---
title: "പുതുപ്പണം നോര്‍ത്ത് എസ്.ബി സ്‌കൂളിന് പുതിയ  കെട്ടിടം ഉടന്‍ നിര്‍മ്മിക്കണം:  കെ.കെ രമ എം.എല്‍.എ"
english_title: " Renewal North SB School New Construction of building should start soon: KK Rema MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14252/renewal-north-sb-school-new-construction-of-building-should-start-soon-kk-rema-mla"
published_at: "2021-12-03T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aa0d04009f7_kk rema mla .jpg"
keywords: []
---

# പുതുപ്പണം നോര്‍ത്ത് എസ്.ബി സ്‌കൂളിന് പുതിയ  കെട്ടിടം ഉടന്‍ നിര്‍മ്മിക്കണം:  കെ.കെ രമ എം.എല്‍.എ

> **Lead Summary:** വടകര: വിദ്യാര്‍ഥികള്‍ക്ക് പഠനം ദുരിതമായി മാറിയ പുതുപ്പണം നോര്‍ത്ത് എസ്.ബി സ്‌കൂളില്‍ കെ.കെ രമ എം.എല്‍.എ സന്ദര്‍ശനം നടത്തി. നൂറുവര്‍ഷത്തിലധികം പഴക്കമുള്ള സ്‌കൂളിന്റെ ഇന്നത്തെ സ്ഥിതി പരിതാപകരമാണ്. മാനേജ്‌മെന്റ് കാര്യക്ഷമമായി ഇടപെടാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് ആരോപിച്ച് നാട്ടുകാര്‍ സ്‌കൂള്‍ സംരക്ഷണ സമിതി രൂപീകരിച്ചിരുന്നു. ഇവര്‍ നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് എം.എല്‍.എ സന്ദര്‍ശനം നടത്തിയത്.

## Article Content

വടകര: വിദ്യാര്‍ഥികള്‍ക്ക് പഠനം ദുരിതമായി മാറിയ പുതുപ്പണം നോര്‍ത്ത് എസ്.ബി സ്‌കൂളില്‍ കെ.കെ രമ എം.എല്‍.എ സന്ദര്‍ശനം നടത്തി. നൂറുവര്‍ഷത്തിലധികം പഴക്കമുള്ള സ്‌കൂളിന്റെ ഇന്നത്തെ സ്ഥിതി പരിതാപകരമാണ്. മാനേജ്‌മെന്റ് കാര്യക്ഷമമായി ഇടപെടാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് ആരോപിച്ച് നാട്ടുകാര്‍ സ്‌കൂള്‍ സംരക്ഷണ സമിതി രൂപീകരിച്ചിരുന്നു. ഇവര്‍ നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് എം.എല്‍.എ സന്ദര്‍ശനം നടത്തിയത്.

കാലപ്പഴക്കവും മഴയും മൂലം സ്‌കൂള്‍ കെട്ടിടത്തിന്റെ ഒരുഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു. സ്‌കൂള്‍ തുറന്നതിനാല്‍ സ്വന്തമായി പ്രവര്‍ത്തിക്കാന്‍ കെട്ടിടമില്ലാത്തതിനാല്‍ താല്‍കാലികമായി മറ്റൊരു വാടക കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ അധ്യാപകരും, പി.ടി.എയും, സ്‌കൂള്‍ സംരക്ഷണ സമിതിയും നിരന്തരം ആവശ്യപ്പെട്ടിട്ടും പുതിയ കെട്ടിടം നിര്‍മിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകുന്നില്ല എന്നാണ് സ്‌കൂള്‍ സംരക്ഷണസമിതി പരാതിപ്പെടുന്നത്.

നൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ അധ്യാപകരടക്കം പത്തോളം ജീവനക്കാര്‍ തൊഴില്‍ ചെയ്യുന്നുണ്ട്. അധ്യാപകരുടെയും നാട്ടുകാരുടെയും കഠിനമായ ശ്രമഫലമായാണ് വാടക കെട്ടിടത്തില്‍ സ്‌കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അടിയന്തിര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടേയുമെല്ലാം ഭാവി അവതാളത്തിലാകുന്ന സ്ഥിതിയാണുള്ളത്.

സ്‌കൂളിന്റെ പരിതാപകരമായ അവസ്ഥ വിദ്യാഭ്യാസ മന്ത്രിയെ നേരില്‍കണ്ട് അറിയിച്ചതായും, പ്രശ്‌നത്തില്‍ അടിയന്തിരപ്രാധാന്യത്തോടെ ഇടപെടുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായും എം.എല്‍.എ പറഞ്ഞു. സ്‌കൂള്‍ സംരക്ഷിക്കാന്‍ വേണ്ട നടപടി മാനേജ്‌മെന്റ് ഉടന്‍ കൈക്കൊള്ളണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14252/renewal-north-sb-school-new-construction-of-building-should-start-soon-kk-rema-mla)