---
title: "#trafficcontrol | പെരുവാട്ടുംതാഴ മേൽപ്പാലം പണി സജീവം; ജങ്ഷൻ കേന്ദ്രീകരിച്ച് ഗതാഗത നിയന്ത്രണം"
english_title: "#peruvattumthazha #flyover #construction #underway #traffic #control #centered #junction"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/148408/peruvattumthazha-flyover-construction-underway-traffic-control-centered-junction"
published_at: "2023-09-23T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650e9bcfe0b8f_first_news.jpg"
keywords: []
---

# #trafficcontrol | പെരുവാട്ടുംതാഴ മേൽപ്പാലം പണി സജീവം; ജങ്ഷൻ കേന്ദ്രീകരിച്ച് ഗതാഗത നിയന്ത്രണം

> **Lead Summary:** **വടകര: **വടകര ദേശീയപാതയിൽ പെരുവാട്ടുംതാഴ മേൽപ്പാലം പണി സജീവമായതോടെ പെരുവാട്ടുംതാഴ ജങ്ഷൻ കേന്ദ്രീകരിച്ച് ഗതാഗത നിയന്ത്രണം തുടങ്ങി. വടകര ബൈപ്പാസ് വഴി നേരെ പുതിയ സ്റ്റാൻഡിലേക്ക് പോകുന്ന തരത്തിലാണ് ബസുകളുടെ റൂട്ട് പുനഃക്രമീകരിച്ചത്.

## Article Content

**വടകര: **വടകര ദേശീയപാതയിൽ പെരുവാട്ടുംതാഴ മേൽപ്പാലം പണി സജീവമായതോടെ പെരുവാട്ടുംതാഴ ജങ്ഷൻ കേന്ദ്രീകരിച്ച് ഗതാഗത നിയന്ത്രണം തുടങ്ങി. വടകര ബൈപ്പാസ് വഴി നേരെ പുതിയ സ്റ്റാൻഡിലേക്ക് പോകുന്ന തരത്തിലാണ് ബസുകളുടെ റൂട്ട് പുനഃക്രമീകരിച്ചത്.

തലശ്ശേരി ഭാഗത്തുനിന്നു വരുന്ന ബസുകളും ലോറികളും ഉൾപ്പെടെയുളള വലിയ വാഹനങ്ങൾ ഇനി നേരെ ബൈപ്പാസിലൂടെ പോകണം. പഴയ സ്റ്റാൻഡ് റോഡിലേക്ക് പ്രവേശനമില്ല. പെരുവാട്ടുംതാഴയിൽനിന്ന് പഴയസ്റ്റാൻഡിലേക്ക് വരേണ്ട ചെറിയ വാഹനങ്ങൾ പാലത്തിന്റെ കിഴക്കുവശത്തുകൂടി പോയി റോക്കി ബിൽഡിങിനു സമീപത്തുനിന്ന്‌ യു ടേൺ എടുത്ത് റോഡിന്റെ മറുവശത്തെത്തി പഴയസ്റ്റാൻഡ് റോഡിലേക്ക് പ്രവേശിക്കണം.

ജനതാസീയെം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് ഇടതുവശം ചേർന്ന് ദേശീയപാതയിലേക്ക് കടക്കുന്നതിന് നിയന്ത്രണമില്ല. മുന്നറിയിപ്പില്ലാതെ നടത്തിയ ഈ പരിഷ്‌കാരത്തെക്കുറിച്ച് വ്യാഴാഴ്ച മാത്രമാണ് ബസുകാർ അറിഞ്ഞത്.

തലശ്ശേരിയിൽനിന്നുവരുന്ന സാധാരണ ബസുകളും കുറ്റ്യാടി, തൊട്ടിൽപ്പാലം, ഓർക്കാട്ടേരി ഭാഗത്തുനിന്നുവരുന്ന സ്വകാര്യബസുകളും നേരെ പുതിയസ്റ്റാൻഡിലേക്ക് പോകുന്നതരത്തിലാണ് ആദ്യം പരിഷ്കാരം നടപ്പാക്കിയതെങ്കിലും വെള്ളിയാഴ്ച മുതൽ ഇതിൽ മാറ്റംവരുത്താൻ ട്രാഫിക് പോലീസും ബസ്സുടമകളും ധാരണയായിട്ടുണ്ട്.

തലശ്ശേരിയിൽ നിന്നുള്ള ബസുകൾ അടയ്ക്കാത്തെരു ജങ്ഷനിൽ നിന്ന് മാർക്കറ്റ് റോഡ് വഴിയും കുറ്റ്യാടി, തൊട്ടിൽപ്പാലം ഭാഗത്തുനിന്നുള്ള ബസുകൾ ലിങ്ക്റോഡ് വഴിയും പഴയസ്റ്റാൻഡ് പരിസരത്ത് എത്താനാണ് ധാരണ. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ പരിഷ്‌കാരം. സാധാരണയായി ഗതാഗതപരിഷ്‌കാരം നടപ്പാക്കുമ്പോൾ മുൻകൂട്ടി മാധ്യമങ്ങൾ വഴിയും മറ്റും പൊതുജനങ്ങളെ അറിയിക്കും.

എന്നാൽ, ഈ പരിഷ്‌കാരത്തിൽ അതുണ്ടായില്ല. മാസങ്ങളോളം തുടരേണ്ട ഗതാഗതനിയന്ത്രണമാണിത്. പാലംപണി ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഇതുവരെ ഗതാഗതം നടത്തിയിരുന്ന റോഡിന്റെ പകുതിയോളംഭാഗം ഷീറ്റുകൊണ്ട് മറച്ചിട്ടുണ്ട്.

** ട്രാഫിക്ക് പഴയ രീതിയിൽ മാറ്റണം**

പെരുവാട്ടുംതാഴയിൽ നിന്ന്‌ വി ഒ റോഡ്, ജൂബിലി ടാങ്ക് റോഡ്, പഴയ ബസ് സ്റ്റാൻഡ് വഴി പുതിയ ബസ് സ്റ്റാൻഡിലേക്ക് ഓടിയ ബസുകൾ ഇതേ വഴിയിലൂടെ തന്നെ യാത്ര പോവാൻ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി വീരഞ്ചേരി യൂണിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പെരുവാട്ടുംതാഴ ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായാണ് അശാസ്ത്രീയമായി ബൈപ്പാസ് വഴി പഴയ ബസ് സ്റ്റാൻഡിലേക്ക് ട്രാഫിക്ക് മാറ്റിയത്.

ഇതു വഴി വ്യാപാരികൾക്കും വിവിധ ആശുപത്രികളിൽ പോകുന്നവർക്കും മറ്റും ദുരിതം ഏറെയാണ്. പ്രസിഡണ്ട് പി കെ സുധീർ അദ്ധ്യക്ഷത വഹിച്ചു. ടി ഇ ഷാനു, കെ പത്മനാഭൻ, പി ഷാജി, മനോജ് വർണ്ണം എന്നിവർ സംസാരിച്ചു. പെരുവാട്ടുംതാഴയിൽനിന്ന്‌ ജനതാസീയെം സ്റ്റോപ്പ് വഴി പഴയ ബസ്‌സ്റ്റാൻഡിലേക്ക് സ്വകാര്യബസുകളെയും മറ്റ് വാഹനങ്ങളും കടത്തിവിടണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/148408/peruvattumthazha-flyover-construction-underway-traffic-control-centered-junction)