---
title: "#Tourism | താഴെ അങ്ങാടിയുടെ മുഖച്ഛായ മാറും; എം.എൽ.എയുടെ നേതൃത്വത്തിൽ ടൂറിസംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു"
english_title: "#thazheangadi #tourism #department #officials #visited #place #under #leadership #MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/142846/thazheangadi-tourism-department-officials-visited-place-under-leadership-mla"
published_at: "2023-08-31T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f0ab2b1937e_rama.jpg"
keywords: []
---

# #Tourism | താഴെ അങ്ങാടിയുടെ മുഖച്ഛായ മാറും; എം.എൽ.എയുടെ നേതൃത്വത്തിൽ ടൂറിസംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

> **Lead Summary:** ** വടകര:** തലശേരി ഹെറിറ്റേജ് പ്രൊജക്ടിന്റെ ഭാഗമായി വടകര താഴെ അങ്ങാടിയുടെ നവീകരണപ്രവർത്തിക്കുള്ള രൂപകൽപന തയാറാക്കാൻ വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥർ കെ.കെ രമ എം.എൽ.എയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. തലശേരി ഹെറിറ്റേജ് പ്രൊജക്ടിന്റെ ഭാഗമായി 2016ൽ അനുവദിച്ചു കിട്ടിയതാണ് താഴെ അങ്ങാടി നവീകരണ പദ്ധതി.

## Article Content

** വടകര:** തലശേരി ഹെറിറ്റേജ് പ്രൊജക്ടിന്റെ ഭാഗമായി വടകര താഴെ അങ്ങാടിയുടെ നവീകരണപ്രവർത്തിക്കുള്ള രൂപകൽപന തയാറാക്കാൻ വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥർ കെ.കെ രമ എം.എൽ.എയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. തലശേരി ഹെറിറ്റേജ് പ്രൊജക്ടിന്റെ ഭാഗമായി 2016ൽ അനുവദിച്ചു കിട്ടിയതാണ് താഴെ അങ്ങാടി നവീകരണ പദ്ധതി.

തലശേരി ഹെറിറ്റേജ് പ്രൊജക്ടിൽ തച്ചോളി മാണിക്കോത്ത് ക്ഷേത്ര നവീകരണത്തിന് 2.03കോടിയും താഴെഅങ്ങാടി നവീകരണത്തിന് 1.43 കോടിയുമാണ് വകയിരുത്തിയിരിക്കുന്നത്. ഇതിൽ തച്ചോളി മാണിക്കോത്ത് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

വടകരയുടെ ചരിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഇടമായ താഴെഅങ്ങാടിയെ പൈതൃക നഗരമെന്നനിലയിൽ നിലനിർത്താൻ കഴിയും വിധം പദ്ധതി ആവിഷ്കരിക്കും എന്ന് എം.എൽ.എ പറഞ്ഞു. ഈ ആവശ്യം നേരത്തെതന്നെ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

ഇപ്പോൾ അനുവദിക്കപ്പെട്ട തുക ഉപയോഗിച്ച് ആദ്യഘട്ട പ്രവർത്തികൾ പൂർത്തീകരിക്കും. ഇതിനാവശ്യമായ തരത്തിൽ റോഡ് വീതികൂട്ടൽ ഉൾപെടെ നടക്കേണ്ടതുണ്ട്.

പ്രദേശത്തെ സ്ഥല, കെട്ടിട ഉടമകളുടെയും, കച്ചവടക്കാരുടെയും നാട്ടുകാരുടെയുമെല്ലാം നിസ്സീമമായ സഹകരണത്തോടെ മാത്രമേ പ്രവൃത്തികൾക്ക് തുടക്കം കുറിക്കാൻ കഴിയു എന്നും എല്ലാ കാര്യങ്ങൾക്കുമെന്നപോലെ പ്രദേശവാസികൾ ഒറ്റക്കെട്ടായി പദ്ധതി നടത്തിപ്പിന് ഒപ്പമുണ്ടാവണമെന്നും എം.എൽ.എ പറഞ്ഞു.

ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ഷൈൻ.കെ.എസ്, അശ്വിൻ, എൻ.പി അബ്ദുള്ള ഹാജി, കൗൺസിലർ കെ. പി.ഷാഹിമ, ഫൈസൽ മാസ്റ്റർ, കെ.പി. നജീബ്, ശറഫുദ്ധീൻ, നൗഷാദ് കല്ലറയിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു. തുടർന്ന്എം.എൽ.എയും ഉദ്യോഗസ്ഥരും തച്ചോളിമാണിക്കോത്ത് ക്ഷേത്രവും സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/142846/thazheangadi-tourism-department-officials-visited-place-under-leadership-mla)