---
title: "#nipah | നിപ മരണം; കടമേരി  മൂന്നാം വാർഡിൽ ജാഗ്രത തുടരുന്നു"
english_title: "#nipah #kadameri #vigilance #continues #third  #ward"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/146393/nipah-kadameri-vigilance-continues-third-ward"
published_at: "2023-09-14T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65033408c5502_aaaab.jpg"
keywords: []
---

# #nipah | നിപ മരണം; കടമേരി  മൂന്നാം വാർഡിൽ ജാഗ്രത തുടരുന്നു

> **Lead Summary:** **കടമേരി: **കടമേരി സമീപ പ്രദേശത്ത് നിപ ബാധയെ തുടർന്ന് മരണം നടന്ന സാഹചര്യത്തിൽ കണ്ടയ്ന്റ്‌മെന്റ് സോൺ ആയി പ്രഖ്യാപിച്ച മൂന്നാം വാർഡിൽ ജാഗ്രത നടപടികൾ തുടരുന്നു.

## Article Content

**കടമേരി: **കടമേരി സമീപ പ്രദേശത്ത് നിപ ബാധയെ തുടർന്ന് മരണം നടന്ന സാഹചര്യത്തിൽ കണ്ടയ്ന്റ്‌മെന്റ് സോൺ ആയി പ്രഖ്യാപിച്ച മൂന്നാം വാർഡിൽ ജാഗ്രത നടപടികൾ തുടരുന്നു.

വാർഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളായ കടമേരി എം യു പി സ്കൂൾ, കടമേരി സൗത്ത് എം എൽ പി സ്കൂൾ, റഹ്മാനിയ പബ്ലിക് സ്കൂൾ, കീരിയങ്ങാടി പ്ലസൻ്റ് പബ്ലിക് സ്കൂൾ, രണ്ട് അംഗൻവാടികൾ, കടമേരി മിഫ്താഹുൽ ഉലൂം സെക്കൻഡറി മദ്രസ എന്നിവക്ക് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവധി നൽകിയിരിക്കുകയാണ്.

കിരിങ്ങാടിയിൽ നിന്ന് മംഗലാട്, തണ്ണീർപ്പന്തൽ ഭാഗത്തേക്ക് പോകുന്ന കനാൽ റോഡുകൾ പോലീസ് അധികൃതർ ബാരിക്കേഡ് വച്ച് ഗതാഗത നിയന്ത്രണവിധേയമാക്കി. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെ മാത്രമേ തുറന്നു പ്രവർത്തിക്കാവൂ എന്ന് നിർദ്ദേശം നൽകി.

കണ്ടയ്ന്റ്‌മെന്റ് സോണിൽ നിന്ന് പുറത്തു പോകാനോ അതുപോലെ വാർഡിലേക്ക് പ്രവേശിക്കാനോ പാടില്ലെന്ന് ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. അനാവശ്യമായി കൂട്ടംകൂടി നിൽക്കുന്നതും പൊതുസമ്പർക്കം ഉണ്ടാവുന്ന തരത്തിലുള്ള മറ്റു കൂടിച്ചേരലുകളും ഒഴിവാക്കാനും ആവശ്യപ്പെട്ടു.

ഭയമോ ഭീതിയോ ഇല്ലാതെ സദാസമയവും ജാഗ്രതയോടെ നിൽക്കാനും മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കാനും ശുചിത്വം പാലിക്കാനും നിർദ്ദേശം നൽകി. ഏത് സാഹചര്യവും നേരിടാൻ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ആർ.ആർ.ടി. വളണ്ടിയർമാർ, ആശാവർക്കർ, വൈറ്റ് ഗാർഡ് അംഗങ്ങൾ മറ്റു സന്നദ്ധപ്രവർത്തകർ എന്നിവർ ജാഗരൂകരായി രംഗത്തുണ്ട്.

വാർഡിലെ മുഴുവൻ വീടുകളിലും സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ സർവ്വേ ആരംഭിച്ചു. രോഗലക്ഷണങ്ങൾ സമ്പർക്ക സാധ്യതകൾ, മറ്റു കാര്യങ്ങൾ എന്നിവ മനസ്സിലാക്കുന്നതിനു വേണ്ടിയാണ് സർവ്വേ നടപടികൾ ആരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/146393/nipah-kadameri-vigilance-continues-third-ward)