---
title: "#mla | വടകര - വില്യാപ്പള്ളി - ചേലക്കാട് റോഡ്;  ആക്ഷൻ കമ്മിറ്റി  ഉയർത്തുന്ന  അപവാദ പ്രചരണങ്ങൾ തള്ളിക്കളയണം -  എംഎൽഎമാർ"
english_title: "#vadakara #vilyapally #chelakad #road #slanderous #propaganda #raised #action #committee  #rejected - #mla"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/147312/vadakara-vilyapally-chelakad-road-slanderous-propaganda-raised-action-committee-rejected-mla"
published_at: "2023-09-18T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65083c7652c0f_mla.jpg"
keywords: []
---

# #mla | വടകര - വില്യാപ്പള്ളി - ചേലക്കാട് റോഡ്;  ആക്ഷൻ കമ്മിറ്റി  ഉയർത്തുന്ന  അപവാദ പ്രചരണങ്ങൾ തള്ളിക്കളയണം -  എംഎൽഎമാർ

> **Lead Summary:** **വടകര: ** വടകര - വില്യാപ്പള്ളി - ചേലക്കാട് റോഡ് വികസനവുമായി ബന്ധപ്പെട്ട് ആക്ഷൻ കമ്മിറ്റി ഉയർത്തുന്ന അപവാദ പ്രചരണങ്ങൾ തള്ളിക്കളയണമെന്ന് താലൂക്കിലെ മൂന്ന് എംഎൽഎമാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. കൈനാട്ടി -എടച്ചേരി -നാദാപുരം റോഡിനോടൊപ്പം അനുമതി ലഭിച്ച റോഡ് ആണ് വടകര വില്യാപ്പള്ളി ചേലക്കാട് റോഡ്.

## Article Content

**വടകര: ** വടകര - വില്യാപ്പള്ളി - ചേലക്കാട് റോഡ് വികസനവുമായി ബന്ധപ്പെട്ട് ആക്ഷൻ കമ്മിറ്റി ഉയർത്തുന്ന അപവാദ പ്രചരണങ്ങൾ തള്ളിക്കളയണമെന്ന് താലൂക്കിലെ മൂന്ന് എംഎൽഎമാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. കൈനാട്ടി -എടച്ചേരി -നാദാപുരം റോഡിനോടൊപ്പം അനുമതി ലഭിച്ച റോഡ് ആണ് വടകര വില്യാപ്പള്ളി ചേലക്കാട് റോഡ്.

റോഡ് നിർമ്മാണത്തിന് ഉടമകൾ ഭൂമി വിട്ടു നൽകും (ഫ്രീസറണ്ടർ) എന്ന മാനദണ്ഡത്തോടെയാണ് രണ്ട് റോഡുകൾക്കും അനുമതി ലഭിച്ചിട്ടുള്ളത്. 2017 -18 ബജറ്റ് സ്പീച്ചിൽ അന്നത്തെ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ച പ്രകാരം 10-07-2017 ൽ ആണ് വടകര - വില്യാപ്പള്ളി ചേലക്കാട് റോഡ് നിർമ്മാണത്തിന് അനുമതി ലഭിച്ചത്.

ഇതിൽ കൈനാട്ടി - എടച്ചേരി -നാദാപുരം റോഡ് ഇതിനകം ഉന്നത നിലവാരത്തിലായിക്കഴിഞ്ഞു. വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് ഇപ്പോഴും പഴയ അവസ്ഥയിൽ തന്നെയാണ്. ഈ റോഡ് വികസനത്തെ സംബന്ധിച്ച് ആക്ഷൻ കമ്മിറ്റി ഉയർത്തുന്ന ചില അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ചില മാധ്യമങ്ങളിൽ വന്നത് ശ്രദ്ധയിൽപ്പെട്ടു. ആയതിന്റെ അടിസ്ഥാനത്തിൽ വസ്തുതാപരമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നതായി എംഎൽഎമാർ പറഞ്ഞു.

വടകര -വില്യാപ്പള്ളി - ചേലക്കാട് റോഡ് നിർമ്മിക്കുന്നത് ഉടമകളുടെ ഭൂമി അക്വയർ ചെയ്തു കൊണ്ടല്ല. പകരം ഉടമകളുടെ സമ്മതത്തോടെ ഭൂമി വിട്ടു നൽകി കൊണ്ടാണ്. ഇത്തരത്തിൽ ഉടമകളുടെ സമ്മതപ്രകാരം ഭൂമി വിട്ടു നൽകുന്നതിന്റെ അടിസ്ഥാനത്തിലാണ് റോഡ് നിർമ്മിക്കുന്നത് എന്ന് അന്ന് തന്നെ ഉത്തരവ് ആയിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ലാൻഡ് അക്വിസിഷൻ ചെലവിനായി തുക ഈ പദ്ധതിയിൽ വകയിരുത്തിയിട്ടില്ല.

