---
title: "#complaint |വടകരയിൽ ഹജ്ജിന് അവസരം നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി"
english_title: "#lakhs #people #cheated #give #chance #Hajj #vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/147716/lakhs-people-cheated-give-chance-hajj-vadakara-new"
published_at: "2023-09-20T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650ab96ee4ae0_travel.jpg"
keywords: []
---

# #complaint |വടകരയിൽ ഹജ്ജിന് അവസരം നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി

> **Lead Summary:** **വടകര: ** ഇക്കഴിഞ്ഞ ഹജ്ജ് കർമ്മത്തിന് അവസരം നൽകാമെന്ന് പറഞ്ഞ് നൂറുകണക്കിന് വിശ്വാസികളോട് ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചതായി പരാതി. വടകര പുതിയ ബസ് സ്റ്റാന്റിന് സമീപം പ്രവർത്തിക്കുന്ന ട്രാവൽസിനെതിരെയാണ് വിശ്വാസികൾ പരാതി പ്രളയവുമായി രംഗത്തെത്തിയത്.

## Article Content

**വടകര: ** ഇക്കഴിഞ്ഞ ഹജ്ജ് കർമ്മത്തിന് അവസരം നൽകാമെന്ന് പറഞ്ഞ് നൂറുകണക്കിന് വിശ്വാസികളോട് ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചതായി പരാതി. വടകര പുതിയ ബസ് സ്റ്റാന്റിന് സമീപം പ്രവർത്തിക്കുന്ന ട്രാവൽസിനെതിരെയാണ് വിശ്വാസികൾ പരാതി പ്രളയവുമായി രംഗത്തെത്തിയത്.

ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിന് സ്വകാര്യ ഗ്രൂപ്പ് വഴി അവസരം ഉണ്ടെന്നു പറഞ്ഞു ആറുമാസം മുമ്പ് പാസ്പോർട്ടും ലക്ഷക്കണക്കിന് രൂപയും ആണ് മുൻകൂറായി ട്രാവൽ ഏജൻസി വാങ്ങിച്ചത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നായി നിരവധി പേരാണ് ഇവർക്ക് ഒന്നര ലക്ഷം മുതൽ 5 ലക്ഷം വരെ രൂപയും പാസ്പോർട്ടും മുൻകൂറായി നൽകിയത്.

യാത്രയുടെയും താമസത്തിന്റെയും സൗകര്യവും കേരളീയ ഭക്ഷണവും ഉൾപ്പെടെ വമ്പിച്ച വാഗ്ദാനങ്ങളാണ് ട്രാവൽസ് യാത്രികർക്ക് നൽകിയത്. അതുകൊണ്ടു തന്നെ സർക്കാർ ക്വാട്ടയിൽ പോകാൻ പ്രയാസമുള്ളവരും ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരും കൂടുതലായും പ്രായമുള്ള സ്ത്രീകളുമാണ് ഇവർക്ക് അപേക്ഷ നൽകിയത്.

പണം നൽകിയവരെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അതിലൂടെയാണ് ട്രാവൽ അധികൃതർ കാര്യങ്ങൾ വിശദീകരിച്ചിരുന്നത്. ഓരോ ദിവസവും യാത്രയുടെ പുരോഗതി എന്തായി എന്ന് അന്വേഷിക്കുമ്പോൾ എല്ലാം റെഡിയായിട്ടുണ്ട് പോകുന്ന തീയതിയും സമയവും കൃത്യമായി ഗ്രൂപ്പുകൾ മുഖേന നിങ്ങളെ അറിയിക്കുമെന്നാണ് മറുപടി പറഞ്ഞിരുന്നത് എന്ന് പറയുന്നു.

അതിനിടെ പണം നൽകിയവരുടെ പേരും പാസ്പോർട്ട് നമ്പറും മറ്റും രേഖപ്പെടുത്തിയ ചില പ്രിൻറ് പേപ്പറുകൾ ഗ്രൂപ്പിൽ ഇടുകയും ഇവർ ഒരുങ്ങി നിൽക്കണമെന്ന് ഇടയ്ക്കിടക്ക് പറയുകയും ചെയ്താതായ് പറയുന്നു. അത് പ്രകാരം ലക്ഷങ്ങൾ മുടക്കി യാത്രയയപ്പ് പരിപാടികൾ സംഘടിപ്പിക്കുകയും യാത്രക്കുള്ള സാധനസാമഗ്രികൾ ആയിരക്കണക്കിന് രൂപ വിലകൊടുത്ത് വാങ്ങിക്കുകയും ചെയ്തു.

എന്നാൽ സർക്കാർ മുഖേനയും മറ്റു സ്വകാര്യ ഗ്രൂപ്പുകൾ വഴിയും അപേക്ഷ കൊടുത്തവർ ഓരോ ദിവസങ്ങളിലായി ഹജ്ജിന് പുറപ്പെടുമ്പോഴും ഇവർ പോകുന്നതിനെക്കുറിച്ചുള്ള അറിയിപ്പുകളോ മറ്റോ നൽകിയിരുന്നില്ല. ഒടുവിൽ കേരളത്തിൽ നിന്ന് അവസാന ഹജ്ജ് വിമാനവും പുറപ്പെട്ടപ്പോഴാണ് തങ്ങൾ വഞ്ചിക്കപ്പെട്ടതായി പണം നൽകിയവർക്ക് മനസ്സിലായി തുടങ്ങിയതെന്നും പറയപ്പെടുന്നു.

ജീവിതാഭിലാഷമായ ഹജ്ജ് കർമ്മത്തിന് വർഷങ്ങളായി സ്വരുക്കൂട്ടിയ പൈസയും നൽകി വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഹജ്ജ് എന്ന സ്വപ്നം മുടങ്ങാൻ പോകുന്നു എന്നറിഞ്ഞിട്ടും ഹജ്ജിന്റെ പവിത്രതയും മറ്റും കണക്കിലെടുത്ത് സ്ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസികൾ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. ഈ വിശ്വാസത്തെയാണ് ട്രാവൽ ഏജൻസികൾ പരമാവധി ചൂഷണം ചെയ്തത്.

വലിയ യാത്രയപ്പ് പരിപാടികളും മറ്റും കഴിച്ചതിനുശേഷം യാത്ര മുടങ്ങിയവർ ഏറെ മനപ്രയാസത്താൽ എത്ര തുക കൊടുത്തും ഹജ്ജിന് പോകാൻ തയ്യാറാണെന്ന് മനസ്സിലാക്കിയ ട്രാവൽ അധികൃതർ അവരിൽ നിന്ന് സർക്കാർ നിരക്കിന്റെ ഇരട്ടിത്തുക വാങ്ങി കൊള്ളലാഭം എടുത്ത് ചില ഇടനിലക്കാർ വഴി ഹജ്ജ് എന്ന കർമ്മത്തിന് എത്തിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.

ബഹുഭൂരിഭാഗം പേർക്കും ആറുമാസം കഴിഞ്ഞിട്ടും അടച്ച പണമോ പാസ്പോർട്ടോ തിരികെ ലഭിക്കാത്തതിനെ തുടർന്ന് അതിനെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം പല കാരണങ്ങൾ പറഞ്ഞു അവധി നീട്ടിക്കൊണ്ടു പോവുകയാണ് ചെയ്യുന്നത് എന്നും പറയപ്പെടുന്നതത്രേ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/147716/lakhs-people-cheated-give-chance-hajj-vadakara-new)