---
title: "#vatakara | ദുരിത ചൂളം വിളി; വടകരയിൽ ട്രെയിനുകൾക്ക് സ്റ്റോപ്പില്ല, യാത്രക്കാർ ദുരിതപ്പെരുവഴിയിൽ "
english_title: "#distress #call #Trains #stop #Vadakara #commuters #dire #straits"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/144996/distress-call-trains-stop-vadakara-commuters-dire-straits"
published_at: "2023-09-09T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc34f48d308_vatakara.jpg"
keywords: []
---

# #vatakara | ദുരിത ചൂളം വിളി; വടകരയിൽ ട്രെയിനുകൾക്ക് സ്റ്റോപ്പില്ല, യാത്രക്കാർ ദുരിതപ്പെരുവഴിയിൽ 

> **Lead Summary:** **വടകര : ** റോഡിൽ ഗതാഗതക്കുരുക്ക്, പാളത്തിൽ ദുരിത ഓട്ടവും .ദുരിത ചൂളം വിളിക്ക് എന്നൊരു അറുതിയുണ്ടാകും. വടകരയിൽ ട്രെയിനുകൾ പലതിനും സ്റ്റോപ്പില്ല . ഉള്ളവയിലാകട്ടെ കാല് കുത്താൻ ഇടവുമില്ല. അക്ഷരാർത്ഥത്തിൽ ട്രെയിൻ യാത്രക്കാർ ദുരിതപ്പെരുവഴിയിൽ .

## Article Content

**വടകര : ** റോഡിൽ ഗതാഗതക്കുരുക്ക്, പാളത്തിൽ ദുരിത ഓട്ടവും .ദുരിത ചൂളം വിളിക്ക് എന്നൊരു അറുതിയുണ്ടാകും. വടകരയിൽ ട്രെയിനുകൾ പലതിനും സ്റ്റോപ്പില്ല . ഉള്ളവയിലാകട്ടെ കാല് കുത്താൻ ഇടവുമില്ല. അക്ഷരാർത്ഥത്തിൽ ട്രെയിൻ യാത്രക്കാർ ദുരിതപ്പെരുവഴിയിൽ .

കോഴിക്കോട് ഭാഗത്തു നിന്ന് വടകരയിലേക്ക് വൈകിട്ട് 5 .40 നുള്ള ട്രെയിൻ പോയതിന് ശേഷം മറ്റൊരു ട്രെയിൻ വരണമെങ്കിൽ രാത്രി 9. 40 വരെ കാത്തിരിക്കേണ്ടി വരുന്നു. വടകര- കോഴിക്കോട് റൂട്ടിൽ റോഡ് മാർഗ്ഗമുള്ള യാത്ര ദുഷ്കരമായതിനാൽ വിദ്യാർത്ഥികളും, തൊഴിലാളികളും കച്ചവടക്കാരും രോഗികളും തുടങ്ങി ഒട്ടേറെ പേർ ട്രെയിൻ മാർഗ്ഗമാണ് യാത്ര ചെയ്യുന്നത്.

വൈകിട്ട് ഏഴുമണിക്ക് ഉണ്ടായിരുന്ന നേത്രാവതിയും കണ്ണൂർ എക്സ്പ്രസും ഇപ്പോൾ നേരത്തെ ആക്കിയതാണ് യാത്രക്കാരെ ഏറെ പ്രയാസപ്പെടുത്തുന്നത്. മാത്രവുമല്ല, കോഴിക്കോട് ഭാഗത്തുനിന്ന് വടകരയിലേക്കുള്ള ട്രെയിനുകളുടെ കുറവ് കാരണം നിലവിലുള്ള ട്രെയിനുകളിൽ ജനങ്ങൾ തിങ്ങിനിറഞ്ഞാണ് യാത്ര ചെയ്യുന്നത്.

റെയിൽവേ യാത്രക്കാരുടെ ദുരിതമകറ്റാൻ വടകരയിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ഒപ്പ് ശേഖരണവും കുത്തിയിരുപ്പ് സമരവും സംഘടിപ്പിക്കുമെന്ന് മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല പറഞ്ഞു.

വടകരയിലെ റെയിൽവേ യാത്രക്കാരുടെപ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെപ്റ്റംബർ 11ന് അഞ്ചുമണിക്ക് വടകര റെയിൽവേ സ്റ്റേഷന് മുമ്പിൽ അധികാരികൾക്ക് നൽകുന്ന നിവേദനത്തിൽ ജനകീയ ഒപ്പ് ശേഖരണവും കുത്തിയിരിപ്പ് സമരവും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറി ബഷീർ കെ കെ, അസീസ് വെള്ളോളി, സിദ്ധീഖ് പുത്തൂർ, സമദ് മാകൂൽ, ശറഫുദ്ധീൻ പി പി, സഫീർ വൈകിലശ്ശേരി, ഷബീർ ടി കെ, യാസർ പൂഴിത്തല എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/144996/distress-call-trains-stop-vadakara-commuters-dire-straits)