---
title: "#nipah | ആയഞ്ചേരി പഞ്ചായത്തിലെ കണ്ടയ്‌ൻമെന്റ് സോണുകൾ കുറ്റ്യാടി എം.എൽ.എ കെ. പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ സന്ദർശിച്ചു"
english_title: "#nipah #ayancheri #panchayath #containment #zones #kunjammadkutty #visited"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/146620/nipah-ayancheri-panchayath-containment-zones-kunjammadkutty"
published_at: "2023-09-15T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65047257342a8_kutyaadi.jpg"
keywords: []
---

# #nipah | ആയഞ്ചേരി പഞ്ചായത്തിലെ കണ്ടയ്‌ൻമെന്റ് സോണുകൾ കുറ്റ്യാടി എം.എൽ.എ കെ. പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ സന്ദർശിച്ചു

> **Lead Summary:** **ആയഞ്ചേരി:** നിപ ഭീതിയെ തുടർന്ന് അടച്ചുപൂട്ടിയ ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡുകളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി കാര്യങ്ങൾ വിലയിരുത്തി.

## Article Content

**ആയഞ്ചേരി:** നിപ ഭീതിയെ തുടർന്ന് അടച്ചുപൂട്ടിയ ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡുകളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി കാര്യങ്ങൾ വിലയിരുത്തി.

സമ്പർക്ക സാധ്യത ലിസ്റ്റിൽ ഉൾപ്പെട്ട് ക്വാറൻ്റയിനിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണം, മരുന്ന് എന്നിവ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ചു.

ബാരിക്കേഡ് കെട്ടി ഗതാഗതം സ്തംഭിപ്പിച്ചതിനാൽ അവശ്യവസ്തുക്കൾ എത്തിക്കുന്നതിന് പ്രയാസം അനുഭവപ്പെടുന്നതും ഡയാലിസിസ് ചെയ്യുന്നവർ ഉൾപ്പെടെയുള്ള രോഗികൾ സഞ്ചരിക്കുന്നതും കച്ചവട സ്ഥാപനത്തിലേക്ക് അത്യാവശ്യമായി വേണ്ട ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതും തടസ്സപ്പെടുന്ന കാര്യം പൊതുജനങ്ങൾ പങ്കുവെച്ചു.

തുടർന്ന് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു പരിഹാരമുണ്ടാക്കി. സമ്പർക്ക സാധ്യതയിൽ കഴിയുന്നവരുടെ രക്തം, കഫം, മൂത്രം എന്നിവ പരിശോധിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടത്തി.

ആവശ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർ, ട്രോമാ കെയർ വളണ്ടിയർമാർ, ആർ.ആർ.ടി. സന്നദ്ധ പ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.

അനാവശ്യ ഭീതിയോ ഭയമോ വേണ്ടന്നും നിലവിലെ ജാഗ്രത തുടരാനും പൊതുസമൂഹത്തോട് അഭ്യർത്ഥിച്ചു.

കുറ്റ്യാടി മണ്ഡലം എം.എൽ.എ. കെ. പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, പഞ്ചായത്ത് പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ, ബ്ലോക്ക് മെംബർ സി. എച്ച്. മൊയ്തു, വാർഡ് മെംബർ ടി.കെ. ഹാരിസ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/146620/nipah-ayancheri-panchayath-containment-zones-kunjammadkutty)