---
title: "#pakka | കാലത്തിനും അഭിരുചികൾക്കുമൊപ്പം ; വടകര പാക്കയിൽ കാർക്ക് പറയാനുള്ളത് നൂറുവർഷത്തെ കഥ "
english_title: "#time #tastes #Vadakara #Pakka #story #hundred #years #tell"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/142988/time-tastes-vadakara-pakka-story-hundred-years-tell"
published_at: "2023-09-01T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f19c44c62e6_pakka.jpg"
keywords: []
---

# #pakka | കാലത്തിനും അഭിരുചികൾക്കുമൊപ്പം ; വടകര പാക്കയിൽ കാർക്ക് പറയാനുള്ളത് നൂറുവർഷത്തെ കഥ 

> **Lead Summary:** **വടകര : **കുതിപ്പിന്റെയും കിതപ്പിന്റെയും നൂറുവർഷത്തെ കഥപറയാനുണ്ട്‌ വടകര പാക്കയിലെ സിമന്റ്‌പാത്ര യൂണിറ്റുകൾക്ക്‌. കാലത്തിനും മനുഷ്യന്റെ അഭിരുചികൾക്കുമൊപ്പം സഞ്ചരിച്ച ചരിത്രം കൂടിയാണത്. സിമന്റ് ശിൽപ്പങ്ങൾ മെനഞ്ഞുതുടങ്ങിയ പാരമ്പര്യത്തിൽനിന്ന്‌ മാലിന്യ സംസ്കരണത്തിനുള്ള റിങ് കമ്പോസ്റ്റിലും അനുബന്ധ ഉൽപ്പന്നങ്ങളുടെ നിർമാണത്തിലും എത്തിനിൽക്കുന്നു.

## Article Content

**വടകര : **കുതിപ്പിന്റെയും കിതപ്പിന്റെയും നൂറുവർഷത്തെ കഥപറയാനുണ്ട്‌ വടകര പാക്കയിലെ സിമന്റ്‌പാത്ര യൂണിറ്റുകൾക്ക്‌. കാലത്തിനും മനുഷ്യന്റെ അഭിരുചികൾക്കുമൊപ്പം സഞ്ചരിച്ച ചരിത്രം കൂടിയാണത്. സിമന്റ് ശിൽപ്പങ്ങൾ മെനഞ്ഞുതുടങ്ങിയ പാരമ്പര്യത്തിൽനിന്ന്‌ മാലിന്യ സംസ്കരണത്തിനുള്ള റിങ് കമ്പോസ്റ്റിലും അനുബന്ധ ഉൽപ്പന്നങ്ങളുടെ നിർമാണത്തിലും എത്തിനിൽക്കുന്നു.

കുടിവെള്ളം സംഭരിക്കാനുള്ള വീപ്പകളും ചെടിച്ചട്ടികളും കിണർ റിങ്ങും കുഴിക്കക്കൂസ് സ്ലാബും നിർമിച്ചിരുന്ന കാലത്തിൽനിന്നുള്ള അതിജീവനത്തിന്റെ ചുവടുമാറ്റംകൂടിയാണിത്. ഈ മാറ്റത്തിന്‌ കരുതലും കരുത്തും 14 വർഷംമുമ്പ് രൂപംകൊണ്ട പാക്കയിൽ സിമന്റ് ക്രാഫ്റ്റ് വർക്സ് ആൻഡ് വർക്കേഴ്സ് ഇൻഡസ്ട്രിയൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ആണ്.

പാക്കയിലെ അറുപതിലധികം വരുന്ന യൂണിറ്റുകൾക്ക്‌ സൊസൈറ്റിയാണ്‌ താങ്ങ്‌. തദ്ദേശസ്ഥാപനങ്ങൾ ജൈവമാലിന്യ സംസ്കരണത്തിന് വിതരണം ചെയ്യുന്ന റിങ് കമ്പോസ്റ്റ്, സോക്ക് പിറ്റ് എന്നിവയുടെ നിർമാണമാണ്‌ യുണിറ്റുകൾ ഏറ്റെടുക്കുന്നത്‌.

സിമന്റ് പൈപ്പുകളും ഉൽപ്പാദിപ്പിക്കുന്നു. ചിക്‌മംഗലൂർ, കുടക്, മൈസൂരു എന്നിവിടങ്ങളിലും കേരളത്തിലെ വിവിധ ജില്ലകളിലും റിങ് കമ്പോസ്റ്റും സോക്ക് പിറ്റും നിർമിച്ച് നൽകുന്നത് പാക്കയിൽനിന്നാണ്.

ശുചിത്വ മിഷന്റ അംഗീകാരവുമുണ്ട് സൊസൈറ്റിക്ക്. പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനുള്ള ആലോചനയിലാണ്‌ സൊസൈറ്റി. സർക്കാർ അക്രഡിറ്റേഷൻ ലഭിച്ചാൽ തദ്ദേശസ്ഥാപനങ്ങൾക്ക് ഉൽപ്പന്നങ്ങൾ നേരിട്ടെത്തിക്കാൻ സൊസൈറ്റിക്കാവും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/142988/time-tastes-vadakara-pakka-story-hundred-years-tell)