---
title: "  മൊയാരത്തിന്റെ ആത്മകഥ പുതിയ  കാലത്തെ ചെറുത്തു നില്‍പുകള്‍ക്ക് ആവേശം  നല്‍കും : സ്പീക്കര്‍ എം ബി രാജേഷ്"
english_title: "moyarath auto biogaraphy - relase function "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14165/moyarath-auto-biogaraphy-relase-function"
published_at: "2021-12-03T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a9b5b483adb_mb rajesh.jpg"
keywords: []
---

#   മൊയാരത്തിന്റെ ആത്മകഥ പുതിയ  കാലത്തെ ചെറുത്തു നില്‍പുകള്‍ക്ക് ആവേശം  നല്‍കും : സ്പീക്കര്‍ എം ബി രാജേഷ്

> **Lead Summary:** വടകര : സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന മൊയാരത്ത് ശങ്കരന്റെ ആത്മകഥ പുന:പ്രകാശിപ്പിച്ചു. സിപിഐ എം നേതൃത്വത്തില്‍ വടകര ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നിയമസഭ സ്പീക്കര്‍ എം ബി രാജേഷില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു പുസ്തകം ഏറ്റുവാങ്ങി. നാട് അക്ഷരാര്‍ഥത്തില്‍ തിളച്ചുമറിഞ്ഞ ഒരു കാലഘട്ടത്തിന്റെ അനുഭവങ്ങളുടെ ചൂട് മുഴുവന്‍ പകരുന്നതാണ് മൊയാരത്ത് ശങ്കരന്റെ ആത്മകഥയെന്ന് സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞു.

## Article Content

വടകര : സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന മൊയാരത്ത് ശങ്കരന്റെ ആത്മകഥ പുന:പ്രകാശിപ്പിച്ചു. സിപിഐ എം നേതൃത്വത്തില്‍ വടകര ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നിയമസഭ സ്പീക്കര്‍ എം ബി രാജേഷില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു പുസ്തകം ഏറ്റുവാങ്ങി. നാട് അക്ഷരാര്‍ഥത്തില്‍ തിളച്ചുമറിഞ്ഞ ഒരു കാലഘട്ടത്തിന്റെ അനുഭവങ്ങളുടെ ചൂട് മുഴുവന്‍ പകരുന്നതാണ് മൊയാരത്ത് ശങ്കരന്റെ ആത്മകഥയെന്ന് സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞു.

ആത്മകഥ കൂടുതല്‍ ആളുകളിലേക്ക് എത്തുക എന്നു പറഞ്ഞാല്‍ പോയ കാലത്തിന്റെ ഉജ്വല സമരാനുഭവങ്ങളെ പുതിയ കാലത്തെ ചെറുത്തു നില്‍പുകള്‍ക്ക് ലഭ്യമാക്കുക എന്നാണ് അര്‍ത്ഥം. നാട് കടന്നു പോവുന്ന സവിശേഷമായ ഈ അന്തരീക്ഷത്തില്‍ ചരിത്രത്തില്‍ നിന്നുള്ള സമരോര്‍ജത്തെ മുഴുവന്‍ സമാഹരിച്ചു കൊണ്ട് ചെറുത്തു നില്‍പ്പും പ്രതിരോധവും വളര്‍ത്തിയെടുക്കുന്നതിന് എല്ലാ ശ്രമങ്ങളും ഉണ്ടാവേണ്ടതുണ്ട്. അമിതാധികാര സ്വഭാവം പ്രകടിപ്പിക്കുന്ന ഒരു ഭരണ സംവിധാനമാണ് ഇന്ത്യയില്‍ ഇന്നുള്ളത്. ഇവര്‍ ഭരണഘടനയേയോ അതിന്റെ ആശയങ്ങളേയോ അംഗീകരിക്കുന്നില്ല.

ഭരണഘടനയെ നിഷേധിക്കുകയും തള്ളിക്കളയുകയും ചെയ്യുകയാണിവര്‍. ഇന്ത്യന്‍ ജനാധിപത്യം സമാനതകളില്ലാത്ത വെല്ലുവിളികളെയാണ് ഇന്ന് അഭിമുഖീകരിക്കുന്നത്. ജനാധിപത്യ സ്ഥാപനങ്ങളെയാകെ ഇന്ന് തങ്ങളുടെ ഇങ്കിതത്തിനനുസരിച്ച് വളച്ചൊടിക്കപ്പെടുന്നു. അതാണ് പാര്‍ലിമെന്റില്‍ ഇപ്പോള്‍ നടക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കുന്നില്ല. എല്ലാ ചട്ടങ്ങളും ചവിട്ടിമെതിച്ചും ലംഘിച്ചും സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിയാണ് കര്‍ഷക നിയമം പാസാക്കിയത്. സമീപകാലത്ത് ലോകം കണ്ട ഏറ്റവും വലിയ സമരമായിരുന്നു കര്‍ഷകരുടെ തെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ എം ഏരിയ സെക്രട്ടറി ടി പി ഗോപാലന്‍ അധ്യക്ഷനായി. ഇ കെ വിജയന്‍ എംഎല്‍എ, ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം സി ഭാസ്‌കരന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ശ്രീധരന്‍, പി കെ ദിവാകരന്‍, ടി കെ കുഞ്ഞിരാമന്‍, മൊയാരത്തിന്റെ മകന്‍ ജനാര്‍ദ്ദനന്‍ മൊയാരത്ത്, പി ഹരീന്ദ്രനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. കെ സി പവിത്രന്‍ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14165/moyarath-auto-biogaraphy-relase-function)