---
title: "ദേശീയപാത വർക്കിങ് പ്ലാന്റിലെ ചെളി, നാട്ടുകാർ ഉപരോധിച്ചു, എം.എൽ.എ ഇടപെട്ട് പരിഹാരം"
english_title: "Mud at the National Highway Working Plant, blocked by locals, MLA intervened and resolved"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14960/mud-at-the-national-highway-working-plant-blocked-by-locals-mla-intervened-and-resolved"
published_at: "2021-12-07T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af835100b41_.jpg"
keywords: []
---

# ദേശീയപാത വർക്കിങ് പ്ലാന്റിലെ ചെളി, നാട്ടുകാർ ഉപരോധിച്ചു, എം.എൽ.എ ഇടപെട്ട് പരിഹാരം

> **Lead Summary:** **വടകര**: ദേശീയപാതയുടെ ജോലി ഏറ്റെടുത്ത കമ്പനിയുടെ സഹകരണ ആശുപത്രിയുടെ സമീപമുള്ള വർക്കിങ് പ്ലാന്റിൽനിന്നുള്ള ചെളിമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാത്തതിനെ തുടർന്ന് സമീപത്തെ ആംബുലൻസ് ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് സ്ഥലത്ത് ഉപരോധം നടത്തി. ഇതിനെതുടർന്ന് എം.എൽ.എ സ്ഥലത്തെത്തി.

## Article Content

**വടകര**: ദേശീയപാതയുടെ ജോലി ഏറ്റെടുത്ത കമ്പനിയുടെ സഹകരണ ആശുപത്രിയുടെ സമീപമുള്ള വർക്കിങ് പ്ലാന്റിൽനിന്നുള്ള ചെളിമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാത്തതിനെ തുടർന്ന് സമീപത്തെ ആംബുലൻസ് ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് സ്ഥലത്ത് ഉപരോധം നടത്തി. ഇതിനെതുടർന്ന് എം.എൽ.എ സ്ഥലത്തെത്തി.

ഇവിടെ ചെളി നിറയുന്നതിനാൽ ദേശീയപാതയിൽ നിരന്തരം അപകടങ്ങളുണ്ടാവുകയാണ്. കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ മാത്രം നാലോളം ബൈക്കുകളാണ് തെന്നിവീണ് അപകടത്തിൽപെട്ടത്. വലിയ വാഹനങ്ങൾ റോഡിലൂടെ കടന്നു പോകുമ്പോൾ കരിമ്പനപ്പാലം വരെ നിറയുന്ന പൊടിപടലങ്ങൾ കാരണം ചെറു വാഹനങ്ങൾക്കും പരിസര വാസികൾക്കും, ദേശീയപാതയുടെ ഓരത്തുള്ള കച്ചവടക്കാരും വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചു വരുന്നത്.

മാസങ്ങൾക്കുമുൻപ് എം.എൽ.എ ഈ വിഷയത്തിൽ ഇടപെട്ടിരുന്നു. അന്ന് കമ്പനി ദേശീയപാത വൃത്തിയാക്കി ഇനിമേൽ പ്രശ്നങ്ങളുണ്ടാകില്ലെന്ന് ഉറപ്പുനൽകിയതാണ്. എന്നാൽ ഇത് പാലിക്കപ്പെട്ടില്ല. അന്ന് വിഷയം ജില്ലാ വികസനസമിതിയിലും കലക്ടറെയും അറിയിച്ചിരുന്നു.

എന്നാൽ കമ്പനിയും ദേശീയപാത അതോറിറ്റിയും ഈ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കിയില്ല. ഇന്നലെ നാട്ടുകാർ ഉപരോധിച്ചതോടെ സ്ഥലത്തെത്തിയ എം.എൽ.എ കമ്പനി പ്രതിനിധികളോടും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരോടും സംസാരിച്ചു. വടകര തഹസിൽദാരും ഒപ്പമുണ്ടായിരുന്നു.

പ്രശ്നത്തിൽ ഉടൻ പരിഹാരം കാണണമെന്ന് നിർദേശം നൽകി. വർക്കിങ് പ്ലാന്റിൽനിന്നുള്ള ചെളി ഇനിയും റോഡിലേക്ക് ഒഴുകുന്ന അവസ്ഥയുണ്ടായാൽ കർശന നടപടിയെടുക്കുമെന്ന് എം.എൽ.എ കമ്പനിയെ അറിയിച്ചു. വടകര പൊലിസും തഹസിൽദാറും സ്ഥലത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14960/mud-at-the-national-highway-working-plant-blocked-by-locals-mla-intervened-and-resolved)