---
title: "#nipah | നിപ മരണം; ആയഞ്ചേരിയിൽ ഒൻപത് വാർഡുകൾ അടച്ചു, അതീവ ജാഗ്രത തുടരുന്നു"
english_title: "#nipah #death #nine #wards #closed #ayanchery "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/146092/nipah-death-nine-wards-closed-ayanchery"
published_at: "2023-09-13T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501c05fd0641_ayancheri.jpg"
keywords: []
---

# #nipah | നിപ മരണം; ആയഞ്ചേരിയിൽ ഒൻപത് വാർഡുകൾ അടച്ചു, അതീവ ജാഗ്രത തുടരുന്നു

> **Lead Summary:** **ആയഞ്ചേരി: ** കഴിഞ്ഞ ദിവസം മംഗലാട് അന്തരിച്ച മമ്പിളികുനി ഹാരിസിന്റെ മരണം നിപ ബാധയാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആയഞ്ചേരിയിൽ നടപ്പിലാക്കിയ അതീവ ജാഗ്രത നിർദ്ദേശങ്ങൾ തുടരുന്നു.

## Article Content

**ആയഞ്ചേരി: ** കഴിഞ്ഞ ദിവസം മംഗലാട് അന്തരിച്ച മമ്പിളികുനി ഹാരിസിന്റെ മരണം നിപ ബാധയാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആയഞ്ചേരിയിൽ നടപ്പിലാക്കിയ അതീവ ജാഗ്രത നിർദ്ദേശങ്ങൾ തുടരുന്നു.

പഞ്ചായത്തിലെ മിടിയേരി, അഞ്ചുകണ്ടം, കീരിയങ്ങാടി, തണ്ണീർപന്തൽ, കടമേരി, കടമേരി വെസ്റ്റ്, മംഗലാട്, പൊയിൽപാറ, കുറ്റിവയൽ എന്നീ ഒൻപതു വാർഡുകൾ കണ്ടെയിന്റ്മെന്റ് സോണായി പ്രഖ്യാപിക്കുകയും ബാരിക്കേഡ് കെട്ടി വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.

ഈ പ്രദേശങ്ങളിലെ സ്കൂൾ, മദ്രസ, അംഗൻവാടി, തുടങ്ങിയ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവധി പ്രഖ്യാപിച്ചു. തണ്ണീർപ്പന്തൽ ടൗണിലെ ഓട്ടോ, ജീപ്പ് ടാക്സി സർവീസുകളും ബസ് ഗതാഗതവും നിർത്തിവെക്കാൻ ആവശ്യപ്പെട്ടു.

ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില്പന കേന്ദ്രങ്ങൾ രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെ മാത്രമേ തുറന്നു പ്രവർത്തിക്കാവൂ എന്ന് നിർദ്ദേശം നൽകി. കണ്ടൈൻമെന്റ് സോണിൽ അനാവശ്യമായി കൂട്ടംകൂടി നിൽക്കുന്നതും ഈ പ്രദേശങ്ങളിൽ നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ പാടില്ലെന്നും പോലീസ് വകുപ്പിലെയും ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നൽകി.

സാമൂഹിക അകലം പാലിക്കാനും സാനിറ്റൈസർ, മാസ്ക് എന്നിവ നിർബന്ധമായും ഉപയോഗിക്കാനും ആവശ്യപ്പെട്ടു. ഏത് സാഹചര്യവും നേരിടാൻ പഞ്ചായത്ത് ഓഫീസിൽ 24 മണിക്കൂറും സേവനം ലഭിക്കുന്ന കൺട്രോൾ റൂം തുറന്നു പ്രവർത്തനം ആരംഭിച്ചു. ജാഗ്രതാ നിർദ്ദേശമുള്ള വാർഡുകളിൽ മൈക്ക് അനൗൺസ്മെൻ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/146092/nipah-death-nine-wards-closed-ayanchery)