---
title: "കീഴലില്‍ കലാ സാംസ്‌കാരിക സമിതികേന്ദ്രം തകര്‍ത്ത  സംഭവത്തില്‍  80 പേര്‍ക്കെതിരെ കേസെടുത്തു"
english_title: " Destroyed the Center for Arts and Culture A case has been registered against 80 people in the incident"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14892/destroyed-the-center-for-arts-and-culture-a-case-has-been-registered-against-80-people-in-the-incident"
published_at: "2021-12-07T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af3082dd2f1_akshara muttam.jpg"
keywords: []
---

# കീഴലില്‍ കലാ സാംസ്‌കാരിക സമിതികേന്ദ്രം തകര്‍ത്ത  സംഭവത്തില്‍  80 പേര്‍ക്കെതിരെ കേസെടുത്തു

> **Lead Summary:** വടകര : സമന്വയ കലാ സാംസ്‌കാരിക സമിതിയുടെ അക്ഷര മുറ്റം കലാകേന്ദ്രം തകര്‍ത്ത സംഭവത്തില്‍ 80 പേര്‍ക്കെതിരെ വടകര പോലീസ് കേസെടുത്തു. അതിക്രമിച്ചു കടക്കുക,അക്രമം ഉണ്ടാക്കുക , പ്രകോപനം സൃഷ്ടിക്കുക തുടങ്ങി തുടങ്ങി ആറോളം വകുപ്പുകള്‍ ചേര്‍ന്നാണ് കേസെടുത്തിരിക്കുന്നത്.

## Article Content

വടകര : സമന്വയ കലാ സാംസ്‌കാരിക സമിതിയുടെ അക്ഷര മുറ്റം കലാകേന്ദ്രം തകര്‍ത്ത സംഭവത്തില്‍ 80 പേര്‍ക്കെതിരെ വടകര പോലീസ് കേസെടുത്തു. അതിക്രമിച്ചു കടക്കുക,അക്രമം ഉണ്ടാക്കുക , പ്രകോപനം സൃഷ്ടിക്കുക തുടങ്ങി തുടങ്ങി ആറോളം വകുപ്പുകള്‍ ചേര്‍ന്നാണ് കേസെടുത്തിരിക്കുന്നത്.

ഞായറാഴ്ച രാത്രിയോടെ കീഴല്‍ മുക്കില്‍ നിന്നും ആരംഭിച്ച സിപിഎം പ്രതിഷേധ പ്രകടനം സാംസ്‌കാരിക വേദിയുടെ അക്ഷരമുറ്റം കേന്ദ്രത്തിന് അടുത്ത് എത്തിയതോടെ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറി തകര്‍ത്തെന്നാണ് കേസ്. കഴിഞ്ഞ ഞായറാഴ്ച ഈ ശ്രമം രജിസ്‌ട്രേഷന്‍ പരിപാടിക്ക് കലാ സാംസ്‌കാരിക സമിതി സ്ഥലം വിട്ടു നല്‍കിയിരുന്നു.

സിപിഎം അനുഭാവികള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിച്ചേര്‍ന്ന രജിസ്‌ട്രേഷന്‍ ക്യാമ്പിലെ ജനസ്വീകാര്യത പ്രദേശത്തെ സിപിഎം നേതൃത്വത്തിന് അമര്‍ഷം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഞായറാഴ്ച രാത്രിയോടെ കലാകേന്ദ്രം അടിച്ചു തകര്‍ക്കുന്നത്.

സമീപകാലത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്ത പ്രദേശത്തെ വീണ്ടും കലാപ ഭൂമിയാക്കി മാറ്റുകയാണ് - ബിജെപി ആരോപിച്ചു. അക്രമത്തില്‍ ഏകദേശം 80,000 രൂപയുടെ അടുത്ത് നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

**

*സാംസ്‌കാരിക കേന്ദ്രം തകര്‍ത്തതില്‍ വ്യാപക പ്രതിഷേധം***

വടകര: സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് മേമുണ്ട ലോക്കല്‍ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സിപിഎം കലാസാംസ്‌കാരിക കേന്ദ്രത്തിനെതിരെ നടത്തിയ അക്രമം കഴിഞ്ഞ ദിവസം വടകരയില്‍ വിഭാഗീയതയില്‍ അവസാനിച്ച ഏരിയ സമ്മേളനത്തിന്റെ ജാള്യത മറക്കാന്‍ ആണെന്ന് ബിജെപി നേതൃത്വം കുറ്റപ്പെടുത്തി.

ജനകീയ പദ്ധതികള്‍ സാധാരണക്കാരായ ജനങ്ങളില്‍ എത്തിക്കാന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് സ്ഥലവും സൗകര്യവും നല്‍കിയതിന് സിപിഐഎം കലാകേന്ദ്രം തച്ചു തകര്‍ത്തത് അങ്ങേയറ്റം അപലപനീയമാണെന്ന് ബിജെപി വില്യാപ്പള്ളി മണ്ഡലം പ്രസിഡണ്ട് എം കെ രജീഷ് കുറ്റപ്പെടുത്തി. ബിജെപി നേതാക്കളോടൊപ്പം അദ്ദേഹം സ്ഥലവും സന്ദര്‍ശിച്ചു.

കലാ സാംസ്‌കാരിക സമിതി കുട്ടികളുടെ പരിപാടികള്‍ നടത്താനായി ഒരുക്കിയ അക്ഷരമുറ്റം കേന്ദ്രം അടിച്ചുതകര്‍ത്ത സംഭവത്തില്‍ സമന്വയ കലാ സാംസ്‌കാരിക സമിതി പ്രതിഷേധിച്ചു. പ്രദേശത്തെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക വാസനകള്‍ അവതരിപ്പിക്കാനുള്ള വേദിയാണ് ഞായറാഴ്ച ആക്രമിക്കപ്പെട്ടത്. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ എത്തിച്ച മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് കലാ സമിതി സെക്രട്ടറി പത്രക്കുറിപ്പില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14892/destroyed-the-center-for-arts-and-culture-a-case-has-been-registered-against-80-people-in-the-incident)