---
title: "#Farmer'sday | ഇന്ന്‌ കർഷകദിനം; നാലര പതിറ്റാണ്ടിന്റെ ആത്മവിശ്വാസവുമായി മണിയൂർ കോട്ടയിൽ കുഞ്ഞിരാമൻ "
english_title: "#FarmersDay #Kunjiraman #Maniyur #Fort #confidence #four #halfdecades"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/139524/farmersday-kunjiraman-maniyur-fort-confidence-four-halfdecades"
published_at: "2023-08-17T07:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dd7c0a7496b_kunjiraman.jpg"
keywords: []
---

# #Farmer'sday | ഇന്ന്‌ കർഷകദിനം; നാലര പതിറ്റാണ്ടിന്റെ ആത്മവിശ്വാസവുമായി മണിയൂർ കോട്ടയിൽ കുഞ്ഞിരാമൻ 

> **Lead Summary:** **വടകര : **നേന്ത്രവാഴ കൃഷിയിൽ നാലര പതിറ്റാണ്ടിന്റെ അറിവും ആത്മവിശ്വാസവുമുണ്ട് മണിയൂർ കോട്ടയിൽ കുഞ്ഞിരാമന്. കൃഷിചര്യയിൽ ഇഴകിച്ചേർന്നതാണ് ഓരോ ദിനവും. വീടിനോട് ചേർന്ന പറമ്പിൽ ആയിരത്തിലേറെ നേന്ത്രവാഴയുണ്ട്. നട്ടുവളർത്തിയും പരിപാലിച്ചും വാഴകൃഷിയിൽ വിജയഗാഥ രചിച്ച തിളക്കമുണ്ട്‌ ആ തോട്ടത്തിന്‌.

## Article Content

**വടകര : **നേന്ത്രവാഴ കൃഷിയിൽ നാലര പതിറ്റാണ്ടിന്റെ അറിവും ആത്മവിശ്വാസവുമുണ്ട് മണിയൂർ കോട്ടയിൽ കുഞ്ഞിരാമന്. കൃഷിചര്യയിൽ ഇഴകിച്ചേർന്നതാണ് ഓരോ ദിനവും. വീടിനോട് ചേർന്ന പറമ്പിൽ ആയിരത്തിലേറെ നേന്ത്രവാഴയുണ്ട്. നട്ടുവളർത്തിയും പരിപാലിച്ചും വാഴകൃഷിയിൽ വിജയഗാഥ രചിച്ച തിളക്കമുണ്ട്‌ ആ തോട്ടത്തിന്‌.

45 വർഷത്തിലേറെയായി എല്ലാ വർഷവും ആയിരത്തോളം വാഴ കൃഷിചെയ്ത് വിളവെടുക്കുന്നുണ്ട് കുഞ്ഞിരാമൻ. ‘ആറ്റുനേന്ത്രൻ’ ഇനമാണ് പ്രധാന കൃഷി. റോബസ്റ്റുമുണ്ട്. സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി. മേട്ടുപ്പാളയത്തുനിന്നാണ്‌ നല്ലയിനം കന്നുകൾ ശേഖരിച്ച് നാട്ടിലെത്തിക്കുന്നത്.

ഒരുവർഷം നാലോ അഞ്ചോ തവണയായി 75,000 കന്നുകൾ ഇറക്കും. ആവശ്യം കഴിഞ്ഞ് ബാക്കിയുള്ളവ കർഷകർക്ക് നൽകും. ചാണകപ്പൊടിയും ജൈവവളവുമാണ് ഉപയോഗിക്കുന്നത്. മണിയൂർ, തിരുവള്ളൂർ, മേപ്പയൂർ, നടുവണ്ണൂർ, നരക്കോട് തുടങ്ങിയ ഇടങ്ങളിൽനിന്നെല്ലാം കർഷകർ വാഴക്കന്നിനായി കുഞ്ഞിരാമനെ തേടിയെത്തുന്നുണ്ട്.

ആറുമാസംമുമ്പ് തൃശൂർ ആകാശവാണിയിൽ വയലും വീടും പരിപാടിയിൽ പങ്കെടുത്തതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ സംശയനിവാരണത്തിനായി ആളുകൾ വിളിക്കുന്നത്‌ പതിവാണ്‌. ആറ്റുനേന്ത്രൻ കുലയ്‌ക്ക്‌ 20 കിലോയിലേറെ തൂക്കമുണ്ടാകും.

ആത്മാർഥമായ പരിചരണവും കൃത്യമായ ഇടവേളകളിലെ വളപ്രയോഗവുമാണ് നേന്ത്രവാഴ കൃഷിയിലെ വിജയ രഹസ്യമെന്ന് കുഞ്ഞിരാമൻ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ വർഷം തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ മികച്ച കർഷകനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ കമലാക്ഷിയും സഹായത്തിന്‌ ഒപ്പമുണ്ട്‌.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/139524/farmersday-kunjiraman-maniyur-fort-confidence-four-halfdecades)