ചോമ്പാല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വംശ ഹത്യയിലൂടെയും അപരവൽക്കരണത്തിലൂടെയും രാജ്യത്തെ ന്യൂനപക്ഷ പിന്നാക്ക ജനാവിഭാഗങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ഭരണകൂട ശ്രമങ്ങളെ പ്രതിരോധിക്കാൻ സ്വാതന്ത്രത്തെയും പൗരാവകാശങ്ങളെയും കുറിച്ചുള്ള ബോധ്യം ജനങ്ങൾക്ക് പകർന്നു നൽകാനും ആത്മ വിശ്വാസം പകർന്നു നൽകാനും ആസാദി സംഗമത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ ദിനാഘോഷം കൂടുതൽ ജനകീയ വൽക്കരിക്കാൻ ഇത്തരം പരിപാടികളിലൂടെ കഴിയും. വൈദേശികാധിപത്യത്തില്‍ നിന്ന് സ്വതന്ത്രമായി 75 വര്‍ഷം പിന്നിട്ടിട്ടും രാജ്യത്തെ പൗരന്മാരുടെ അവസ്ഥ അതിദയനീയമായി തുടരുകയാണ്. ദാരിദ്ര്യവും തൊഴിലില്ലായ്മയും വിലക്കയറ്റവും ജനകോടികളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു.

ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ചയെ അനുസ്മരിപ്പിക്കുംവിധം അഭിപ്രായ സ്വാതന്ത്ര്യമുള്‍പ്പെടെ പൗരന്മാര്‍ക്ക് നിഷേധിക്കപ്പെടുകയാണ്. ഭരണഘടനാ മൂല്യങ്ങൾ കൂടുതലായി പ്രചരിപ്പിച്ചാൽ മാത്രമേ രാജ്യത്ത് ജനധിപത്യം നിലനിൽക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഭരണത്തില്‍ രാജ്യസുരക്ഷ പോലും അപകടത്തിലായിരിക്കുന്നു. ഇന്നലെകളില്‍ ഗുജറാത്തില്‍ നടന്ന വംശീയ ഉന്മൂലന അതിക്രമങ്ങള്‍ ഇന്ന് മണിപ്പൂരും ഹരിയാനയും കടന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുന്നു.

ഭരണകൂടങ്ങള്‍ തന്നെ പൗരാവകാശങ്ങള്‍ കവര്‍ന്നെടുക്കുമ്പോള്‍ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള സമരപോരാട്ടങ്ങള്‍ക്ക് രാജ്യസ്നേഹികള്‍ തെരുവിലിറങ്ങേണ്ടി വന്നിരിക്കുന്നു.

രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും പൗരസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള യോജിച്ച മുന്നേറ്റത്തിന് പൗരസമൂഹം തയ്യാറാവണമെന്ന സന്ദേശമുയര്‍ത്തിയാണ് ആസാദി മീറ്റ് സംഘടിപ്പിക്കുന്നതെന്നും 15ന് മണ്ഡലത്തിലെ എല്ലാ ബ്രാഞ്ചുകളിലും ആസാദി സംഗമം സംഘടിപ്പിക്കുമെന്നുംവൈകുന്നേരം ഓർക്കാട്ടേരിൽ നടക്കുന്ന ആസാദി സംഗമത്തിൽ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡണ്ട് പി അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കുമെന്നും ഷംസീർ ചോമ്പാല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബഷീർ കെ കെ, ജലീൽ ഇ.കെ, നവാസ് വരിക്കോളി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/138477/azadimeet-organized-sdpi-independenceday-orkkatery)