ഫ്രീ സറണ്ടർ പ്രകാരം റോഡ് പ്രവർത്തി നടത്തി സംസ്ഥാനത്തെ നിരവധി റോഡുകൾ ഇതിനകം ഉന്നത നിലവാരത്തിൽ എത്തിക്കഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ നിരവധി റോഡുകൾ ഫ്രീസറണ്ടർ പ്രകാരം ഉന്നത നിലവാരത്തിലേക്ക് ഉയരുന്ന കാര്യം നമുക്ക് അറിയാവുന്നതാണ്.

റോഡ് വികസനത്തിനായി ഭൂമി വിട്ടു നൽകുന്നവരുടെ ജീവനോപാധികൾ നിലനിർത്തുന്നതിന് ആവശ്യമായ ഘടകങ്ങളും,ചുറ്റു മതിൽ പുനർനിർമ്മാണവും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തണമെന്ന് മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെടുകയും ആയതിന് അദ്ദേഹം അനുമതി നൽകുകയുമാണ് ഉണ്ടായത്.

തുടർന്ന് ഈ ഘടകങ്ങൾ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തുന്നതിന് കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയ കെ എം എബ്രഹാം ഐഎഎസ്, ഈ പദ്ധതി നടപ്പിലാക്കുന്ന ഏജൻസിയായ കെ ആർ എഫ് ബിക്ക് 28 -9 -2022ന് രേഖാമൂലം നിർദ്ദേശം നൽകുകയും ഉണ്ടായി. ഈ നിർദ്ദേശത്തെ തുടർന്ന്, കിഫ്ബിയുടെ നേതൃത്വത്തിൽ നടന്ന സ്ഥലപരിശോധനയ്ക്ക് ശേഷമാണ് ഇതിനായി ആവശ്യമായ തുക എസ്റ്റിമേറ്റിൽ വകയിരുത്തിയത്.

സ്വമേധയാ ഭൂമി വിട്ടു നൽകുന്നവരെ സഹായിക്കണം എന്ന് ലക്ഷ്യം വെച്ച് തന്നെയാണ് ഈ രീതിയിൽ എസ്റ്റിമേറ്റ് തയ്യാറാക്കാനുള്ള നടപടി സ്വീകരിച്ചത്. നഷ്ടപരിഹാരത്തിനായി മാറ്റിവെച്ച തുക വക മാറ്റം ചെയ്ത് കരാറുകാർക്ക് നൽകാനാണെന്ന ആക്ഷൻ കമ്മിറ്റിയുടെ ആരോപണത്തിൽ ഒരു കഴമ്പുമില്ല എന്നത് ഏവർക്കും മനസ്സിലാകും. ഇത്തരത്തിൽ സർക്കാർ സ്വീകരിച്ച അനുഭാവപൂർണ്ണമായ നടപടിക്ക് ആക്ഷൻ കമ്മിറ്റിയുടെ സമരവുമായി ഒരു ബന്ധവുമില്ല.

വിവിധ യോഗങ്ങളിൽ ജനങ്ങൾ ഉന്നയിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയിലേക്ക് സർക്കാർ നീങ്ങുന്നത്. വസ്തുത ഇതായിരിക്കെ, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള വ്യാജ പ്രചരണങ്ങൾ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുകയാണ്.ഈ വ്യാജ പ്രചരണങ്ങൾ നടത്തുന്നതു കൊണ്ടുള്ള ലക്ഷ്യം ദുരൂഹമാണ് എന്ന കാര്യവും കൂടി അറിയിക്കുന്നു.

ഉടമകൾ എത്രയും വേഗം ഭൂമി വിട്ടു നൽകുന്നതിനുള്ള സമ്മതപത്രം നൽകിയാൽ , പദ്ധതി സമയബന്ധിതമായി തന്നെ നടപ്പിലാക്കാൻ സാധിക്കുന്നതാണെന്നും എംഎൽഎമാരായ ഇ കെ വിജയൻ, കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ, കെ കെ രമ എന്നിവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/147312/vadakara-vilyapally-chelakad-road-slanderous-propaganda-raised-action-committee-rejected-mla)