---
title: "#KadameriMUP | കളങ്കമില്ലാത്ത കുരുന്നുകളുടെ കുട്ടിക്കട കാണണ്ടേ ? കടമേരി എം.യു.പിയിൽ വരൂ"
english_title: "#childstore #innocent #children #KadameriMUP"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/138608/childstore-innocent-children-kadamerimup"
published_at: "2023-08-13T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d88a6c25b88_kadameri.jpg"
keywords: []
---

# #KadameriMUP | കളങ്കമില്ലാത്ത കുരുന്നുകളുടെ കുട്ടിക്കട കാണണ്ടേ ? കടമേരി എം.യു.പിയിൽ വരൂ

> **Lead Summary:** **കടമേരി : **വിദ്യാർത്ഥികളുടെ സ്കൂൾ ആവശ്യങ്ങൾക്കുള്ള പേനയും പുസ്തകങ്ങളുമടക്കം ആവശ്യ സാധനങ്ങളുമായി സ്കൂൾ അങ്കണത്തിൽ ഒരു കുഞ്ഞു സ്റ്റേഷനറി കട. കടമേരി എം.യു.പി സ്കൂളിലാണ് കുട്ടികളുടെ ഈ ഹോണസ്റ്റി കട പ്രവർത്തിക്കുന്നത്.

## Article Content

**കടമേരി : **വിദ്യാർത്ഥികളുടെ സ്കൂൾ ആവശ്യങ്ങൾക്കുള്ള പേനയും പുസ്തകങ്ങളുമടക്കം ആവശ്യ സാധനങ്ങളുമായി സ്കൂൾ അങ്കണത്തിൽ ഒരു കുഞ്ഞു സ്റ്റേഷനറി കട. കടമേരി എം.യു.പി സ്കൂളിലാണ് കുട്ടികളുടെ ഈ ഹോണസ്റ്റി കട പ്രവർത്തിക്കുന്നത്.

കുട്ടികൾക്ക് അത്യാവശ്യം വേണ്ട പഠന സാമഗ്രികളായ പെൻസിൽ, പേന, റബ്ബർ, കട്ടർ, എ ഫോർ പേപ്പർ, കളർ പെന്നുകൾ തുടങ്ങിയവ മിതമായ നിരക്കിൽ ഈ കടയിൽ ലഭിക്കും. സ്കൂളിൻ്റെ വരാന്തയിലാണ് കളങ്കമില്ലാത്ത കുരുന്നുകളുടെ ഈ കട ഒരുക്കിയിട്ടുള്ളത്.

സ്കൂൾ സ്കൗട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ഹോണസ്റ്റി ഷോപ്പ് എന്ന ആശയം ഉടലെടുത്തിട്ടുള്ളത്. ഈ കടയിൽ മുതലാളിയോ തൊഴിലാളിയോ ഇല്ല. ഓരോ സാധനങ്ങളുടെയും വിലവിവരപ്പട്ടിക അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ആവശ്യമുള്ള സാധനങ്ങൾ വിദ്യാർത്ഥികൾക്ക് എടുക്കാം.

അതിൻ്റെ വില കണക്കാക്കി അവിടെത്തന്നെ തുറന്നുവെച്ച പെട്ടിയിൽ പണം നിക്ഷേപിക്കാം. ബാക്കി പണം ഉണ്ടെങ്കിൽ അതും അവർക്ക് എടുക്കാം. 1300 ഓളം വിദ്യാർത്ഥികളാണ് സ്കൂളിൽ പഠിക്കുന്നത്.

കള്ളവും ചതിയും വഞ്ചനയും അരങ്ങ് തകർക്കുന്ന ആധുനിക സമൂഹത്തിൽ സത്യസന്ധതയും വിശ്വസ്തതയും കൈമുതലാക്കിയ ഒരു പുതുതലമുറയെ വിദ്യാർത്ഥികളിലൂടെ സൃഷ്ടിക്കുകയെന്ന മഹത്തായ സന്ദേശമാണ് ഈ കട ഒരുക്കിയതിലൂടെ ഉദ്ദേശിക്കുന്നതെന്ന് പ്രധാന അധ്യാപകൻ ടി. കെ. നസീർ മാസ്റ്റർ പറഞ്ഞു.

കൂടാതെ കുട്ടികൾ ഇടയ്ക്കിടക്ക് കടകളിൽ കയറിയിറങ്ങുന്നത് ഒഴിവാക്കാനും കുട്ടികളുടെ പഠനസമയം നഷ്ടപ്പെടാതിരിക്കാനും സ്കൂളിൽ പൂർണ്ണ അച്ചടക്കം പുലർത്താനും ഇതുവഴി സാധിക്കുന്നു. ലാഭനഷ്ടങ്ങൾ ഒന്നും തന്നെ ഇതിൽനിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്കൗട്ട് ചുമതലയുള്ള സി. എച്ച്. സായിസ്, കെ. സി. ഫാസിൽ എന്നിവർ ഇതിന് നേതൃത്വം നൽകുന്നു. സത്യസന്ധതയുടെ ഈ ഹോണസ്റ്റി ഷോപ്പിന്റെ ഉദ്ഘാടനം കോഴിക്കോട് ഐ. എം. ഇ ടി. ഫൈസൽ നിർവഹിച്ചു. പി.ടി.എ. പ്രസിഡൻ്റ് മൻസൂർ ഇടവലത്ത് അധ്യക്ഷനായി.

വാർഡ് മെമ്പർ ടി. കെ. ഹാരിസ്, പ്രധാന അധ്യാപകൻ ടി.കെ.നസീർ, കെ.അഷ്റഫ്, ടി. റംല, എൻ.മിഥുൻ, കെ.കെ.സഫീറ, പി.പ്രേംദാസ്, കെ.കെ.അയ്യൂബ്, കെ.കെ.സജിനാസ്, അർഷാദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/138608/childstore-innocent-children-kadamerimup)